കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈക്കോടതി
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലും സ്ഥാപനങ്ങളിലും കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് 90ഉം 135ഉം ദിവസം മാത്രം പ്രസവാവധി നല്‍കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരായ പി.വി. രാഖി, കെ.എസ്. നിഷ, റീജമോള്‍, ജയപ്രഭ, ബിതമോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ (അസാപ്) പ്രോഗ്രാം മാനേജറാണ് ഹരജിക്കാരില്‍ ഒരാള്‍. 2014 സെപ്റ്റംബര്‍ 21 മുതല്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്. കരാര്‍ രണ്ടുതവണ നീട്ടി.
കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരായി പ്രവര്‍ത്തിക്കുന്നവരാണ് മറ്റുള്ളവര്‍. 135 ദിവസം മാത്രമാണ് ഇവര്‍ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രസവാവധി അനുവദിച്ചത്. സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ആറുമാസത്തെ പ്രസവാവധി തങ്ങള്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.
എന്നാല്‍, ഹര്‍ജിക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് 12 ആഴ്ചക്കപ്പുറം അവധി നല്‍കാനാവില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വിസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ചത്തെ പ്രസവാവധി കേന്ദ്രഫസംസ്ഥാന സര്‍ക്കാറുകളിലെ സ്ഥിരം ജീവനക്കാര്‍ക്കേ നല്‍കാനാവൂ. അസാപ് ജീവനക്കാര്‍ക്ക് 90 ദിവസം പ്രസവാവധി നല്‍കിയാല്‍മതിയെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.
സര്‍വശിക്ഷ അഭയാന് കീഴിലെ ജീവനക്കാര്‍ക്കെന്നപോലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ ജീവനക്കാര്‍ക്കും 90 ദിവസമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മാതൃത്വപരമായ കടമ നിറവേറ്റലിന്റെ ഭാഗമായ പ്രസവത്തിനുള്‍പ്പെടെ ജീവനക്കാരികള്‍ക്ക് മതിയായ അവധി നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, പ്രസവാവധിയെടുക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകും.
കേരള സര്‍വിസ് ചട്ടപ്രകാരം ജീവനക്കാരികള്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹരജിക്കാര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിലെ കരാര്‍ ജീവനക്കാരാണ്. അതിന്റെ പേരില്‍മാത്രം അവരോട് വിവേചനം പാടില്ല. ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കരാര്‍ ജീവനക്കാരുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അസാധുവാക്കി.
https://www.facebook.com/Malayalivartha