ഹെലികോപ്‌റ്റര്‍ ഇടപാടില്‍ മൗനംവെടിഞ്ഞ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാര്‍
കേന്ദ്ര രാഷ്ട്രീയത്തെ ഉലച്ചുകൊണ്ടിരിക്കുന്ന ഹെലികോപ്‌റ്റര്‍ ഇടപാട് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കോപ്‌റ്റര്‍ ഇടപാടില്‍ സര്‍ക്കാരിനു ഒന്നും ഒളിച്ചുവയ്‌ക്കാനില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഹെലികോപ്‌റ്റര്‍ ഇടപാട് ബി.ജെ.പി പാര്‍ലമെന്റില്‍ ഉന്നയിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഇറ്റലിയില്‍ നിന്ന് വി.വി.ഐ.പികളുടെ യാത്രയ്‌ക്കായി എ.ഡബ്ല്യു.101 എന്ന അഗസ്‌ത ഹെലികോപ്‌റ്ററുകള്‍ വാങ്ങുന്നതിനുള്ള 3,600 കോടി രൂപയുടെ ഇടപാടില്‍ 362 കോടി രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. ഇറ്റാലിയന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് അഴിമതി പുറത്തായത്. ഇടപാടു സംബന്ധിച്ച നിര്‍ണായക രേഖകള്‍ ഇടനിലക്കാരനില്‍നിന്ന് ഇറ്റലിയിലെ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഗീഡോ റാല്‍ഫ് ഹാഷ്‌കെ എന്ന ഇടനിലക്കാരന്റെ വസതിയില്‍ നിന്നാണ് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തത്. ഇടനിലക്കാരനായ ഹാഷ്‌കെ ഇടപാടുമായി ബന്ധപ്പെട്ടു നടത്തിയ കൂടിക്കാഴ്‌ചയുടെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് അന്വേഷണസംഘം കണ്ടെത്തിയത്.
ഹെലികോപ്‌റ്റര്‍ ഇടപാടില്‍ മുന്‍ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷ ല്‍എസ്.പി.ത്യാഗി കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിരുന്നു. എന്നാല്‍ അദ്ദേഹം ആരോപണം നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പ്രതികരണം. അതേസമയം ഹെലികോപ്‌റ്റര്‍ അഴിമതി അന്വേഷിക്കുന്നതിനായി സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഇറ്റലിയിലേക്ക് പോകുന്നത് നാളത്തേക്ക് മാറ്റി. അഴിമതി സംബന്ധിച്ച രേഖകള്‍ ഇന്ത്യക്ക് ഇപ്പോള്‍ കൈമാറില്ലെന്ന് ഇറ്റാലിയന്‍ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുമുണ്ട്.
https://www.facebook.com/Malayalivartha