മലയാളി വാര്‍ത്ത.
ആന്റണിയുടെ പദവി പലരേയും അസൂയാലുക്കളാക്കുന്നുണ്ട്. അതില്‍ രാഷ്‌ട്രീയക്കാരും ആയുധലോബിയുമെല്ലാം ഉള്‍പ്പെടും. എന്തെങ്കിലും പറഞ്ഞ് ആന്റണിയെക്കൂടി പ്രതിക്കൂട്ടിലാക്കിയാല്‍ മാത്രം മതി. ആന്റണി രാജിവയ്‌ച്ചോളും. പണ്ടൊരിക്കല്‍ ആദര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചതാണ്. ആരോ ഒരാള്‍ പഞ്ചസാര അഴിമതിയില്‍ തന്റെ പേര് പരാമര്‍ശിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രിസ്ഥാനം ഉടനേ രാജിവച്ചു. വിമര്‍ശിച്ചവര്‍ പോലും പ്രതീക്ഷിക്കാത്ത രാജി. കാലം മാറി. എല്ലാവര്‍ക്കും എ.കെ. ആന്റണിയെപ്പറ്റി നല്ലതേ പറയാനുള്ളൂ. പ്രണബ് മുഖര്‍ജി രാഷ്‌ട്രപതിയായതോടെ ആന്റണി മന്ത്രിസഭയില്‍തന്നെ രണ്ടാമനായി. എല്ലാ തന്ത്ര പ്രധാന കാര്യത്തിലും ആന്റണിയുടെ വാക്ക് വേദവാക്യമായി. തിരിച്ച് ഒന്നും കൊടുത്തില്ലെന്ന് പറയാന്‍ പാടില്ല. ആയതിനാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ രണ്ടാമനായി വാഴിക്കാന്‍ മുന്‍കൈയ്യുമെടുത്തു. ഇനി തെരഞ്ഞെടുപ്പിലും മത്സരിക്കില്ലന്ന് പറഞ്ഞത് കേരളാ നേതാക്കളുടേയും പ്രീതിക്ക് പാത്രമായി. ചുരുക്കിപ്പറഞ്ഞാല്‍ തൊട്ടാല്‍ പൊള്ളുന്ന പ്രതിരോധ വകുപ്പില്‍ ആന്റണി സസുഖം വാണു. അപ്പോഴാണ് ഇറ്റലിയില്‍ നിന്നുള്ള ഹെലികോപ്‌ടര്‍ കഥ വന്നത്. ഒന്നും നോക്കിയില്ല എവിടെ സി.ബി.ഐ. എന്ന് മാത്രമാണ് അന്വേഷിച്ചത്. അതിനിടയ്‌ക്കാണ് ബി.ജെ.പി.ക്കാര്‍ ആന്‍ണിയെ സംശയിച്ചത്. എ.കെ ആന്റണിയും കേസില്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ആരോപിച്ചിരുന്നു. ആന്റണിയുടെ തെറ്റ് മറച്ചുവയ്ക്കുന്നതിന് വേണ്ടിയാണ് കരാര്‍ റദ്ദാക്കുന്നതുള്‍പ്പടെയുള്ള നപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
ഹെലികോപ്‌ടര്‍ ഇടപാടില്‍ താന്‍ രാജിവയ്‌ക്കില്ലെന്നും കേസില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ആന്റണി പറയുന്നത്. കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സര്‍ക്കാരില്‍ അഭിപ്രായഭിന്നതയില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ഹെലികോപ്റ്റര്‍ കരാര്‍ ഒപ്പുവെച്ചത് നടപടിക്രമങ്ങള്‍ പാലിച്ചാണ്. ഇറ്റലിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനായുള്ള ശ്രമം തുടരുകയാണ്. തന്നെ വിശ്വാസമില്ലെങ്കില്‍ സി.ബി.ഐയെ വിശ്വസിക്കണം. ഇല്ലെങ്കില്‍ നീതിപീഠത്തെ വിശ്വസിക്കണം. എല്ലാ കാര്യങ്ങളും പാര്‍ലമെന്റില്‍ വിശദീകരിക്കും-ആന്റണി പറഞ്ഞു.
കേസ് സംബന്ധിച്ച് എല്ലാ രേഖകളും പാര്‍ലമെന്റില്‍ വെയ്ക്കാന്‍ തയ്യാറാണ്. കേസ് കൈകാര്യം ചെയ്യുന്നത് പ്രതിരോധ മന്ത്രാലയമാണ്. ആവശ്യമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായവും തേടും. കേസില്‍ സര്‍ക്കാരിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. കേസ് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവുമായി ഭിന്നതയുമില്ല. തെളിവില്ലാതെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും ആന്റണി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിപക്ഷം പ്രതിഷേധിച്ചാല്‍ അതിനെ നേരിടാന്‍ തയ്യാറാണെന്നും ആന്റണി പറഞ്ഞു.