പോലീസ് സേനയില്‍ പുരുഷാധിപത്യത്തിന് സല്യൂട്ട്, ഇനി വനിതാപോലീസ് നാട് നിയന്ത്രിക്കും, വരുന്നു 33% വനിതാപോലീസുകാര്‍
മീശപിരിച്ചും ചീത്തവിളിച്ചും ചെറിയ കുറ്റക്കാരെ വിരട്ടുന്ന സാധാ പോലീസ് മുതല്‍ കായബലം കൊണ്ട് അക്രമിയെ മലര്‍ത്തിയടിക്കുന്ന അതികായന്മാരായ പോലീസുകാരന്മാരാല്‍ സമ്പന്നമാണ് നമ്മുടെ നാട്. മീശപിരിച്ചിച്ചില്ലങ്കിലും തങ്ങളും പുരുഷ പോലീസുകാരില്‍ നിന്നും ഒട്ടും പുറകിലല്ലെന്ന് പല വനിതാപോലീസുകാരും പലതവണ തെളിയിച്ചതാണ്. അതെ ഇനി വരാന്‍ പോകുന്നത് വനിതാപോലീസ് യുഗമാണ്.
സേനയിലെ പുരുഷാധിപത്യം പുരാണങ്ങളോളം പഴക്കമുള്ളതാണ്. എന്നാല്‍ വനിതകളുടെ മുന്നേറ്റം അവരെ ഒരു മേഖലയില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതാക്കി. അങ്ങനെ അവര്‍ പോലീസ് സേനയിലുമെത്തി. ഇപ്പോഴത്തെ കണക്കനുസരിച്ച് സംസ്ഥാനങ്ങളിലെ പോലീസ് സേനയില്‍ ആറ് ശതമാനമാണ് സ്‌ത്രീകളുടെ സ്ഥാനം. 6 ശതമാനത്തില്‍ നിന്നും 33 ശതമാനമാക്കാനുള്ള ശ്രമം നടക്കുകയാണ്. സംസ്ഥാനത്തെ പോലീസ് സേനയില്‍ 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശചെയ്തു.
ഇപ്പോള്‍ രാജ്യമെങ്ങും പോലീസ്‌സേനയില്‍ ആറു ശതമാനംമാത്രമേ സ്ത്രീകളുള്ളൂ. ഇത് തീര്‍ത്തും അപര്യാപ്തമാണെന്ന് ബി.ജെ.പി. നേതാവ് വെങ്കയ്യ നായിഡു അധ്യക്ഷനായ സമിതി ചൂണ്ടിക്കാട്ടി. 33 ശതമാനം വനിതകളെ പോലീസ്‌സ്റ്റേഷനുകളില്‍ നിയമിക്കേണ്ടതിന്റെ ആവശ്യകത കേന്ദ്രം സംസ്ഥാനങ്ങളെ പറഞ്ഞുമനസ്സിലാക്കണമെന്ന് സമിതി നിര്‍ദേശിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും എല്ലാ പോലീസ്‌സ്റ്റേഷനുകളിലും വനിതാസെല്ലുകള്‍ നിര്‍ബന്ധമായും രൂപവത്കരിക്കണമെന്നാണ് സമിതിയുടെ മറ്റൊരു ശുപാര്‍ശ. പോലീസ് സമ്പ്രദായത്തില്‍ വനിതകളുടെ ഇടപെടല്‍ അതുവഴി കൂടും. വനിതകളായ ഇരകള്‍ക്ക് പോലീസ് സ്റ്റേഷനിലെത്തി സ്വതന്ത്രമായും പേടിയില്ലാതെയും പരാതിനല്‍കാന്‍ അതുവഴി സാധിക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യുന്നത് ചട്ടപ്രകാരം നിര്‍ബന്ധമാക്കണം-സമിതി നിര്‍ദേശിച്ചു.
മറ്റുചില ശുപാര്‍ശകള്‍ താഴെപ്പറയുന്നു
റാഗിങ്ങിന്റെ കാര്യത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് ക്രിമിനല്‍നിയമപ്രകാരം കര്‍ശന നടപടിയെടുക്കണം. സ്‌കൂള്‍പാഠ്യപദ്ധതിയില്‍ പൊതുവായ മാനുഷികമൂല്യങ്ങളും സ്ത്രീകളോടും പ്രായമായവരോടും പാവപ്പെട്ടവരോടുമുള്ള ബഹുമാനം പ്രതിഫലിക്കപ്പെടണം. സ്ത്രീപുരുഷ വിഷയങ്ങളിലുള്ള ബോധവത്കരണം അധ്യാപകരിലും രക്ഷിതാക്കളിലും കുട്ടികളിലും വളര്‍ത്തണം.
മാനുഷികമൂല്യങ്ങളുംമറ്റും പ്രതിഫലിപ്പിക്കുകയും സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്യുന്ന പരിപാടികള്‍ സംപ്രേഷണംചെയ്യാന്‍ ചാനലുകള്‍ പ്രത്യേകസമയം നീക്കിവെക്കുന്നത് ഉചിതമായിരിക്കുമെന്ന് സമിതി നിരീക്ഷിച്ചു.
രാഷ്ട്രപതി ദയാഹര്‍ജി അനുവദിക്കുകയാണെങ്കില്‍ അതിനുള്ള കാരണം പരസ്യമാക്കണം. വധശിക്ഷ വിധിച്ചാല്‍ രാഷ്ട്രപതിക്ക് നല്‍കുന്ന ദയാഹര്‍ജിയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണം.
https://www.facebook.com/Malayalivartha