ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18 ല്‍ നിലനിര്‍ത്തി ബലാല്‍സംഗ വിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ബലാല്‍സംഗ വിരുദ്ധബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്റേയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലൈംഗിക ബന്ധത്തിന് ഏര്‍പ്പെടുന്നതിനുള്ള പെണ്‍കുട്ടികളുടെ പ്രായപരിധി 18 ആയി തന്നെ നിലനിര്‍ത്തിയതോടെ ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബില്ലിനെ അനുകൂലിക്കും. സര്‍ക്കാരിന് ബില്ല് പാസാക്കുന്നതിനുള്ള എല്ലാ പിന്തുണയും നല്‍കുമെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇതോടെ ബില്ലിന്റെ കാലാവധി തീരുന്ന വെള്ളിയാഴ്‌ചക്കു മുന്‍പുതന്നെ ബില്ല് പാസാക്കാന്‍ കഴിയും.
ഡല്‍ഹി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെകുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്‌റ്റിസ് വര്‍മ കമ്മീഷന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ ഉള്‍പെടുത്തി കൊണ്ടുള്ളതാണ് ബില്ല്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബില്ലിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. എല്ലാ കക്ഷികളുടേയും പിന്തുണ നേടാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായ പരിധി പതിനെട്ടില്‍ നിന്ന് പതിനാറാക്കി കുറക്കണം എന്ന ബില്ലിലെ നിര്‍ദേശത്തോട് ബി.ജെ.പിയും,സമാജ്വാദി പാര്‍ട്ടിയും അടക്കമുള്ള കക്ഷികള്‍ എതിര്‍ത്തതോടെ യോഗത്തില്‍ സമവായം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രായപരിധി പതിനെട്ടായി തന്നെ നിലനിര്‍ത്തിയത്.
ബലാല്‍സംഗം എന്ന വാക്ക് ലൈംഗിക പീഡനത്തിന് പകരമായി ഉപയോഗിക്കണം എന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. കൂടാതെ ബലാല്‍സംഗത്തിനിടയില്‍ ഇരകള്‍ കൊല്ലപ്പെടുകയാണെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
https://www.facebook.com/Malayalivartha