വിമാന കമ്പനികളെപ്പോലെ തിരക്കനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഇരട്ടിയാക്കാന്‍ റയില്‍വേയും, പരീക്ഷണം തിരുവനന്തപുരത്തു നിന്നും ഗുവഹാത്തിയിലേക്ക്
തിരക്കേറിയ റൂട്ടില്‍ യാത്രാക്ലേശം പരിഹരിക്കാനെന്ന പേരില്‍ റയില്‍വേയുടെ ഇരുട്ടടി. വിമാന കമ്പനികളെപ്പോലെ തിരക്കിനനുസരിച്ച് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് റയില്‍വേ ഒരുങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തിരക്കേറിയ 20 റൂട്ടുകളിലാവും പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരം-ഗുവഹാത്തി റൂട്ടാണ് പരീക്ഷണത്തിനായി ആദ്യം തെരഞ്ഞെടുത്തത്.
ഈ പദ്ധതി നടപ്പിലാക്കുന്നതിനായി തിരുവനന്തപുരം-ഗുവഹാത്തി ഉള്‍പ്പെടെ തെരഞ്ഞെടുത്ത 20 റൂട്ടുകളില്‍ തേര്‍ഡ് എസിയും സെക്കന്റ് എസിയും മാത്രമുള്ള ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കും. ടിക്കറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതനുസരിച്ച് വിലയും കുത്തനെ വര്‍ധിപ്പിക്കും. ചിലപ്പോള്‍ അത് ഇരട്ടിയുമാകും. ഈ ട്രെയിനുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടാവില്ല. എന്നാല്‍ കൂടുതല്‍ പണം നല്‍കിയാല്‍ കണ്‍ഫോം ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റ് എടുക്കാന്‍ കഴിയൂ. ടിക്കറ്റ് എടുത്താല്‍ പിന്നെ ക്യാന്‍സല്‍ ചെയ്യാനും കഴിയില്ല. യാത്ര ചെയ്‌തില്ലെങ്കിലും പണം പോകും.
പുതുവത്സരത്തില്‍ ഡല്‍ഹി-മുംബൈ റൂട്ടില്‍ ഈ രീതി പരീക്ഷിച്ചപ്പോള്‍ 43 ശതമാനം വരുമാന വര്‍ധന ഉണ്ടായി. അതാണ് കൂടുതല്‍ റൂട്ടുകളിലേക്ക് റയില്‍വേ ഈ രീതി പിന്‍തുടരാന്‍ കാരണം.
വലിയ എതിര്‍പ്പുകളോ പ്രതിഷേധങ്ങളോ കൂടാതെ സാധാരണ നിരക്കിനേക്കാള്‍ ഇരട്ടി തുക റയില്‍വേയ്‌ക്ക് അധികമായി ലഭിക്കുന്നു എന്നതാണ് ഇതിന്റെ വലിയ നേട്ടം. കൂടുതല്‍ തുക മുടക്കുന്നവര്‍ക്ക് പെട്ടെന്ന് ടിക്കറ്റ് കിട്ടുമെങ്കിലും ഇത് സാധാരണക്കാരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുമെന്നാണ് ആശങ്ക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha