ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യം വിട്ട് പേകരുത്: ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീംകോടതി
ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയില്ലെന്ന് സുപ്രീം കോടതി. കടല്‍ക്കൊലക്കേസുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ സ്ഥാനപതിയിലുള്ള വിശ്വാസം നഷ്‌ടപ്പെട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. വിചാരണയ്‌ക്കായി നാവികര്‍ ഇന്ത്യയിലേക്കു മടങ്ങിവരില്ലെന്ന നിലപാടിന്മേല്‍ ഇറ്റലിയുടെ വിശദീകരണം മാര്‍ച്ച് 22-ന് മുന്‍പ് കേള്‍ക്കില്ലെന്നും ഏപ്രില്‍ രണ്ടിനായിരിക്കും വീണ്ടും പരിഗണിക്കുകയെന്നും കോടതി അറിയിച്ചു.
ഇത് രണ്ടാം തവണയാണ് ഇറ്റാലിയന്‍ സ്ഥാനപതി രാജ്യം വിട്ടുപോകരുതെന്ന് സുപ്രീംകോടതി ഉത്തരവിടുന്നത്. നേരത്തെ മാര്‍ച്ച് പതിനെട്ടുവരെ രാജ്യം വിട്ടുപോകരുതെന്നായിരുന്നു കോടതി ഉത്തരവിട്ടത്. സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്ന് ഇറ്റലിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ രോഹ്‌ത്തഗി കോടതിയില്‍ വാദിച്ചു.
ഇറ്റലിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു വേണ്ടി സുപ്രീം കോടതി അനുമതിയോടെയാണ് ഇറ്റാലിയന്‍ നാവികരായ മാര്‍സിമിലാനോ, സാല്‍വത്തോറെ ഗിറോണ്‍ എന്നിവര്‍ നാട്ടിലേക്ക് പോയത്. ഇവരെ തിരിച്ചെത്തിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്വം ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിക്കായിരിക്കും എന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ നാവികര്‍ മടങ്ങിയെത്തില്ലെന്ന് ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജൂലിയോ തര്‍സി കത്തിലൂടെ അറിയിക്കുകയായിരുന്നു. രാജ്യാന്തര കീഴ്‌വഴക്കങ്ങള്‍ ഇന്ത്യ ലംഘിച്ചെന്നും വിദേശ പൗരന്‍മാര്‍ക്കു നല്‍കേണ്ട നിയമ പരിരക്ഷ ഇന്ത്യ നല്‍കാന്‍ തയ്യാറായില്ലെന്നും ഇറ്റലി കുറ്റപ്പെടുത്തി. പ്രശ്‌ന പരിഹാര ശ്രമങ്ങളോട് ഇന്ത്യ സഹകരിക്കുന്നില്ലെന്നും കത്തിലൂടെ ഇറ്റലി ആരോപിച്ചു.
2012 ഫെബ്രുവരിയിലാണ് നീണ്ടകരയില്‍ മത്സ്യബന്ധനത്തിനു പോയ ബോട്ടിനുനേരെ ഇറ്റാലിയന്‍ കപ്പലായ എന്‍റിക്ക ലെക്‌സിയില്‍ നിന്നും വെടിവെയ്‌പ്പ് ഉണ്ടായത്. സംഭവത്തില്‍ രണ്ട് മത്സ്യ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് കപ്പലിലെ സുരക്ഷാ ചുമതലയിലുള്ള നാവികരെ കേരളാ പോലീസ് കസ്‌റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha