കരുണാനിധിയെ അനുനയിപ്പിക്കാന് കേന്ദ്രമന്ത്രിമാര് തമിഴ്നാട്ടിലേക്ക്
ഡി.എം.കെ നേതാവ് കരുണാനിധിയെ അനുനയിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരുടെ സംഘം തമിഴ്‌നാട്ടിലെത്തും. ശ്രീലങ്കക്കെതിരെ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുമെന്ന് കരുണാനിധി മുന്നറിയിപ്പ് നല്‍കിയതോടെയാണ് മന്ത്രിമാര്‍ കരുണാനിധിയുമായി ചര്‍ച്ച നടത്താന്‍ ചെന്നൈയില്‍ എത്തുന്നത്. ലങ്കാ വിരുദ്ധ പ്രമേയത്തില്‍ നരഹത്യാകുറ്റം ചുമത്തുന്നതിനുള്ള ഭേദഗതി ഇന്ത്യ നിര്‍ദേശിക്കണമെന്നും, കരുണാനിധി ആവശ്യപ്പട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് പിന്തുണ പിന്‍വലിക്കുമെന്ന മുന്നറിയിപ്പുമായി കരുണാനിധി രംഗത്തെത്തിയത്. പ്രതിരോധമന്ത്രി എ.കെ. ആന്റണി, ധനമന്ത്രി പി.ചിദംബരം, തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം ഗുലാം നബി.ആസാദ് എന്നിവരടങ്ങുന്ന സംഘമാണ് തമിഴ്‌നാട്ടിലെത്തുന്നത്.
ശ്രീലങ്കക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. നൂറുകണക്കിന് കോളേജ് വിദ്യാര്‍ത്ഥികള്‍ രാജ് ഭവനിലേക്ക് മാര്‍ച്ച് നടത്തി. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളിലും വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ തമിഴ് ചലച്ചിത്ര പ്രവര്‍ത്തകര്‍ നാളെ ഉപവാസ സമരം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha