ഡല്‍ഹി പെണ്‍കുട്ടിയെ പിച്ചിചീന്തിയ ബസ് ഡ്രൈവര്‍ കോടതിയുടെ വിധിക്കായി കാത്ത് നിന്നില്ല, ജയിലിലെ അഴിക്കുള്ളില്‍ തൂങ്ങിമരിച്ചു
ഏറെ കോളിളക്കം സൃഷ്‌ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗത്തിലെ മുഖ്യ പ്രതി രാം സിംഗ് ആത്മഹത്യ ചെയ്‌തു. കേസിന്റെ വിചാരണയ്‌ക്കായി രാംസിംഗിനെ തിങ്കളാഴ്‌ച രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് മുഖ്യപ്രതി ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്. ഇവരുടെ വിചാരണ അതിവേഗ കോടതിയില്‍ പുരോഗമിക്കവേയാണ് മുഖ്യ പ്രതിയായ രാം സിംഗിന്റെ ആത്മഹത്യ.
ജയിലിലെ അഴിയില്‍ ഉടുത്തിരുന്ന വസ്‌ത്രം ഉപയോഗിച്ചാണ് രാം സിംഗ് തൂങ്ങിമരിച്ചത്. കനത്ത സുരക്ഷയോടെ തീഹാര്‍ ജയിലില്‍ കഴിയുകയായിരുന്നു ബസ് ഡ്രൈവറായ രാം സിംഗ്. തിങ്കളാഴ്‌ച വെളുപ്പിന് അഞ്ച് മണിയോടെയായിരുന്നു സംഭവം. അന്നേരം രാം സിംഗിനോടൊപ്പം മറ്റൊരു സഹ തടവുകാരനും സുരക്ഷയ്‌ക്കായി ഒരു ജയില്‍ വാര്‍ഡനും ഉണ്ടായിരുന്നെങ്കിലും അവരാരും ആത്മഹത്യ അറിഞ്ഞിരുന്നില്ല.
ഉടന്‍തന്നെ രാംസിംഗിനെ ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താനായില്ല.
രാംസിംഗ് ഉള്‍പ്പെടെ ആറു പേരെയാണ് ഡല്‍ഹി പീഡന കേസില്‍ പിടികൂടിയത്. 13 കേസുകള്‍ രാം സിംഗിനെതിരെ ഉണ്ടായിരുന്നു. രാം സിംഗ് കുറ്റം സമ്മതിക്കുകയും ചെയ്‌തു.
ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16നാണ് ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായത്.
രാം സിംഗിന്റെ സഹോദരന്‍ മുകേഷ് സിംഗ്, സഹായി വിനയ് ശര്‍മ്മ, ബസ് ക്ലീനര്‍ അക്ഷയ് കുമാര്‍ സിംഗ്, പഴക്കച്ചവടക്കാരന്‍ പവന്‍കുമാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍ . രാംസിംഗിന്റെ മരണത്തെ കുറിച്ച് സഹോദരനെ വിവരം അറിയിച്ചിട്ടുണ്ട്. പരസ്‌പര സംസാരവും മറ്റുള്ളവരുമായുള്ള ഇടപെടലും പൂര്‍ണമായും ഇല്ലാതായ ഇവരെ പ്രത്യകമായി നിരീക്ഷിച്ചു വരികയായിരുന്നു. അതിനിടയ്‌ക്കാണ് ദുരൂഹ സാഹചര്യത്തിലെ ഈ മരണം.
https://www.facebook.com/Malayalivartha