രാജ്യം പ്രതികരിക്കുന്നു: ഇറ്റാലിയന്‍ സ്ഥാനപതി ഇന്ത്യവിടരുതെന്ന് സുപ്രീം കോടതി
ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല മാന്‍സിനിയ അനുമതി കൂടാതെ രാജ്യം വിടരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഇറ്റലിക്ക് നോട്ടീസയച്ചു. ഈ മാസം 18-ന് ഇറ്റാലിയന്‍ സ്ഥാനപതി കോടതിയില്‍ ഹാജരാകണം. നാവികര്‍ എന്തുകൊണ്ട് തിരിച്ചുവരില്ലെന്ന് 18-ന് മുന്‍പ് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇറ്റലിയുടെ നിലപാട് ആശങ്കാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സാധാരണയായി നയതന്ത്ര പ്രതിനിധികള്‍ക്ക് വിയന്ന ഉടമ്പടി പ്രകാരം പ്രത്യേക പരിരക്ഷയുണ്ട്. എന്നാല്‍ അസാധാരണമായ സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്ന സാഹചര്യത്തിലേക്കാണ് നാവികരെ തിരിച്ചയക്കില്ല എന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം ചെന്നെത്തുന്നത്. ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ഇറ്റാലിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇറ്റലിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതി അനുമതിയോടെയാണ് ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ നാട്ടിലേക്ക് പോയത്. ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്കായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം നാവികര്‍ മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി കത്തിലൂടെഅറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha