വി.എസ്. ഒരിക്കല്‍ക്കൂടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചു, വി.എസിന്റെ സഹായികള്‍ക്കെതിരെ തല്‍ക്കാലം നടപടിയില്ല
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ വി.എസിന് കേന്ദ്ര നേതാക്കളുടെ പിന്‍തുണ. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സി.പി.എം സംസ്ഥാന ഘടകം കൈക്കൊണ്ട നടപടിയെ കുറിച്ച് കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച വേണ്ടെന്നുവെച്ചു. വിഷയം അടുത്ത കമ്മറ്റിയില്‍ പരിഗണിക്കുമെന്നും പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുമ്പ് കേന്ദ്ര കമ്മറ്റിയില്‍ വി.എസ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഇത് ചോര്‍ത്തി നല്‍കിയത് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ കെ.ബാലകൃഷ്ണന്‍, വി.കെ.ശശിധരന്‍, എ.സുരേഷ് എന്നിവരാണെന്നാരോപ്പിച്ച് അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു സംസ്ഥാന ഘടകത്തിന്റെ തീരുമാനം. ഇത് നടപ്പിലാക്കണമെങ്കില്‍ കേന്ദ്ര കമ്മറ്റിയുടെ അംഗീകാരം ആവശ്യമായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ പശ്ചിമ ബംഗാളിലെ അംഗങ്ങള്‍ ഇതിനെ എതിര്‍ക്കുകയാണുണ്ടായത്.
വിശ്വസ്ഥര്‍ക്കെതിരെയുള്ള നടപടികള്‍ വി.എസ്സിനെതിരെയുള്ള നടപടിയായി വിലയിരുത്തപ്പെടുമെന്നും അതിനാല്‍ തല്‍ക്കാലം ഈ വിഷയം കേന്ദ്ര കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്യൂരി അഭിപ്രായപ്പെട്ടപ്പോള്‍ ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍, സൂര്യകാന്ത് മിശ്ര, ബിമന്‍ ബോസ് തുടങ്ങിയവ ബംഗാള്‍ നിര ഇതിനെ അനുകൂലിക്കുകയായിരുന്നു. സ്ഥലത്തില്ലായിരുന്ന ത്രിപുര മുഖ്യമന്ത്രി മണിക്ക് സര്‍ക്കാറും ഇവര്‍ക്കൊപ്പം നിന്നു. വൃന്ദാ കാരാട്ട്, എ.കെ.പത്മനാഭന്‍ തുടങ്ങിയവര്‍ വിട്ടുനിന്നതോടെ ചര്‍ച്ച വേണ്ടെന്ന തീരുമാനത്തിലേക്ക് പി.ബി എത്തുകയായിരുന്നു. കേരള ഘടകത്തിന്റെ ആവശ്യം ചര്‍ച്ചയ്‌ക്കെടുക്കാത്ത സാഹചര്യത്തില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന മൂന്നു പേര്‍ക്കും വി.എസ്സിന്റെ സ്റ്റാഫ് അംഗങ്ങളായി തല്‍ക്കാലം തുടരാന്‍ കഴിയും.
https://www.facebook.com/Malayalivartha