പഹൽഗാം ഭീകരാക്രമണത്തിന് ശേഷം , ഇന്ത്യയുടെ നടപടിയിൽ പാകിസ്ഥാൻ സൈന്യം ഏറെ പരിഭ്രാന്തിയിലാണ് ..വെല്ലുവിളിച്ചവർ ജീവനും കൊണ്ടോടി; ഇന്ത്യയെ ഭയന്ന് സ്വന്തം കുടുംബത്തെ സ്വകാര്യ ജെറ്റിൽ വിദേശത്തേയ്‌ക്ക് അയച്ച് പാക് ആർമി ചീഫ് ജനറൽ അസിം മുനീർ

പാക്കിസ്ഥാനുമായി അംഗം കുറിക്കാൻ രണ്ടും കൽപ്പിച്ച് ഇറങ്ങി തിരിച്ചിരിക്കുകയാണ് ഇന്ത്യ. 26 ഇന്ത്യൻ പൗരൻമാരുടെ ജീവനുപകരമായി പാക്കിസ്ഥാനിൽ കനത്ത പ്രഹരം ഇന്ത്യ സൃഷ്ടിക്കുമെന്നതിൽ സംശയമൊന്നുമില്ല. അതിനുള്ള നീക്കങ്ങളും ഇന്ത്യ ഒരു നിമിഷം പോലും വൈകാതെ തുടങ്ങി കഴിഞ്ഞിരുന്നു. ഇന്ത്യയുമായി ഒരു പോർവിളി മുഴുക്കാനുള്ള ശേഷി പോലും പാക്കിസ്ഥാന് ഇല്ലെങ്കിലും ചോരക്കളിക്ക് ഇറങ്ങി തിരിക്കാനുള്ള എടുത്തു ചാട്ടമാണ് പാക്കിസ്ഥാന്റെ ഓരോ പ്രതികരണങ്ങളിൽ നിന്നും വരുന്നത്. പക്ഷെ തീവ്രവാദത്തെ വെച്ചുപൊറുപ്പിക്കരുതെന്ന ഉദ്ദേശത്തോടെ ലോക രാഷ്ട്രങ്ങൾ തന്നെ ഇന്ത്യക്കൊപ്പെ നിൽക്കുമ്പോൾ സത്യത്തിൽ പാക്കസ്ഥാന്റെ മുട്ടിടിക്കുകയാണെന്നത് സത്യമാണ്. ആ ഭയം ഊട്ടിയുറപ്പിക്കാൻ വീണ്ടും നീക്കങ്ങൾ നടത്തിയിരിക്കുകയാണ് ഇന്ത്യ.
പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കര-നാവിക സേനകള്‍ ഒരുങ്ങിക്കഴിഞ്ഞു . ദീർഘദൂര മിസൈലുകളുടെ പരീക്ഷണം അറബിക്കടലിൽ നടന്നു. ഇതിന്റെ വീഡിയോ നാവിക സേന പങ്കുവെച്ചിട്ടുണ്ട്. കൃത്യതയുള്ള ആക്രമണങ്ങൾക്കായി ഇന്ത്യൻ നാവികസേനയുടെ കപ്പലുകൾ അവയുടെ പ്ലാറ്റ്‌ഫോമുകൾ, മിസൈലുകൾ, ആയുധ സംവിധാനങ്ങൾ എന്നിവ സുസജ്ജമാണെന്ന് നാവിക സേന അറിയിച്ചു. ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍ഡക്‌സ് 2025 അനുസരിച്ച്, സൈനിക ശേഷിയുടെ കാര്യത്തില്‍ ആഗോളതലത്തില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയോടാണ് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പാകിസ്ഥാന്‍ മല്ലിടാന്‍ ഒരുങ്ങുന്നത്.
അതിർത്തിയിൽ പാകിസ്താന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് നാവിക സേനയുടെ മുന്നറിയിപ്പ്. ഏത് സാഹചര്യവും എപ്പോഴും എവിടെയും നേരിടാൻ സൈന്യം സജ്ജമാണ് എന്നാണ് നാവിക സേന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് ദൗത്യത്തിന് തയ്യാറാണെന്ന് നാവികസേന കുറിച്ചത്. 'എവിടെയും എപ്പോഴും എങ്ങനെയും ദൗത്യത്തിന് തയ്യാര്‍' എന്നാണ് നാവികസേന ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇന്ത്യൻ നാവികസേനയുടെ നടപടിയെക്കുറിച്ച് ആശങ്കയുള്ളതിനാൽ പാകിസ്ഥാൻ അറബിക്കടലിൽ നാവികസേനയ്ക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
അറബിക്കടലിനു മുകളിൽ പറക്കരുതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നാവികർ ഈ മേഖലയിൽ നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, സജീവ വെടിവയ്പ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പാകിസ്ഥാൻ പുതിയ മിസൈൽ പരീക്ഷിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇതിനും പുറമെ പാക്കിസ്ഥാന് പൂട്ടിടുന്നതിന്റെ ഭാഗമായി വ്യാപാരബന്ധത്തിൽ ഇന്ത്യ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇന്ത്യയുടെ ഈ അപ്രതീക്ഷിത നീക്കത്തിൽ പാക്കിസ്ഥാന് അടിപതറിയ ഒരു മേഖലയാണ് മുരുന്ന് വിതരണം. മരുന്ന് വിതരണത്തിനുള്ള സുരക്ഷ ഉറപ്പാക്കാൻ പാക്കിസ്ഥാൻ ആരോഗ്യ അധികൃതർ അടിയന്തര തയ്യാറെടുപ്പ് നടപടികൾ ആരംഭിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മരുന്ന് മേഖലയിലെ നിരോധനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, അടിയന്തര പദ്ധതികൾ ഇതിനകം തന്നെ നിലവിലുണ്ടെന്ന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാൻ (DRAP) സ്ഥിരീകരിച്ചു. 2019 ലെ പ്രതിസന്ധിയെത്തുടർന്ന്, അത്തരം അടിയന്തര സാഹചര്യങ്ങൾക്കായി ഞങ്ങൾ തയ്യാറെടുക്കാൻ തുടങ്ങിയിരുന്നു. ഞങ്ങളുടെ ഫാർമസ്യൂട്ടിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ബദൽ മാർഗങ്ങൾ ഞങ്ങൾ ഇപ്പോൾ സജീവമായി നോക്കുകയാണെന്നാണ് ഒരു മുതിർന്ന ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാൻ ഉദ്യോഗസ്ഥൻ അറിയിച്ചത്.
നിലവിൽ, ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയന്റുകൾ (എപിഐ), വിവിധ നൂതന ചികിത്സാ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഫാർമസ്യൂട്ടിക്കൽ അസംസ്കൃത വസ്തുക്കളുടെ 30% മുതൽ 40% വരെ പാക്കിസ്ഥാൻ ഇന്ത്യയെ ആശ്രയിക്കുന്നുണ്ട്. ഈ വിതരണ ശൃംഖല നിർത്തിയതോടെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാൻ ചൈന, റഷ്യ, നിരവധി യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ബദൽ സ്രോതസ്സുകൾ തേടുകയാണ്. ആന്റി റാബിസ് വാക്സിനുകൾ, ആന്റി സ്നേക് പോയിസൺ, കാൻസർ ചികിത്സകൾ, മോണോക്ലോണൽ ആന്റിബോഡികൾ, മറ്റ് നിർണായക ജൈവ ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെയുള്ള അവശ്യ മെഡിക്കൽ സപ്ലൈകളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കുകയാണ് ഏജൻസിയുടെ ലക്ഷ്യം.
ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് പാക്കിസ്ഥാന്റെ തയ്യാറെടുപ്പ് പാക്കിസ്ഥാനിൽ ചില ആശ്വാസങ്ങൾ നൽകുന്നുണ്ടെങ്കിലും, വ്യാപാരം ഇല്ലാതായതിന്റെ പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന വെല്ലുവിളിയെക്കുറിച്ച് വ്യവസായ മേഖലയിലുള്ളവരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവച്ചതായി സർക്കാർ പ്രഖ്യാപിച്ചിട്ടും, ഔഷധ ഇറക്കുമതിയുടെ സ്ഥിതി വ്യക്തമാക്കുന്ന ഔദ്യോഗിക നിർദ്ദേശം പാക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഗുരുതരമായ ക്ഷാമത്തിലേക്ക് നയിച്ചേക്കാമെന്ന് ഔഷധ മേഖല ഭയപ്പെടുന്നുണ്ട്.
ഇന്ത്യ-പാക് വ്യാപാര ബന്ധം നിർത്തി വെച്ചത് ചെറിയ തോതിലൊക്കെ ഇന്ത്യയെയും ബാധിക്കാതിരിക്കില്ല. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ ചില ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാനാണ് സാധ്യതയുള്ളത്. ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് വലിയ അളവിൽ ഡ്രൈ ഫ്രൂട്സ് ഇറക്കുമതി ചെയ്യുന്നുണ്ട്. ഈ വ്യാപാരം നിലച്ചാൽ ബദാം, പിസ്ത, ആപ്രിക്കോട്ട് തുടങ്ങിയ ഡ്രൈ ഫ്രൂട്സിന്റെ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. എന്നിരുന്നാലും, ഇന്ത്യ മറ്റ് രാജ്യങ്ങളിൽ നിന്നും ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനാൽ വിലയിലെ വർദ്ധനവ് അത്ര കാര്യമായി വിപണികളെ ബാധിക്കില്ല.
അതുപോലെ, ഇന്ത്യ പ്രധാനമായും പാക്കിസ്ഥാനിൽ നിന്നാണ് ഹിമാലയൻ റോക്ക് സാൾട്ട് ഇറക്കുമതി ചെയ്യുന്നത്. ഇത് നോമ്പുകാലത്തും മറ്റ് മതപരമായ ആഘോഷങ്ങളിലും ധാരാളമായി ഉപയോഗിക്കുന്നു. വ്യാപാരം നിലച്ചാൽ ഈ ഉപ്പിന് ഇന്ത്യയിൽ വില വർദ്ധിക്കാൻ സാധ്യതയുണ്ട്. കൂടാതെ, സിമന്റ്, കല്ലുകൾ, കുമ്മായം, പരുത്തി, ഉരുക്ക്, ജൈവ രാസവസ്തുക്കൾ, ലോഹ സംയുക്തങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയും ഇന്ത്യ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയിൽ ഉൾപ്പെടുന്നു. വ്യാപാരം നിലച്ചാൽ ഈ ഉൽപ്പന്നങ്ങളുടെ വിലയിലും മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്. പക്ഷെ ഇത്തരത്തിലായിരിക്കില്ല, പാക്കിസ്ഥാനുണ്ടാകുന്ന പ്രത്യാഘാതങ്ങൾ. വ്യാപാര ബന്ധം അവസാനിപ്പിക്കുന്നത് ഇന്ത്യയെക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കുക പാക്കിസ്ഥാനെയായിരിക്കുമെന്നതിൽ സംശയമില്ല.
പാക്കിസ്ഥാൻ്റെ സമ്പദ്‌വ്യവസ്ഥ നിലവിൽ തന്നെ വളരെ ദുർബലമാണ്. അതിന്റെ മേൽ വീണ ഇടിതീയാണ് ഇന്ത്യയുടെ തീരുമാനം. ജൈവ രാസവസ്തുക്കൾ, മരുന്നുകൾ, പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, പരുത്തി, പഴങ്ങൾ, പച്ചക്കറികൾ, ചായ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, പഞ്ചസാര, എണ്ണക്കുരുക്കൾ, പാലുൽപ്പന്നങ്ങൾ, മൃഗത്തീറ്റ തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ കയറ്റുമതി നിലയ്ക്കുന്നത് പാക്കിസ്ഥാൻ്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ തളർത്താനുള്ള സാധ്യത വളരെ ഏറെയാണ്.
സംഘർഷം ഇതിലും വർധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെങ്കിൽ താൽക്കാലികമായി ഏർപ്പെടുത്തിയ ഈ വിലക്ക് സ്ഥിരമാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ വന്നാൽ അത് പാക്കിസ്ഥാനെ കാര്യമായി തന്നെ ഉലച്ചേക്കും. ഇതിന് മുമ്പ് ഇന്ത്യ- പാക്കിസ്ഥാൻ വ്യാപാര ബന്ധത്തിൽ വിള്ളൽ വീണത് 2019ലെ പുൽവാമ ഭീകരാക്രമണത്തിനു ശേഷമായിരുന്നു. അന്ന് നിലച്ച ഇന്ത്യ–പാക്കിസ്ഥാൻ വ്യാപാരബന്ധം 2021നു ശേഷമാണ് കുറച്ചെങ്കിലും മയപ്പെട്ട് തുടങ്ങിയത്. 2019 ഫെബ്രുവരി പതിനാലാം തീയതിയുണ്ടായ പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ പാക്കിസ്ഥാനുള്ള അഭിമത രാഷ്ട്ര (എംഎഫ്എൻ) പദവി ഇന്ത്യ പിൻവലിക്കുകയും അവിടെ നിന്നുള്ള ഇറക്കുമതിക്ക് 200% തീരുവ ചുമത്തുകയും ചെയ്തിരുന്നു. കയറ്റുമതിയിലും ഇറക്കുമതിയിലും ചുങ്കം സംബന്ധിച്ച ആനുകൂല്യങ്ങൾ ഇതോടെ പാക്കിസ്ഥാന് നഷ്ടമാവുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഉഭയകക്ഷി വ്യാപാരം നിർത്തിവയ്ക്കാൻ പാക്കിസ്ഥാൻ ഏകപക്ഷീയമായി തീരുമാനിച്ചത്. അതോടെ ഇന്ത്യ കയറ്റുമതി ഏകദേശം 60 ശതമാനത്തോളം കുറച്ചിരുന്നു. 2021ൽ ആഭ്യന്തര വിലക്കയറ്റം മൂലമാണു ഇന്ത്യയുമായുള്ള വ്യാപാരബന്ധം ഭാഗികമായി പുനഃസ്ഥാപിക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചത്.
അട്ടാരി ലാൻഡ് പോർട്ട് വഴിയുള്ള ഇന്ത്യയുടെ പ്രധാന കയറ്റുമതി പച്ചക്കറികൾ, സോയാബീൻ, കോഴിത്തീറ്റ, പ്ലാസ്റ്റിക് തരികൾ, ചുവന്ന മുളക് എന്നിവയാണ്. പാക്കിസ്ഥാനിൽ നിന്നുള്ള ഇറക്കുമതിയിൽ ഡ്രൈ ഫ്രൂട്സ്, റോക്ക് സാൾട്, ജിപ്സം, സിമൻറ്, ഔഷധ സസ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. പാക്കിസ്ഥാനിലെ ദി ഫ്രൈഡേ ടൈംസിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 2025 ഫെബ്രുവരിയിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നിന്ന് 26.8 മില്യൺ ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. എന്തായാലും, ഇപ്പോൾ ഉണ്ടായിരിക്കുന്ന ഈ അപ്രതീക്ഷിത വ്യാപാര തിരിച്ചടിയൽ അധികകാലം പിടിച്ചു നിൽക്കാനുള്ള കെൽപ്പ് പാക്കിസ്ഥാന് ഉണ്ടോയെന്നത് സംശയിക്കേണ്ട കാര്യം തന്നെയാണ്..!
https://www.facebook.com/Malayalivartha