ഇന്ത്യ നിയന്ത്രണങ്ങള്‍ ശക്തമാക്കിയാല്‍ പാക്കിസ്ഥാനില്‍ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാന്‍ സാധ്യത

പഹല്‍ഗാമിലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് പാക്കിസ്ഥാനുമായുള്ള വ്യാപാരം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത ഇന്ത്യ പരിശോധിക്കുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കും. ഇന്ത്യയില്‍നിന്നുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മരുന്നുകള്‍, ജൈവ രാസവസ്തുക്കള്‍, പഞ്ചസാര തുടങ്ങിയ സുപ്രധാന വസ്തുക്കളുടെ ഇറക്കുമതിയെ ഏറെ ആശ്രയിക്കുന്ന പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെത്തന്നെ ഇതു വന്‍ പ്രതിസന്ധിയിലാക്കും.
ഇന്ത്യ നിയന്ത്രണങ്ങള്‍ ശക്തമാക്കിയാല്‍ പാക്കിസ്ഥാനില്‍ മരുന്നുകളുടെ കടുത്ത ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട്. മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ 30 മുതല്‍ 40 ശതമാനം വരെ ഇന്ത്യയില്‍നിന്നാണ് പാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളും (എപിഐകള്‍) വിവിധ നൂതന ചികിത്സാ ഉല്‍പന്നങ്ങളും ഉള്‍പ്പെടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം നിര്‍ത്തുന്നത് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയെ സാരമായി ബാധിക്കുമെന്നു പാക്കിസ്ഥാന്‍ ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ നിലവിലെ നിയന്ത്രണങ്ങള്‍ ഔഷധ മേഖലയില്‍ ചെലുത്തുന്ന പ്രതിസന്ധികളെക്കുറിച്ച് പാക്കിസ്ഥാന്‍ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഔദ്യോഗിക അറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ലെന്നാണു പാക്ക് മാധ്യമമായ ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ട്.
മരുന്നുകളുടെ ക്ഷാമം തടയാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അട്ടാരിയിലെ ചെക്ക് പോസ്റ്റ് അടച്ചുപൂട്ടാനുള്ള ഇന്ത്യയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള 3,886 കോടി രൂപയുടെ വ്യാപാരത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് 2019ല്‍ പാക്കിസ്ഥാനില്‍നിന്നുള്ള സാധനങ്ങള്‍ക്ക് ഇന്ത്യ 200% തീരുവ ചുമത്തിയിരുന്നു. ഇതോടെതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം താഴോട്ടുപോയിരുന്നുവെന്ന് ലാന്‍ഡ് പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡേറ്റ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍നിന്ന് സോയാബീന്‍, കോഴിത്തീറ്റ, പച്ചക്കറികള്‍, ചുവന്ന മുളക്, പ്ലാസ്റ്റിക് തരികള്‍, പ്ലാസ്റ്റിക് നൂല്‍ തുടങ്ങിയ ഇനങ്ങള്‍ കയറ്റുമതി ചെയ്യുകയും ഉണങ്ങിയ പഴങ്ങള്‍, ഈന്തപ്പഴം, സിമന്റ്, ഗ്ലാസ്, ഉപ്പ്, ഔഷധസസ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കള്‍ പാക്കിസ്ഥാനിലേക്ക് കയറ്റി അയയ്ക്കുന്നുമുണ്ട്.
2024-25 ഏപ്രില്‍-ജനുവരി മാസങ്ങളില്‍ പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 44.76 കോടി ഡോളറായിരുന്നു, അതേസമയം, ഇറക്കുമതി 4.2 ലക്ഷം ഡോളര്‍ മാത്രമായിരുന്നു. 2023-24ലെ കയറ്റുമതിയും ഇറക്കുമതിയും യഥാക്രമം 118 കോടി ഡോളറും 28.8 ലക്ഷം ഡോളറുമായിരുന്നു. 2022-23 ലും 2021-22 ലും ഇന്ത്യ യഥാക്രമം 62.71 കോടി ഡോളറിന്റെയും 51.38 കോടി ഡോളറിന്റെയും സാധനങ്ങള്‍ കയറ്റുമതി ചെയ്തു. കൂടാതെ 2.01 ലക്ഷം ഡോളറിന്റെയും 25.4 ലക്ഷം ഡോളറിന്റെയും ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്തു. 2024-25 ഏപ്രില്‍-ജനുവരി കാലയളവില്‍ പാക്കിസ്ഥാനിലേക്കുള്ള രാജ്യത്തിന്റെ മൊത്തം കയറ്റുമതിയുടെ 60% ജൈവ രാസവസ്തുക്കളുടെയും ഔഷധ ഉല്‍പന്നങ്ങളുടെയും കയറ്റുമതിയായിരുന്നു.
പഞ്ചസാര, മിഠായി, ചില പച്ചക്കറികള്‍, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, ധാന്യങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, വളം, പ്ലാസ്റ്റിക്, റബര്‍, ഓട്ടോപാര്‍ട്‌സുകള്‍ എന്നിവയാണു കയറ്റുമതി ചെയ്യുന്ന മറ്റു പ്രധാന ഉല്‍പന്നങ്ങള്‍. പാക്കിസ്ഥാനില്‍നിന്നുള്ള പ്രധാന ഇറക്കുമതിയില്‍ പഴങ്ങള്‍, പരിപ്പ്, ചില എണ്ണക്കുരുക്കള്‍, ഔഷധ സസ്യങ്ങള്‍, ജൈവ രാസവസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha