ലോക്‌പാല്‍ ഒരു മരീചിക
1968ലാണ് ആദ്യമായി ലോക്‌പാല്‍ ബില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍, 1969ല്‍ ലോക്‌സഭ പിരിച്ചുവിട്ടതോടുകൂടി ആ സംരംഭം നടക്കാതെ പോയി. അതിനുശേഷം 1971, 72, 85, 89, 96, 98, 2001, 2005, 2008, അവസാനമായി 2011 എന്നീ വര്‍ഷങ്ങളില്‍ ലോക്‌പാലിനുവേണ്ടി നടന്ന ശ്രമങ്ങളും ലക്ഷ്യം കാണാതെ അവസാനിച്ചു. 2003ല്‍ യുഎന്നില്‍ നടന്ന അഴിമതിവിരുദ്ധ കണ്‍വെന്‍ഷനില്‍ അന്നത്തെ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍, ലോകത്തെമ്പാടുമുള്ള ചെറുതും വലുതുമായ രാജ്യങ്ങളില്‍ സര്‍വസാധാരണമായി അഴിമതി നടക്കുന്നതായും അതു ഭരണസംവിധാനങ്ങളെയും മറ്റു വ്യവസ്ഥിതികളെയും മഹാമാരിയായ `പ്ലേഗ്' പോലെ ബാധിച്ചിട്ടുണ്ടെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഇന്ത്യ കൂടി ഒപ്പിട്ട ഈ കണ്‍വെന്‍ഷന്റെ `പ്രീ ആമ്പിള്‍'- അഴിമതി സമൂഹത്തിന്റെ നിലനില്‌പ്പിനും ജനാധിപത്യമൂല്യങ്ങള്‍ക്കും ഭരണ-നിയമവാഴ്‌ചാ സ്ഥാപനങ്ങള്‍ക്കും ഭീഷണിയാണെന്നും അവയെയെല്ലാം കളങ്കപ്പെടുത്തുന്നു എന്നും വിവരിക്കുകയുണ്ടായി. സിവില്‍ സൊസൈറ്റിയും സന്നദ്ധസംഘടനകളും അഴിമതിക്കെതിരായി പ്രതികരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്‌തു.
2011ല്‍ ഇന്ത്യയില്‍ ലോക്‌പാല്‍ ബില്ലിനായി നടന്ന പൊതുജന മുന്നേറ്റവും അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളും വളരെയേറെ ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അഴിമതിക്കെതിരെ ശക്തമായ ഒരു ലോക്‌പാല്‍ സംവിധാനം ആവശ്യമാണെന്നു ജനങ്ങള്‍ ആഗ്രഹിക്കുകയും പ്രത്യക്ഷസമരപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്‌തു. എന്നാല്‍, ലോക്‌പാല്‍ ബില്ലിനുവേണ്ടി നടന്ന എല്ലാ ശ്രമങ്ങളും തുടങ്ങിയിടത്തുതന്നെ അവസാനിച്ച കാഴ്‌ചയാണു നാം കണ്ടത്.
ഈ അവസരത്തില്‍ ഇത്രയും ജനശ്രദ്ധയും ജനപങ്കാളിത്തവും ഉണ്ടായിരുന്നിട്ടും ലോക്‌പാല്‍ ബില്‍ എങ്ങനെ, എന്തുകൊണ്ടു പരാജയപ്പെട്ടുവെന്നും ഗവണ്‍മെന്റിന്റെ ലോക്‌പാല്‍ ബില്ലും അണ്ണാ ഹസാരെ സംഘം ആവശ്യപ്പെട്ട ജന-ലോക്‌പാല്‍ ബില്ലും തമ്മില്‍ ഉണ്ടായിരുന്ന വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നും നോക്കാം.
ലോക്‌പാല്‍ബില്‍
1. മന്ത്രിമാര്‍, എം.പിമാര്‍, ഇവരുടെ പാര്‍ലമെന്റിന്റെ പുറത്തുള്ള ചെയ്‌തികള്‍ ബില്ലിന്റെ പരിധിയില്‍ വരും. ഗവണ്‍മെന്റ് ഗ്രൂപ്പ് `എ' ഉദ്യോഗസ്ഥരും, ഗവണ്‍മെണ്ട് സഹായം കിട്ടുന്ന എന്‍.ജി.ഒകളും, മുന്‍ പ്രധാനമന്ത്രിമാരും ബില്ലിന്റെ പരിധിയില്‍ വരും. ജഡ്‌ജിമാര്‍ ബില്ലിന്റെ പരിധിയില്‍ വരില്ല.
2. ചെയര്‍പേഴ്‌സണും 8 അംഗങ്ങളും ഉള്‍പ്പെട്ടതാണു ലോക്‌പാല്‍. ഇതില്‍ പകുതി അംഗങ്ങള്‍ ജുഡീഷ്യറിയില്‍ നിന്ന്.
3. ചെയര്‍പേഴ്‌സണ്‍, അംഗങ്ങള്‍
ഇവരെ നിര്‍ണയിക്കുന്നത് ഒരു സെലക്ഷന്‍ കമ്മിറ്റിയാണ്. ഈ കമ്മിറ്റിയില്‍ പ്രധാനമന്ത്രി, ഇരുസഭകളിലെയും പ്രതിപക്ഷനേതാക്കന്മാര്‍, രണ്ടു സുപ്രീംകോടതി ജഡ്‌ജിമാര്‍/ഹൈക്കോടതി ചീഫ് ജസ്റ്റീസ്, ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍, സി.എ.ജി എന്നിവര്‍ അംഗങ്ങള്‍.
4. ലോക്‌പാലിലെ ജുഡീഷ്യല്‍ അംഗങ്ങള്‍ സുപ്രീംകോടതി ജഡ്‌ജിമാരോ, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാരോ ആയിരിക്കണം. മറ്റുള്ളവര്‍ക്ക് 25 വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം, അഴിമതി വിരുദ്ധപ്രവര്‍ത്തനങ്ങളിലോ, പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷന്‍, വിജിലന്‍സ്, സാമ്പത്തികരംഗം എന്നീ തലങ്ങളിലോ പരിചയം ഉണ്ടായിരിക്കണം.
5. അംഗങ്ങളെ മാറ്റുന്നതിന് 100 എം.പിമാര്‍ ഒപ്പിട്ട പരാതിയിലോ ഒരു പൗരന്‍ കൊടുത്ത പരാതിയിലോ പ്രസിഡണ്ടിനു യുക്തമെന്നു തോന്നിയാല്‍ സുപ്രീംകോടതിയുടെ അന്വേഷണം ആവശ്യപ്പെടാം. സ്വയം ബോധ്യപ്പെടുന്ന കാര്യങ്ങളിലും അന്വേഷണം ആവശ്യപ്പെട്ട് അംഗങ്ങളെ മാറ്റാം. കൂടാതെ മാനസികവും ശാരീരികവുമായ ദൗര്‍ബല്യങ്ങള്‍ ഉള്ള ആളുകളെയും മാറ്റാവുന്നതാണ്.
6. അഴിമതി നിരോധനനിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ കുറ്റങ്ങളും ലോക്‌പാലിന്റെ പരിധിയിലും വരും.
7. ഒരു പ്രത്യേക സ്വതന്ത്ര അന്വേഷണ ഏജന്‍സി ലോക്‌പാലിന്റെ കീഴില്‍ ഉണ്ടാകും.
8. പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗം ഉണ്ട്.
9. പ്രത്യേക കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കും. മുന്‍കൂര്‍ അനുമതി ആവശ്യമില്ല. എന്നാല്‍, ചാര്‍ജ് ഷീറ്റിന്റെ കോപ്പി ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളില്‍ എത്തിക്കണം.
10. ലോക്‌പാല്‍ ഒരു സങ്കടപരിഹാര ഏജന്‍സി ആയിരിക്കുകയില്ല.
ജന-ലോക്‌പാല്‍ ബില്‍
1. മന്ത്രിമാര്‍, എം.പിമാര്‍, ഇവരുടെ പാര്‍ലമെന്റിന് അകത്തും പുറത്തുമുള്ള ചെയ്‌തികള്‍, എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍, ജഡ്‌ജിമാര്‍, പ്രധാനമന്ത്രി എന്നിവര്‍ ബില്ലിന്റെ പരിധിയില്‍ വരും. എന്നാല്‍, എന്‍.ജി.ഒ (സന്നദ്ധസംഘടനകള്‍)കള്‍ പരിധിയില്‍ വരില്ല.
2. ചെയര്‍പേഴ്‌സണും 10 അംഗങ്ങളും ഉള്ളതാണു ജനലോക്‌പാല്‍. ഇതില്‍ നാലുപേര്‍ ജുഡീഷ്യറിയില്‍ നിന്നുള്ളവര്‍.
3. അംഗങ്ങളെ കണ്ടെത്താന്‍ 10 പേരുള്ള സേര്‍ച്ച് കമ്മിറ്റി. ഇതില്‍ അഞ്ചുപേര്‍ റിട്ടയേര്‍ഡ് സി.ഇ.സി, സി.എ.ജി എന്നിവര്‍. ബാക്കി 5 പേര്‍ സിവില്‍ സൊസൈറ്റിയില്‍ നിന്നുള്ളവര്‍ ആയിരിക്കും.
4. ജനലോക്‌പാല്‍ അംഗങ്ങള്‍ക്കു സുപ്രീംകോടതിയിലോ, ഹൈക്കോടതിയിലോ 10 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. 15 വര്‍ഷം സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ പ്രവര്‍ത്തിച്ചിട്ടുള്ള വക്കീലന്മാരും (കുറഞ്ഞപ്രായം 45) പരിഗണിക്കപ്പെടാം.
5. ഏതെങ്കിലും ഒരു പൗരന്‍ പരാതി കൊടുത്താല്‍ സുപ്രീംകോടതിക്ക് അന്വേഷണം നടത്തി സ്വഭാവദൂഷ്യം ബോധ്യപ്പെട്ടാല്‍ അംഗങ്ങളെ മാറ്റാം. മാനസ്സികവും ശാരീരികവുമായ ദൗര്‍ബല്യങ്ങള്‍ ഉള്ളവരെയും ഒഴിവാക്കാം.
6. അഴിമതി നിരോധന നിയമത്തിനു കീഴില്‍ വരുന്ന കുറ്റങ്ങള്‍ക്കു പുറമേ ഇന്ത്യന്‍ പീനല്‍ കോഡ് (ഐ.പി.സി) പ്രതിപാദിക്കുന്ന കുറ്റങ്ങള്‍, പൗരാവകാശങ്ങളെ ഹനിക്കല്‍ ഇവ കൂടി ഉള്‍പ്പെടുന്നു.
7. സിബിഐ ജനലോക്‌പാലിന്റെ കീഴില്‍ അന്വേഷണ ഏജന്‍സിയായി പ്രവര്‍ത്തിക്കും.
8.സിബിഐയുടെ പ്രോസിക്യൂഷന്‍ വിഭാഗം ആ ചുമതലകള്‍ നിര്‍വഹിക്കും.
9. പ്രധാനമന്ത്രി, മന്ത്രിമാര്‍, എം.പിമാര്‍, സുപ്രീംകോടതി/ഹൈക്കോടതി ജഡ്‌ജിമാര്‍ ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ എടുക്കുന്നതിന് അനുമതി ആവശ്യമാണ്. ഇതിനായി ജനലോക്‌പാലിന് ഒരു ഏഴംഗ ബഞ്ച് ഉണ്ടായിരിക്കും.
10. പൗരന്മാരുടെ സങ്കടപരിഹാരത്തിനായി പ്രവര്‍ത്തിക്കും.
യോജിപ്പും വിയോജിപ്പും
ഇതില്‍ നിന്നും വ്യക്തമാകുന്നത്, പരസ്‌പര ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ കഴിയാത്ത രൂക്ഷമായ ഭിന്നതകള്‍ ഗവണ്‍മെണ്ട് കൊണ്ടുവന്ന ലോക്‌പാല്‍ ബില്ലിലോ, അണ്ണാ ഹസാരെ സംഘത്തിന്റെ ജനലോക്‌പാല്‍ ബില്ലിലോ ഉണ്ടായിരുന്നില്ല എന്ന വസ്‌തുതയാണ്. പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ഔദ്യോഗിക പദവി വിട്ടശേഷം മാത്രം ബില്ലിന്റെ പരിധിയില്‍ വരുമെന്നും, അതല്ല പ്രധാനമന്ത്രിയും ബില്ലിന്റെ പരിധിയില്‍ ഉണ്ടാകണമെന്നും തര്‍ക്കം ഉണ്ടായി. മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെ കാര്യത്തിലും രണ്ടഭിപ്രായം നിലനിന്നു.
പാര്‍ലമെന്റിന് അകത്ത് അംഗങ്ങളുടെ പെരുമാറ്റവും സംസാരവും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 105 പ്രകാരം സംരക്ഷണം ഉള്ളതാണ്. ഈ അവകാശം വേണ്ടെന്നു വച്ചുകൊണ്ടുള്ള ഒരു നിയമനിര്‍മാണത്തിന് ഏതെങ്കിലും ഒരു അംഗം തയ്യാറാകുമോ? തന്നെയുമല്ല നമ്മുടെ ചില ജനപ്രതിനിധികള്‍ പാര്‍ലമെന്റിനു പുറത്താണു കൂടുതല്‍ മാന്യമായി പെരുമാറുന്നതെന്നിരിക്കെ, പാര്‍ലമെന്റിനകത്തുള്ള അവരുടെ ചില പ്രവൃത്തികള്‍ ലോക്‌പാലിന്റെ പരിധിയില്‍ കൊണ്ടുവന്നാല്‍ ഫലമെന്താകും? ~ഒരു ലോക്‌പാലിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളും ഈ പരാതികള്‍ അന്വേഷിക്കാന്‍ വേണ്ടിവരില്ലേ?
സന്നദ്ധസംഘടനകളെ പൂര്‍ണമായും ജനലോക്‌പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയ ഹസ്സാരെ സംഘം സ്വന്തം താത്‌പര്യങ്ങള്‍ക്കു കോട്ടം വരാതിരിക്കുവാനും ശ്രദ്ധിച്ചു. അങ്ങനെ രണ്ടുപക്ഷവും സ്വന്തം നിലനില്‌പു സംരക്ഷിക്കാന്‍ ആവശ്യമായ വിട്ടുവീഴ്‌ചകള്‍ക്കു ബോധപൂര്‍വം തയ്യാറായി എന്നതാണു സത്യം. ഇതിനും പുറമേ രണ്ടു ബില്ലുകളിലും കോര്‍പ്പറേറ്റ് ഏജന്‍സികളെപ്പറ്റി പ്രത്യേക പരാമര്‍ശങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നുള്ളത് എടുത്തു പറയാവുന്ന ഒരു സാദൃശ്യമാണ്. ഇന്ന് ഇന്ത്യയില്‍ വെളിച്ചത്തു വന്നിട്ടുള്ള എല്ലാ അഴിമതിക്കഥകളിലും ഇവരുടെ പങ്കും സാന്നിധ്യവും പ്രകടമായിട്ടുള്ളതാണ്. എന്നാല്‍, ഗവണ്‍മെന്റും ഹസ്സാരെ സംഘവും ഇക്കൂട്ടരെ വളരെ സൗകര്യപൂര്‍വം ഒഴിവാക്കി കൊടുത്തത് എന്തിനെന്ന ചോദ്യവും നിലനില്‌ക്കുന്നതാണ്.
ഇതെല്ലാം ചേര്‍ത്തു വായിച്ചാല്‍ അഴിമതി പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അതിനെതിരെ പോരാടുന്നതിനും ഒരു സ്വതന്ത്ര ഏജന്‍സിയാക്കി ലോക്‌പാലിനെ മാറ്റുന്നതിനു രണ്ടുകൂട്ടരും ആഗ്രഹിക്കുന്നില്ല എന്നുവേണം സാധാരണ ജനം മനസ്സിലാക്കാന്‍.
ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ലോക്‌പാല്‍ ബില്‍ പാര്‍ലമെണ്ടില്‍ കൊണ്ടുവന്നതിന്റെ പുറകിലുള്ള ചേതോവികാരം അഴിമതിക്കെതിരെ ഹസ്സാരെ സംഘത്തിനു കിട്ടിയിരുന്ന ജനപിന്തുണ അവസാനിപ്പിക്കുക മാത്രമായിരുന്നോ എന്നു സംശയിച്ചാലും തെറ്റു പറയാനാവില്ല. എങ്ങനെയും ലോക്‌പാലിനു വേണ്ടിയുള്ള പൊതുജനാവേശം തണുപ്പിക്കുവാനുള്ള ശ്രമങ്ങളും ഉണ്ടായിരുന്നല്ലോ.
അതേസമയം ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ വിരല്‍തുമ്പില്‍, വരച്ച വരയില്‍ നിര്‍ത്താന്‍ അണ്ണാഹസാരെ സംഘം കാണിച്ച പിടിവാശി ലോക്‌പാലും അഴിമതിയും രണ്ടാംസ്ഥാനത്തേക്കു പിന്‍തള്ളപ്പെടാന്‍ കാരണമായി. ഭരണം നിലനിര്‍ത്തുന്നതിനുള്ള ഭൂരിപക്ഷം പലപ്പോഴും ഭീഷണി ഉയര്‍ത്തുന്ന ഒരു ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുന്നതിനുള്ള അവസരം അണ്ണാഹസാരെ വഴി നേടി എടുക്കാന്‍ നടന്ന ചില രാഷ്‌ട്രീയ കരുനീക്കങ്ങളും കൂടി ഇതിനിടയില്‍ ഉണ്ടായപ്പോള്‍ വീണ്ടും ലോക്‌പാലിന്റെ പ്രസക്തി അണ്ണാഹസാരെ തുടങ്ങിവച്ച പൊതുജനമുന്നേറ്റത്തിനു കൈമോശം വന്നുപോകുകയുണ്ടായി. ഹസ്സാരെ സംഘത്തിനെ സംബന്ധിച്ചിടത്തോളം ഒരു വസ്‌തുത മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യയില്‍ ഒരു നിയമം പാസ്സാക്കണമെങ്കില്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുക്കണമെന്നുള്ള സത്യം അവര്‍ ഓര്‍മിക്കേണ്ടതായിരുന്നു. സമ്മര്‍ദംകൊണ്ടുമാത്രം ഒരു നിയമം പാര്‍ലമെന്റില്‍ പാസ്സാക്കുവാന്‍ കഴിഞ്ഞാല്‍ പിന്നെ ജനപ്രതിനിധികളുടെയും നിയമനിര്‍മാണസഭകളുടെയും പ്രസക്തിയും നിലനില്‌പും എന്തായിരിക്കും? അഴിമതിക്കെതിരെ ഹസ്സാരെയും സംഘവും കൊണ്ടുവന്ന ജനമുന്നേറ്റത്തിന്റെ അന്തഃസത്തയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെട്ടു. പാര്‍ലമെന്റിനും ഭരണഘടനാ സംവിധാനങ്ങള്‍ക്കും എതിരായുള്ള ഒരു സമരമായി അതു ചിത്രീകരിക്കപ്പെടുന്നതിനും അവസരം ഉണ്ടാക്കി. അഴിമതിക്കെതിരായി നടത്തുന്ന ഏതു നീക്കങ്ങളും കരുതലോടെ, അല്ലെങ്കില്‍ വഴി തിരിച്ചുവിട്ട് ആ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനുള്ള കുതന്ത്രങ്ങള്‍ വിവിധ തലങ്ങളില്‍ നിന്നും ഉണ്ടാവും എന്നതും ശ്രദ്ധേയമായ മറ്റൊരു വസ്‌തുതയാണ്.
ജനങ്ങള്‍ക്കും രാഷ്‌ട്രത്തിനും വേണ്ടി പ്രവര്‍ത്തിക്കേണ്ട രാഷ്‌ട്രീയപാര്‍ട്ടികള്‍ മനസ്സുവച്ചാല്‍ ഇന്നു രാജ്യത്തു നടക്കുന്ന 80% അഴിമതികളും ഇല്ലാതാകും. എന്നാല്‍, വ്യക്തികളും പാര്‍ട്ടിപ്രവര്‍ത്തകരും നടത്തുന്ന അഴിമതികള്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് ഇപ്പോള്‍ കാണുന്നത്. രാജ്യത്തിന്റെ ഭരണസംവിധാനങ്ങളും നിയമപരിപാലകരും അഴിമതിക്കാരുടെ ആജ്ഞാനുവര്‍ത്തികളായി മാറുന്ന സംഭവങ്ങളും സമൂഹമനസ്സാക്ഷിയെ അമ്പരപ്പിച്ചിട്ടുണ്ട്. ഇനിയും ഒരു തിരിച്ചുവരവ് അത്ര എളുപ്പമാകില്ലെന്നുള്ളതിന്റെ ഉദാഹരണങ്ങളാണു പാര്‍ലമെന്റിലും ദില്ലിയിലെ രാംലീലാ മൈതാനത്തും മുംബൈയിലുമെല്ലാം അരങ്ങേറിയ നാടകങ്ങളുടെ അന്ത്യം.
ഇനിയും പ്രതീക്ഷയ്‌ക്കുള്ള വഴിയെന്താണ്? നമ്മുടെ രാജ്യത്തു നിലവിലുള്ള നീതിനിര്‍വഹണ വ്യവസ്ഥിതിയില്‍ ജനങ്ങള്‍ക്കു പ്രതീക്ഷയും വിശ്വാസവും നഷ്‌ടപ്പെട്ടിട്ടില്ല. ലോകമെമ്പാടുമുള്ള നീതിന്യായ വ്യവസ്ഥിതികളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യന്‍ ജുഡീഷ്യറി ശ്രേഷ്‌ഠവും സ്വതന്ത്രവുമാണ്. നമ്മുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതി, ഭരണഘടനയുടെ കാവലാളും രാജ്യത്തെ നിയമവാഴ്‌ചയുടെ തിലകക്കുറിയുമാണെന്നു തെളിയിക്കുന്ന അനേകം വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതെല്ലാം ജനങ്ങള്‍ അഭിമാനപൂര്‍വം സ്വാഗതം ചെയ്‌തിട്ടുമുണ്ട്. ഈ അടുത്ത ദിവസങ്ങളിലുണ്ടായ സുപ്രീം കോടതിയുടെ ചില വിധികളും ഇതിനുദാഹരണങ്ങളാണ്. അതോടൊപ്പം രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രതികരണങ്ങള്‍ രാജ്യത്തെ നിയമസംഹിതയോട് അവര്‍ വച്ചുപുലര്‍ത്തുന്ന ബഹുമാനത്തിന്റെയും അംഗീകാരത്തിന്റെയും തെളിവാണെന്ന രഹസ്യവും കൂടിയാണത്.
അഴിമതി നിയന്ത്രിക്കുന്നതിനു നിലവിലുള്ള നിയമങ്ങളും കോടതിയും പര്യാപ്‌തവും പ്രാപ്‌തവുമാണെന്ന് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുകയും ജനങ്ങള്‍ അവയില്‍ പ്രതീക്ഷ അര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ലോക്‌പാല്‍ ഒരു മരീചികയായി ജനങ്ങള്‍ക്കു മുമ്പില്‍ നില്‌ക്കട്ടെ!
https://www.facebook.com/Malayalivartha