മലയാളി വാര്‍ത്ത.
കൊന്നോളൂ പക്ഷേ ഒറ്റയടിക്ക് കൊല്ലരുത്... എന്നതുപോലെയാണ് ഡീസലിന്റെ വിലനിര്‍ണയം എടുത്ത് കളഞ്ഞ്‌കൊണ്ടുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനം. വിലഒറ്റയടിക്ക് കൂട്ടിയാല്‍ ഉണ്ടാകുന്ന പ്രതിഷേധം വലുതാണ്. അതുകൊണ്ട്‌തന്നെ ഘട്ടംഘട്ടമായി വിലകൂട്ടാം.
പെട്രോളിന് പിന്നാലെ ഡീസലിന്റെ വില നിയന്ത്രണവും കേന്ദ്രസര്‍ക്കാര്‍ നീക്കി. വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക യോഗമാണ് ഡീസലിന്റെ വില നിശ്ചയിക്കാനുള്ള അധികാരവും ഭാഗികമായി എണ്ണ കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. ഡീസല്‍ വിലയില്‍ സമയബന്ധിതമായി വര്‍ധന വരുത്താനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കിയിരിക്കുന്നത്.
സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ച് എണ്ണ കമ്പനികള്‍ക്ക് അന്താരാഷ്ട്ര വില പരിഗണിക്കാതെ തന്നെ കാലാകാലങ്ങളില്‍ ഡീസലിന്റെ വില നിശ്ചയിക്കാനാകും.
പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ 2010 ല്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിരുന്നു. അതിനുശേഷം 26 തവണയാണ് കമ്പനികള്‍ പെട്രോളിന്റെ വില വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ പെട്രോള്‍വിലയില്‍ 31 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.
ഡീസലിന്റെ വിലനിയന്ത്രണം നീക്കിയ വിവരം പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലിയാണ് പ്രഖ്യാപിച്ചത്. വിലവര്‍ധന വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ നിലവില്‍ വന്നേക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.