സ്ത്രീധനത്തിന്റെ പേരില്‍ പീഡനം: ഒഡീഷ മുന്‍ നിയമ മന്ത്രിയെ പോലീസ് അറസ്റ്റു ചെയ്തു
സ്ത്രീധന പീഡനത്തിന്റെ പേരില്‍ രാജിവെച്ച ഒഡീഷ നിയമമന്ത്രി രഘുനാഥ് മൊഹന്തിയെ പോലീസ് അറസ്റ്റു ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായും, ശാരീരികമായും പീഡിപ്പിച്ചെന്ന പേരില്‍ മൊഹന്ദിയുടെ മരുമകള്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവും കുടുംബാംഗങ്ങളും സ്ത്രീധനത്തിന്റെ പേരില്‍ തന്നെ പീഡിപ്പിച്ചു എന്നു കാട്ടി മൊഹന്തിയുടെ മകന് രാജശ്രീയുടെ ഭാര്യ ബര്‍സയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രശ്നം ഒഡീഷ നിയമസഭയിലും ചര്‍ച്ചയായി. ഇതിനെ തുടര്‍ന്ന് താന്‍ നിരപരാധിയാണെന്നും എന്നാല്‍ ധാര്‍മികതയുടെ പേരില്‍ രാജിവെക്കുകയാണെന്നും മൊഹന്തി വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ ജൂണ്‍ 24നാണ് രാജശ്രീ, ബര്സയെ വിവാഹംചെയ്തത്. 10 ലക്ഷം രൂപയും വീട്ടുപകരണങ്ങളും വിവാഹസമയത്ത് തന്റെ മാതാപിതാക്കള്‍ നല്‍കിയിരുന്നെന്ന് ബര്‍സയുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ 25 ലക്ഷം രൂപയും ഒരു സ്കോര്‍പ്പിയോ കാറും കൂടി വേണമെന്ന് അമ്മായിയമ്മ ആവശ്യപ്പെട്ടു. താന്‍ ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍, അമ്മായിയമ്മ പറഞ്ഞത് അനുസരിക്കാനാണ് ഭര്‍ത്താവും ഭര്‍തൃപിതാവും ഉപദേശിച്ചത്. ഇതു തന്നെ ഞെട്ടിച്ചു. ഇതിനിടെ കഴിഞ്ഞ 13ന് തന്നെ തട്ടിക്കൊണ്ടു പോയി കൊല്ലാനും ശ്രമം നടന്നു. തന്റെ കുടുംബാംഗങ്ങള്‍ കൃത്യസമയത്ത് എത്തിയാണ് അജ്ഞാതരില്‍നിന്ന് രക്ഷിച്ചത്. തുടര്‍ന്ന് താന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയെന്ന് ബര്‍സ പറഞ്ഞു.
https://www.facebook.com/Malayalivartha