എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണക്ക് നിരത്തി താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ ?വസ്തുതകള്‍ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ ?പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് യുഡിഎഫ് സര്‍ക്കാരുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കണക്ക് നിരത്തി താരതമ്യം ചെയ്യാന്‍ തയ്യാറുണ്ടോ എന്നും പ്രതിപക്ഷത്തെ വെല്ലുവിളിച്ച് അദ്ദേഹം ചോദിച്ചു .
കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന - സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി, കൃത്യമായ വസ്തുതകള്‍ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ എന്നാണ് മുഖ്യമന്ത്രി ചോദി ച്ചത് .
തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ എന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമോ എന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.
'എന്തുകൊണ്ട് ഇടതുപക്ഷം' എന്ന ചോദ്യത്തിൻ്റെ ഉത്തരം അനുഭവിച്ചറിയാൻ സാധിച്ച പതിനാല് ദിവസങ്ങളാണ് കടന്നുപോയത്. കേരളത്തിലെ ജനങ്ങൾ ഞങ്ങളിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു.
ഈ നാടിനായി ഇടതുപക്ഷത്തോടൊപ്പം നിൽക്കണം എന്നവർ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. അവരുടെ ആ നിശ്ചയദാർഢ്യം കേരള പര്യടനത്തിൻ്റെ ഓരോ വേദി പിന്നിടുന്തോറും കൂടി വന്നതായി ആണ് അനുഭവപ്പെട്ടത് എന്ന് മറ്റൊരു കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വിഷലിപ്തമായ വർഗീയവാദ ആശയങ്ങൾ ആയുധമാക്കി ബിജെപിയും, ആദർശങ്ങൾ അവർക്ക് പണയം വച്ച് അധികാരം മാത്രം ലക്ഷ്യമാക്കുന്ന യുഡിഎഫും നമ്മുടെ നാടിൻ്റെ മതേതര ജനാധിപത്യ പാരമ്പര്യത്തിന് ഭീഷണിയാണെന്ന യാഥാർത്ഥ്യം കേരള സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
കേരളത്തിൻ്റെ മതേതര പാരമ്പര്യവും ജനാധിപത്യ വ്യവസ്ഥയും സംരക്ഷിക്കാൻ ഇടതുപക്ഷത്തിനേ സാധ്യമാകൂ എന്നും, അതിനായി ഇടതുപക്ഷത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കണമെന്നും ഉള്ള ബോധ്യം അവർ ആർജ്ജിക്കുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ എൽഡിഎഫ് സർക്കാർ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ വിലയിരുത്തൽ കൂടിയായിരുന്നു വേദികളിലുണ്ടായ വമ്പിച്ച ജനസാന്നിദ്ധ്യം. പ്രളയങ്ങളും മഹാമാരികളും ആഞ്ഞടിച്ചിട്ടും, തളരാതെ നാടിനെ കാത്ത ഇടതുപക്ഷ സർക്കാരിൻ്റെ പ്രതിബദ്ധത അവർ മനസ്സിലാക്കിയതിൽ അതിയായ ചാരിതാർത്ഥ്യമുണ്ട്.
ഇത്തര വിഷമഘട്ടങ്ങളൊക്കെയുണ്ടായിട്ടും ജനക്ഷേമവും വികസനവും ഉറപ്പുവരുത്താൻ സർക്കാരിനു സാധിച്ചു. അസാദ്ധ്യമെന്നു മുദ്ര കുത്തപ്പെട്ട നിരവധി പദ്ധതികൾ നടപ്പിലാക്കി.
പാർപ്പിടം, പെൻഷൻ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി സാമൂഹ്യക്ഷേമത്തിൻ്റെ സമസ്ത മേഖലകളിലും അഭൂതപൂർവമായ മികവ് പുലർത്താൻ സർക്കാരിനു കഴിഞ്ഞു.
ഈ നേട്ടങ്ങളെല്ലാം ജനങ്ങൾ തൊട്ടറിഞ്ഞവയാണ്. ഈ മാറ്റത്തിനായി സ്വയം സമർപ്പിച്ച സർക്കാരിൻ്റെ ആത്മാർത്ഥത അവരുടെ ഹൃദയങ്ങളെയാണ് സ്പർശിച്ചത്.
ഇടതുപക്ഷം എന്നാൽ ഈ നാടിൻ്റെ ഉറപ്പാണെന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു. കേരള പര്യടനത്തിനു ലഭിച്ച സ്വീകാര്യത ആ യാഥാർത്ഥ്യത്തിനു അടിവരയിടുകയാണ്. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടാമെന്ന ഉറപ്പാണ് ജനങ്ങൾ ഇടതുപക്ഷത്തിനു നൽകിയിരിക്കുന്നത്.
ഹൃദയപൂർവ്വം എൻ്റെ നാടിനോട് നന്ദി പറയുന്നു. ഉറച്ച കാൽവെയ്പുകളോടെ നമുക്കൊരുമിച്ച് ഇനിയും മുന്നോട്ടു പോകാം. നവകേരളം പടുത്തുയർത്താം.
https://www.facebook.com/Malayalivartha