പുര്‍ണം പിടിയിലായിട്ട് നാലു ദിവസം: പാക്ക് പിടിയിലായ ജവാന്റെ ഭാര്യ പഠാന്‍കോട്ടേക്ക്

ഡ്യൂട്ടിക്കിടെ ബുധനാഴ്ചയാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പാക്കിസ്ഥാന്റെ പിടിയിലായ ബിഎസ്എഫ് ജവാന്റെ ഭാര്യ പഞ്ചാബിലെ പഠാന്‍കോട്ടിലേക്ക് പുറപ്പെട്ടു. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള പുര്‍ണം കുമാര്‍ ഷായെ (40) പാക്ക് റേഞ്ചേഴ്‌സ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് അമൃത്സര്‍ മെയില്‍ ട്രെയിന്‍ വഴി ഫിറോസ്പുര്‍ വഴി പഠാന്‍കോട്ടെത്തി ഉത്തരം തേടുമെന്നാണു പുര്‍ണത്തിന്റെ ഭാര്യ രജനി മാധ്യമങ്ങളോടു പറഞ്ഞത്. പുര്‍ണം പിടിയിലായിട്ട് നാലു ദിവസം കഴിഞ്ഞെന്നും ഇതുവരെ വ്യക്തമായ മറുപടി ആരും നല്‍കുന്നില്ലെന്നുമാണു ഗര്‍ഭിണിയായ രജിനിയുടെ നിലപാട്.
എന്നാല്‍ ഗര്‍ഭിണിയായതിനാല്‍ സ്വദേശമായ ബംഗാളില്‍നിന്ന് ഇത്രയും ദൂരം യാത്ര ചെയ്ത് ഫിറോസ്പുരിലെത്താനുള്ള രജനിയുടെ ശ്രമത്തെ പുര്‍ണത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ പിന്താങ്ങിയിരുന്നില്ല. പിന്നീടാണ് അനുവാദം നല്‍കിയത്. രജനിക്കൊപ്പം രണ്ടു സഹോദരിമാരും ബന്ധുവും ഉണ്ടാകും. മകന്‍ സുരക്ഷിതമായി തിരിച്ചെത്തണമെന്ന് പുര്‍ണത്തിന്റെ അമ്മ ദേവന്തി ദേവിയും പറഞ്ഞു. കേന്ദ്രവുമായി ബന്ധപ്പെട്ട് വിഷയം നിരന്തരമായി പിന്തുടരാമെന്ന് റിഷ്‌റ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇന്നലെ ഇവരുടെ വീട്ടിലെത്തി പറഞ്ഞിരുന്നു. ദമ്പതികള്‍ക്ക് ഏഴുവയസ്സുള്ള ഒരു കുട്ടി കൂടിയുണ്ട്.
''ബിഎസ്എഫ് ഉദ്യോഗസ്ഥരുമായി നിരന്തരം സമ്പര്‍ക്കമുണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് അവരുടെ നിലപാട്. എന്നാല്‍ നടപടിയൊന്നും ഉണ്ടാകുന്നില്ല. എന്റെ ഭര്‍ത്താവ് എന്ന് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇനി കാത്തിരിക്കാനാകില്ല. ഇവിടുന്നും ഉത്തരം കിട്ടിയില്ലേല്‍ ഡല്‍ഹിക്കു പോകും. പ്രധാനമന്ത്രിയുടെ ഓഫിസ് മറുപടി നല്‍കണം. രാഷ്ട്രപതിയെയും ബന്ധപ്പെടും. കണ്ണുമൂടിക്കെട്ടിയുള്ള പുര്‍ണത്തിന്റെ ഫോട്ടോ പാക്കിസ്ഥാന്‍ പുറത്തുവിട്ടത് കാണുമ്പോള്‍ ആശങ്ക വര്‍ധിക്കുന്നു'' - അവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha