എം.പി.മാര്‍ അടികൊണ്ടത് മിച്ചം, കുര്യനെതിരെ കേസെടുക്കാനാവില്ലെന്ന് വീണ്ടും നിയമോപദേശം, ദേശീയ നേതാക്കള്‍ക്കും താത്‌പര്യമില്ല
രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് താങ്ങായി മറ്റൊരു നിയമോപദേശം കൂടി. പി.ജെ.കുര്യനെതിരെ കേസെടുക്കാനാകില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആസിഫ് അലിയാണ് നിയമോപദേശം നല്‍കിയത്.
കുര്യനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തിറങ്ങി കോണ്‍ഗ്രസിനെ ആകെ വെട്ടിലാക്കിയിരുന്നു. അന്നേരമാണ് സൂര്യനെല്ലി പെണ്‍കുട്ടിതന്നെ നേരിട്ട് രംഗത്ത് വന്നത്. അതിനിടയ്‌ക്ക് ധര്‍മ്മരാജനും കര്യന്റെ പങ്ക് വെളിപ്പെടുത്തി. എന്നാല്‍ കേരള സര്‍ക്കാര്‍ നിയമോപദേശത്തിനായി കാതോര്‍ത്തു. കാലതാമസം കൂടാതെ സര്‍ക്കാരിന്റെ ഇഷ്‌ടമനുസരിച്ച് കേസെടുക്കാനാവില്ലെന്ന നിയമോപദേശവും വന്നു. പെണ്‍കുട്ടി വെറുതേയിരുന്നില്ല. നേരെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ചെന്നു. സര്‍ക്കാരിന്റെ സ്വന്തം പോലീസ് കേസെടുത്തില്ലെന്ന് മാത്രമല്ല പരാതി കൂടി സ്വീകരിച്ചില്ല. പെണ്‍കുട്ടിയാവട്ടെ പരാതി രജിസ്റ്റേഡ് ആയി വീണ്ടും അയച്ചു.
സൂര്യനെല്ലി പെണ്‍കുട്ടി ചിങ്ങവനം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്. വീണ്ടും വന്നു നിയമോപദേശം. പെണ്‍കുട്ടിയുടെ ആരോപണം പഴയതുതന്നെയാണ്. ഇക്കാര്യത്തില്‍ പുതിയ തെളിവുകളൊന്നുമില്ല. കേസെടുക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നാണ് ഡി.ജി.പിയുടെ നിയമോപദേശം.
കുര്യന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. കുര്യന്‍ രാജി വയ്‌ക്കുകയില്ല. വേണമെന്നുള്ള ആള്‍ക്കാര്‍ക്ക് കുര്യനെ ബഹിഷ്‌കരിക്കാം. സി.പി.എമ്മിന്റേയും ബി.ജെ.പി.യുടേയും കേരള നേതാക്കളാണ് വെട്ടിലായത്. ഇക്കാര്യത്തില്‍ കേന്ദ്ര നേതാക്കളുടെ വേണ്ടത്ര പിന്തുണയും ഇവര്‍ക്ക് കിട്ടുന്നില്ല. സി.പി.എമ്മിന്റെ എം.പി.മാരായ എം.ബി. രാജേഷിനും, ടി.എന്‍. സീമയ്‌ക്കും ഡല്‍ഹിയില്‍ ഹിന്ദി പോലീസിന്റെ അടി കിട്ടിയത് മിച്ചം. കുര്യന്‍ പഴയതുപോലെ രാജ്യസഭ നിയന്ത്രിക്കുന്നു. പോരാത്തതിന് സമാജവാദി പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയും ഇക്കാര്യത്തിലുണ്ട്.
https://www.facebook.com/Malayalivartha