രാംസിംഗിന്റേത് കൊലപാതകമാണെന്ന് അഭിഭാഷകനും കുടുംബവും
ഡല്‍ഹി കൂട്ടബലാല്‍സംഗ കേസിലെ മുഖ്യപ്രതി രാം സിംഗിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പ്രതിഭാഗം അഭിഭാഷകന്‍ രംഗത്ത്. സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി രാം സിംഗിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്.
ജയിലില്‍വെച്ച് അധികൃതര്‍ മര്‍ദ്ദിച്ചതായും സഹതടവുകാര്‍ മോശമായി പെരുമാറിയിരുന്നതായും രാം സിംഗ് പറഞ്ഞിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയും രാം സിംഗിന്റെ സഹോദരനുമായ മുകേഷിന്റെ സുരക്ഷയില്‍ ആശങ്കയുള്ളതായും കുടുംബം അറിയിച്ചു.
എന്നാല്‍ രാം സിംഗ് ജയിലില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി ജയില്‍ അധികൃതര്‍ അറിയിച്ചു.
രാം സിംഗിന്റെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടു.
കഴിഞ്ഞ ഡിസംബറിലാണ് ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍വെച്ച് ഇരപത്തി മൂന്നുകാരി ക്രൂര പീഡനത്തിന് ഇരയാകുകയും, ദിവസങ്ങള്‍ നീണ്ട ചികിത്സക്കൊടുവില്‍ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങുകയും ചെയ്‌തത്. സംഭവത്തില്‍ രാം സിംഗ് ഉള്‍പ്പെടെ ആറ് പ്രതികളാണ് ഉള്ളത്.
കുറ്റം കോടതിയില്‍ തെളിഞ്ഞാല്‍ മരണശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മാനഭംഗം, കൊലപാതകം, തട്ടിക്കൊണ്ടു പോകല്‍, കവര്‍ച്ച, ഗൂഡാലോചന എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.
https://www.facebook.com/Malayalivartha