ഇറാഖില്‍ ഐ.എസ് കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; താമസിക്കാതെ ഇവ നാട്ടിലെത്തിക്കും
ഐ.എസ് ഭീകരര്‍ ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. കാണാതായവരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വിദേശസഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നടത്തുകയായിരുന്നു. അതിനിടെയാണ് ശവക്കുഴികളില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവര്‍ പഞ്ചാബ്, ബംഗാള്‍, ഹിമാചല്‍ പ്രദേശ് , ബിഹാര്‍ സ്വദേശികളാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. കാണായായവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ സാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. മൃതദേഹ അവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്ന് സുഷമാസ്വരാജ് വ്യക്തമാക്കി. 2014ല്‍ മൊസൂളില്‍ നിന്നാണ് ഇവരെ ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.
ഐ.എസ് ആധിപത്യത്തില്‍ നിന്ന് മൊസൂള്‍ മോചിപ്പിച്ചതായി ഇറാഖ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാണാതായ ഇന്ത്യക്കാരുടെ വിവരം തേടി വിദേശകാര്യസഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്ക് പറന്നിരുന്നു. പ്രത്യേക വിമാനത്തില്‍ മൃതദേഹം എത്തിക്കാന്‍ അദ്ദേഹം തന്നെ നേതൃത്വം നല്‍കും. 2017ല്‍ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തയ്യാറായില്ല. വ്യക്തമായ തെളിവുകള്‍ ഇല്ലെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു. തുടര്‍ന്നാണ് കാണാതായവരുടെ ബന്ധുക്കളുടെ ഡി.എന്‍.എ സാംപിളുകള്‍ ശേഖരിച്ചത്.
https://www.facebook.com/Malayalivartha