ശ്രീലങ്കയിലെ തമിഴരോടുള്ള സൈന്യത്തിന്റെ കൊടും ക്രൂരതയ്‌ക്കും സ്‌ത്രീ പീഡനത്തിനുമെതിരെ ഐക്യരാഷ്‌ട്ര സഭയില്‍ വോട്ട് ചെയ്യാന്‍ സമ്മര്‍ദ്ദം
ശ്രീലങ്കയില്‍ അരങ്ങേറിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ വോട്ട് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാറിനുമേല്‍ സമ്മര്‍ദ്ദം. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാത്തതിനെതിരെ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ശ്രീലങ്കയില്‍ അരങ്ങേറിയ വംശീയ കലാപത്തിന്റെ ഉത്തരവാദികളെ അന്താരാഷ്ട്ര കോടതിക്കുമുന്നില്‍ കൊണ്ടു വരണമെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ശ്രീലങ്കക്കെതിരെ വോട്ടു ചെയ്യുമോ ഇല്ലയോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. തീരുമാനമെടുത്താല്‍ എല്ലാവരേയും അറിയിക്കുമെന്നും, എല്ലാ വിഷയത്തിലുമുള്ള അന്തിമ തീരുമാനം പാര്‍ലമെന്റില്‍ എടുക്കാന്‍ സാധിക്കില്ലെന്നും ഖുര്‍ഷിദ് വ്യക്തമാക്കി. എന്നാല്‍ ഖുര്‍ഷിദിന്റെ മറുപടിയില്‍ തൃപ്‌തരാകാതെ ഡി.എം.കെ,ജെ.ഡി.യു, എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ലോക്‌സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ശ്രീലങ്കയിലെ വംശഹത്യയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു.
എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകനെ ശ്രീലങ്കന്‍ സൈന്യം കസ്റ്റഡിയിലെടുത്തശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് ആ രാജ്യത്തിനെതിരെയുള്ള പ്രതിഷേധം ശക്തമായത്. ലോകത്തിന്റെ പലഭാഗത്തുമുള്ള തമിഴ് വംശജര്‍ ശ്രീലങ്കക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തി.
ശ്രീലങ്കയില്‍ നടന്ന വംശഹത്യയെക്കുറിച്ച് ചാനല്‍ ഫോര്‍ ടെലിവിഷന്‍ തയ്യാറാക്കിയ ഡോക്യുമെന്ററി ഈ മാസം ജനീവയില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ്. ചാനല്‍ ഫോര്‍ തന്നെയായിരുന്നു പ്രഭാകരന്റെ മകന്‍ സൈന്യത്തിന്റെ ബങ്കറിനടുത്തിരുന്ന് ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കുന്നതും, വെടിയേറ്റു കിടക്കുന്നതുമായ ഫോട്ടോകള്‍ പുറത്തു വിട്ടത്. കൂടാതെ തടവിലാക്കിയ തമിഴ് വംശജരെ സൈന്യം ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന പുതിയ റിപ്പോര്‍ട്ടും പുറത്തു വന്നതോടെ ശ്രീലങ്ക കൂടുതല്‍ പ്രതിരോധത്തിലായി.
https://www.facebook.com/Malayalivartha