ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു: രാംസിംഗിനെ കൊന്നതാണെന്ന ആരോപണവുമായി സഹോദരന്‍ രംഗത്ത്
ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി രാംസിംഗിനെ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് സഹോദരന്‍ രംഗത്ത്. രാംസിംഗിന്റെ ദേഹത്ത് മുറിപ്പാടുകളും, കഴുത്തില്‍ വിരലടയാളവും കണ്ടിരുന്നതായി മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയ സഹോദരന്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ പേരുവെളിപ്പെടുത്താന്‍ തയ്യാറായില്ല. രാംസിംഗിന്റെ മറ്റൊരു സഹോദരന്‍ മുകേഷും ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയാണ്.
രാംസിംഗിന്റെ മൃതദേഹം പോസ്‌റ്റ്‌മോട്ടത്തിനുശേഷം ഇന്നലെയാണ് കുടുംബത്തിന് വിട്ടുനല്‍കിയത്.രാജസ്ഥാനിലെ കരൗലിയില്‍ വച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
ഡല്‍ഹിയില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് ബസ്സിനു പുറത്തേക്ക് തള്ളിയിട്ട പെണ്‍ക്കുട്ടിയെ പോലീസ് ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വന്‍പ്രതിഷേധം തലസ്ഥാനത്ത് അരങ്ങേറിയതോടെ മെച്ചപ്പെട്ട ചികിത്സക്കായി സര്‍ക്കാര്‍ പെണ്‍ക്കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ദിവസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ പെണ്‍ക്കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു.
കേസില്‍ രാംസിംഗ് ഉള്‍പ്പെടെ ആറു പ്രതികളാണ് ഉള്ളത്. അതില്‍ ഒരു പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളാണ്. പ്രതികള്‍ക്കെതിരെ കോടതിയില്‍ വാദം നടക്കുന്നതിനിടയിലാണ് മുഖ്യപ്രതി രാംസിംഗിനെ തിങ്കളാഴ്‌ച പുലര്‍ച്ചെ ജയിലില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha