ആര്യാടന്‍ ഭരിക്കുന്ന വകുപ്പുകളെ ഒതുക്കാന്‍ രഹസ്യ നീക്കം, ഡീസല്‍ വിലകൂട്ടി കെഎസ്‌ആര്‍ടിസിയെ ഒതുക്കി, ഇപ്പോള്‍ റെയില്‍വേയിലും അവഗണന
ആര്യാടന് ഭരിക്കുന്ന വകുപ്പുകളെ ഒതുക്കാന്‍ രഹസ്യ നീക്കം നടക്കുന്നതായി പൊതുവേ വിലയിരുത്തല്‍ . കേരളത്തിലെ തന്ത്രപ്രധാനമായ വൈദ്യുതി, ഗതാഗതം തുടങ്ങിയ വകുപ്പുകളെല്ലാം കൈകാര്യ ചെയ്യുന്നത് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കൂടിയായ ആര്യാടന്‍ മുഹമ്മദാണ്. കേരളം ഏറ്റവും കൂടുതല്‍ പതിസന്ധി അനുഭവിക്കുന്ന രണ്ട് മേഖലകളാണ് ഗതാഗതവും വൈദ്യുതിയും. ആദ്യം ഡീസല്‍ വിലകൂട്ടി കെഎസ്‌ആര്‍ടിസിയെ വന്‍കിട മുതലാളിയാക്കി. നഷ്‌ടത്തിലേക്ക് കൂപ്പ്‌കുത്തികൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി കൂടുതല്‍ കുഴപ്പത്തിലായി. ഡീസല്‍ വിലവര്‍ധന കാരണം കെഎസ്‌ആര്‍ടിസി യുടെ പല സര്‍വ്വീസുകളും വെട്ടിച്ചുരുക്കി. ജനങ്ങള്‍ ട്രെയ്‌നില്‍ പോകട്ടെയെന്നായി. പൈസയും കുറവ്. എല്ലാവരും പുതിയ ബജറ്റിനായി കാത്തിരുന്നു.
കേരളത്തില്‍ നിന്നുള്ള പ്രബലരായ 8 കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസ്, 17 വര്‍ഷത്തിന് ശേഷം ഒരു കോണ്‍ഗ്രസുകാരന്‍ റെയില്‍വേ മന്ത്രിയാകുന്നു... എല്ലാംകൊണ്ടും റെയില്‍വേയില്‍ കേരളത്തിന് ശുക്രനായിരിക്കുമെന്ന് വെറുതേ ആശിച്ചുപോയി. കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കുന്നതിനായി എം.പി. മാരുടെ യോഗവും നടത്തി. ഇടയ്‌ക്കെപ്പോഴോ മന്ത്രി ആര്യാടന്‍ മുഹമ്മദ് കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെ കണ്ടു. അപ്പോഴാണ് ഒരുകാര്യം മനസിലായത് കേരളത്തിന് വലിയ പ്രതീക്ഷയൊന്നും വേണ്ടന്ന്.
ആര്യാടന് അറിയാമായിരുന്നു റെയില്‍വേ ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടുകയില്ലെന്ന്. അത് അദ്ദേഹം തുറന്ന് പറയുകയും ചെയ്‌തു. റെയില്‍വേ ബജറ്റിന് ശേഷം തന്നെയാരും കുറ്റം പറയാതിരിക്കാനായി ആര്യാടന്‍ തന്നെ ഇക്കാര്യം ജനങ്ങളോടും പറഞ്ഞു. പറഞ്ഞതുപോലെതന്നെ സംഭവിച്ചു. കേരളത്തിന് പ്രത്യകിച്ചൊന്നുമില്ല. റെയില്‍വേബജറ്റില്‍ കേരളം കാത്തിരുന്ന പദ്ധതികളോ പാതകളോ ഇല്ല. കഴിഞ്ഞ തവണത്തെ പ്രഖ്യാപനങ്ങളുടെ തുടര്‍ച്ച പോലുമില്ല.
106 പുതിയ തീവണ്ടികളാണ് പ്രഖ്യാപിച്ചത്. അതില്‍ കേരളത്തിന് നല്‍കിയത് വെറും 4. കാലത്തിനൊത്ത് മുഖം മിനുക്കാനായി കൊണ്ടുവന്ന റെയില്‍വേ ബജറ്റ് കേരളത്തെ ശരിക്കും വിഷമിപ്പിച്ചു. യാത്രാക്ലേശം കൊണ്ട് നട്ടം തിരിയുകയാണ് ജനങ്ങള്‍ . തന്റെ വകുപ്പുകളോട് കേന്ദ്രം കാട്ടുന്ന അവഗണനയില്‍ തികച്ചും നിരാശനാണ് ആര്യാടന്‍ മുഹമ്മദ്.
സുരക്ഷയ്‌ക്കും, സ്‌ത്രീകളുടെ സുരക്ഷയക്കും ബജറ്റ് പ്രത്യേകം മുന്‍ഗണന നല്‍കുന്നുണ്ട്. പ്രതീക്ഷിച്ച പോലെ ചരക്കുകൂലി കൂട്ടി. യാത്രാനിരക്ക് കഴിഞ്ഞമാസം കൂട്ടിയതിനാല്‍ വീണ്ടുമൊരു വര്‍ധനയ്ക്ക് മുതിരാതെ യാത്രക്കാരെ വെറുതെ വിട്ടു. എന്നാല്‍ സ്ലീപ്പര്‍ ക്ലാസ് ഉള്‍പ്പെടെ എല്ലാ ക്ലാസുകളിലെയും റിസര്‍വേഷന്‍ ഫീസ്, തത്കാല്‍ ചാര്‍ജുകള്‍, സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലെ സപ്ലിമെന്ററി ചാര്‍ജുകള്‍, ക്യാന്‍സലേഷന്‍ ചാര്‍ജുകള്‍ (വെയിറ്റിങ് ലിസ്റ്റ്, ആര്‍.എ.സി. ടിക്കറ്റുകള്‍ക്ക് ഉള്‍പ്പെടെ) എന്നിവയില്‍ നേരിയ വര്‍ധന വരുത്തി. ഇന്ധനവിലയ്ക്ക് ആനുപാതികമായി ചരക്കുകൂലി വര്‍ഷത്തില്‍ രണ്ടുതവണ കൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പും ബജറ്റിലുണ്ട്. പാര്‍സല്‍, ലഗേജ് നിരക്കുകളില്‍ മാറ്റമില്ല.
ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്. സുരക്ഷയ്ക്കും യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും സാമ്പത്തിക ഭദ്രതയ്ക്കും മുന്‍ഗണന. അടുത്ത പത്തുവര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് സുരക്ഷാ പദ്ധതി. അടുത്ത അഞ്ചുകൊല്ലംകൊണ്ട് 10,797 ലെവല്‍ ക്രോസിങ്ങുകള്‍ മാറ്റും. മണിക്കൂറില്‍ 160/200 കി.മീ. വേഗത്തില്‍ പോകുന്ന 'സെല്‍ഫ് പ്രൊപ്പല്‍ഡ് ആക്‌സിഡന്റ് റിലീഫ് ട്രെയിനു'കള്‍ തുടങ്ങും. അപകടാവസ്ഥയിലുള്ള 17 പാലങ്ങള്‍ ഒരുവര്‍ഷത്തിനിടയില്‍ പുനരുദ്ധരിക്കും. റെയില്‍വേ സുരക്ഷാസേനയുടെ (ആര്‍.പി.എഫ്) എട്ടു കമ്പനി പുതുതായി രൂപവത്കരിക്കും. ആര്‍.പി.എഫില്‍ 10 ശതമാനം സ്ത്രീ സംവരണം. സ്ത്രീയാത്രക്കാരുടെ സംരക്ഷണത്തിന് കൂടുതല്‍ വനിതാ ആര്‍.പി.എഫുമാര്‍. സ്ത്രീയാത്രക്കാര്‍ക്കായി കൂടുതല്‍ കോച്ചുകള്‍ ഇന്റര്‍നെറ്റ് ബുക്കിങ് ദിവസത്തില്‍ 23 മണിക്കൂര്‍ രാത്രി 12.30 മുതല്‍ അര്‍ധരാത്രി 11.30 വരെ.മൊബൈല്‍ ഫോണ്‍വഴി ഇ-ടിക്കറ്റ്. ഒരു മിനിറ്റില്‍ 7200 ഇ-ടിക്കറ്റുകള്‍ നല്‍കാന്‍ ശേഷി ഉണ്ടാകും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള വിവിധ സേവനങ്ങളെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കും. ഒട്ടേറെ വണ്ടികളില്‍ വൈ ഫൈ സൗകര്യം.വണ്ടിയിലെ ശുചിത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യാത്രയ്ക്കിടയില്‍ത്തന്നെ എസ്.എം.എസ്, ഫോണ്‍, ഇ-മെയില്‍ വഴി പരാതിപ്പെട്ട് ഉടന്‍ പരിഹാരം കാണാന്‍ പദ്ധതി തുടക്കം ചില വണ്ടികളില്‍ മാത്രം. റിസര്‍വേഷന്‍ സ്ഥിതി എസ്.എം.എസ്. വഴി അറിയാനുള്ള പദ്ധതി. റെയില്‍വേയില്‍ ഇക്കൊല്ലം 1.52 ലക്ഷം പുതിയ നിയമനം. 47,000 ഒഴിവുകള്‍ പിന്നാക്ക വിഭാഗക്കാര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി സംവരണം ചെയ്യും. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാനസ്ഥലങ്ങളെ ബന്ധിപ്പിച്ച് പ്രത്യേക പഠന ടൂറിസ്റ്റ്‌വണ്ടി ആസാദ് എക്സ്പ്രസ് ആരംഭിക്കും.
https://www.facebook.com/Malayalivartha