ഒന്നു വിരട്ടി നോക്കാം, പ്രതിഷേധക്കൊടുങ്കാറ്റിനിടയില്‍ ഇറ്റാലിയന്‍ സ്ഥാനപതിയെ തിരിച്ചയക്കാനൊരുങ്ങി ഇന്ത്യ
കടല്‍ക്കോല കേസിലെ പ്രതികളായ നാവികരെ ഇനി തിരിച്ചയക്കില്ലെന്ന ഇറ്റലിയുടെ നിലപാടിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ സ്ഥാനപതിയെ പുറത്താക്കാനും ഇറ്റലിയിലുള്ള ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിക്കാനും സാധ്യത തെളിയുന്നു.
ഇറ്റലിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതി അനുമതിയോടെയാണ് ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ നാട്ടിലേക്ക് പോയത്. ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്കായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നാവികര്‍ മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി കത്തിലൂടെ അറിയിക്കുകയായിരുന്നു. രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ഇന്ത്യ ലംഘിച്ചെന്നും വിദേശ പൗരന്‍മാര്‍ക്കു നല്‍കേണ്ട നിയമ പരിരക്ഷ ഇന്ത്യ നല്‍കാന്‍ തയ്യാറായില്ലെന്നും ഇറ്റലി കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാര ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്നും കത്തിലൂടെ ഇറ്റലി ആരോപിച്ചു.
2012 ഫെബ്രുവരിയിലാണ് നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനുനേരെ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയില്‍ നിന്നും വെടിവെയ്‌പ്പ് ഉണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കപ്പലിലെ സുരക്ഷാ ചുമതലയിലുള്ള നാവികരെ കേരളാ പോലീസ് കസ്‌റ്റഡിയിലെടുത്തത്.
എന്നാല്‍ കേരളത്തിന് ഇക്കാര്യത്തില്‍ കേസെടുക്കാന്‍ അധികാരമില്ലെന്നും മാരിടൈം നിയമപ്രകാരം പ്രത്യേക കോടതിയിലാണ് നാവികരുടെ വിചാരണ നടക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. കൂടാതെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലേക്ക് ഇവരെ മാറ്റണമെന്നും കോടതി നിര്‍ദേശമണ്ടായി.
വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ ആണെന്നും അതിനാല്‍ വിചാരണ ഇറ്റലിയില്‍ നടത്തണമെന്നായിരുന്നു തുടക്കം മുതല്‍ ഇറ്റലി ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha