കൊല്‍ക്കത്തയില്‍ വന്‍ അഗ്നിബാധ, 19 മരണം നാല്‍പ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു
കൊല്‍ക്കത്തയിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 19 പേര്‍ മരിച്ചു. മധ്യ കൊല്‍ക്കത്തയിലെ സിയാല്‍ ഡായ്ക്കടുത്ത് ജഗത് സിനിമ തിയേറ്ററിന് സമീപമുള്ള സൂര്യ സെന്‍ മാര്‍ക്കറ്റ് കോംപ്ലക്‌സിലാണ് തീപ്പിടുത്തമുണ്ടായത്. 17 പേരെ അഗ്‌നിശമന സേനക്കാര്‍ രക്ഷപ്പെടുത്തി. ഇനിയും നിരവധി പേര്‍ മാര്‍ക്കറ്റിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ ഈ കോംപ്ലക്‌സിനുള്ളില്‍ തന്നെയാണ് രാത്രി ഉറങ്ങുന്നത്.
ബുധനാഴ്ച രാവിലെ 3.50 നാണ് ആദ്യം തീ കണ്ടത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റിനുള്ളില്‍ തീ ആളിപ്പടരുകയായിരുന്നു. മരിച്ച മൂന്ന് പേരുടെ മൃതദേഹം മാര്‍ക്കറ്റിനടുത്ത് സ്ഥിതി ചെയ്യുന്ന എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലേയ്ക്കും 14 പേരുടേത് കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലേയ്ക്കും കൊണ്ടുപോയി.
25 ഫയര്‍ എഞ്ചിനുകളാണ് തീ കെടുത്താന്‍ പാടുപെടുന്നത്. സംഭാവസ്ഥലത്ത് കൊല്‍ക്കത്ത മേയര്‍ ശോഭന്‍ ചാറ്റര്‍ജിയും പോലീസ് കമ്മീഷണര്‍ സുര്‍ജിത് പുരകായസ്തയും എത്തി.
നൂറോളം പേരുടെ മരണത്തിനിടയാക്കിയ ആമ്‌റി ഹോസ്പിറ്റലിലെ തീപിടുത്തത്തിന് ശേഷം അഗ്‌നിശമന നിയമങ്ങള്‍ കര്‍ശനമാക്കും എന്ന പ്രഖ്യാപനങ്ങളുണ്ടായതല്ലാതെ, വേണ്ട നടപടികള്‍ എടുത്തിട്ടില്ലെന്നതാണ് ആ സംഭവത്തിന് ശേഷവും നഗരത്തില്‍ വിവിധ മാര്‍ക്കറ്റുകളിലും ചേരികളിലും ഉണ്ടായിട്ടുള്ള തീപ്പിടുത്തങ്ങള്‍ കാണിക്കുന്നത്.
https://www.facebook.com/Malayalivartha