പെട്ടി തുറക്കുമ്പോൾ ബോംബ് പൊട്ടും കട്ടായം... സസ്പെൻസുമായി ബിജെപി... ഇത്തവണ കളികൾ വേറെ ലെവൽ...
ആളനക്കവും ജനനിബിഡവുമില്ലാതെ കലാശക്കൊട്ടില്ലാതെ കേരളത്തിൽ പരസ്യ പ്രചാരണത്തിനു ഞായറാഴ്ച തിരശ്ശീല വീഴും. ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനു ശേഷം ഏപ്രിൽ ആറിനാണ് സമ്മിദിദായകർ പോളിങ് ബൂത്തിലേക്കെത്തുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കലാശക്കൊട്ട് അവസാന നിമിഷം ഒഴിവാക്കിയത്.
സമീപകാലത്തെങ്ങും കണ്ടിട്ടില്ലാത്ത വിധം താരപ്രചാരകരും ദേശീയ നേതാക്കളും തങ്ങളുടെ പാർട്ടിക്കും സ്ഥാനാർഥിക്കുമായി പ്രചരണത്തിന് നേരിട്ടിറങ്ങിയ സാഹചര്യത്തിൽ ഇത്തവണ മുഴുനീള സസ്പെൻസ് ഉണ്ടാകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കുറേയധികം മണ്ഡലങ്ങളിൽ ശക്തിയേറിയ ത്രികോണ മത്സരം നടക്കുന്നതിന്റെ മുൾമുനയിലാണു മുന്നണികൾ ഉള്ളത്.
പുറത്തുവന്ന സർവേകളിൽ ഭൂരിഭാഗവും ഭരണത്തുടർച്ച പ്രവചിക്കുമ്പോഴും, ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും എൽഡിഎഫ് താഴെത്തട്ടിലേക്കു സന്ദേശം കൈമാറിയിട്ടുണ്ട്. സർവേകൾ തങ്ങൾക്ക് തിരിച്ചടിയായപ്പോൾ, ജനഹിതം നേടിയെടുക്കാൻ വിവാദങ്ങളും ഒപ്പം വാഗ്ദാനങ്ങളുമായി ഉണർന്നു പ്രവർത്തിക്കുകയാണ് യുഡിഎഫും. പ്രധാനമന്ത്രിയും ദേശീയ നേതാക്കളും ഉൾപ്പെടെയുള്ളവരുടെ നിറ സാന്നിധ്യത്താൽ മുൻപുണ്ടാകാത്തത്ര ആവേശത്തിൽ എൻഡിഎയും നിറഞ്ഞു നിൽക്കുകയാണ്.
തെക്കൻ ജില്ലകളിലെ പോരാട്ട ചൂട് വർദ്ധിപ്പിക്കാൻ ഇന്നലെ പ്രാധാന മന്ത്രി നരേന്ദ്രമോദി എത്തിയതോടെ ഉല്ലാസത്തോടൊപ്പം ആവേശവും കൂടിയിരിക്കുകയാണ് ബിജെപി പ്രവർത്തകർക്ക്. അങ്ങോട്ടുമിങ്ങോട്ടും കൊണ്ടും കൊടുത്തും മുന്നണികൾ മണ്ഡലങ്ങളിൽ കത്തിക്കയറുന്ന കാഴ്ചയാണ് പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളിൽ കാണുവാൻ സാധിക്കുന്നത്.
പ്രകടമായ ഭരണവിരുദ്ധ തരംഗമില്ലാതിരുന്നതും യുഡിഎഫിന്റെ സ്ഥാനാർഥി നിർണയം വൈകിയതുമെല്ലാം ആദ്യഘട്ടങ്ങളിൽ ഇടതുപക്ഷത്തിനു നേരിയ മേൽക്കൈ നൽകിയിട്ടുണ്ടായിരുന്നു. എന്നാൽ പുതുമുഖങ്ങൾക്ക് ഇടം നൽകിയുള്ള സ്ഥാനാർഥി പ്രഖ്യാപനത്തിനൊപ്പം, സർക്കാരിനെതിരായ ആക്രമങ്ങൾ എണ്ണി പറയുകയും ചെയ്തതോടെ യുഡിഎപും കളം പിടിച്ചു.
ഇടതുവലതു മുന്നണികൾക്ക് അമ്പതോളം മണ്ഡലങ്ങൾ ഉറപ്പായും തങ്ങളുടെ ഒപ്പമുണ്ടെന്ന ആത്മവിശ്വാസത്തിൽ ഇരിക്കുകയാണ്. ഭരണം പിടിക്കാനാവശ്യമായ കേവല ഭൂരിപക്ഷത്തിലേക്കു മത്സരം വളരെ നിർണായകമാണ് ഇപ്പോൾ. ബാക്കിയുള്ള 40 മണ്ഡലങ്ങൾ എങ്ങോട്ട് പോകുന്നു എന്നതാണ് ആര് വൂഴും ആര് വാഴും എന്നത് നിശ്ചയിക്കുന്നത്. നാല്പതോളം മണ്ഡലങ്ങളിൽ ഭരണ-പ്രതിപക്ഷ മുന്നണികൾക്ക് വെല്ലുവിളി ഉയർത്തുന്ന ത്രികോണ മത്സരം ഉണ്ടാകുമെന്ന സന്തോഷത്തിലാണ് എൻഡിഎ ക്യാംമ്പുള്ളത്.
പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മൂന്നിടത്തു സ്ഥാനാർഥികൾ നഷ്ടമായത് വലിയ തിരിച്ചടി ആകുമെങ്കിലും മറ്റ് മണ്ഡലങ്ങളെ കുറിച്ച് ഓർത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപിയുള്ളത്. സിറ്റിങ് സീറ്റായ നേമം ഉൾപ്പെടെ പരമാവധി സീറ്റിൽ ജയിക്കുകയെന്ന ലക്ഷ്യവുമായാണ് ബിജെപി രംഗത്തുള്ളത്.
ഏറ്റുമാനൂർ പോലെ ചതുഷ്കോണ മത്സരങ്ങളുള്ള മണ്ഡലങ്ങൾ ഉണ്ടെന്നതു മൂന്നു മുന്നണികൾക്കും തലവേദനയാണ്. ഇനിയുള്ള ഓരോ നിമിഷവും നിര്‍ണായകമായതിനാൽ കരുതലോടെയാണു സ്ഥാനാർഥികളുടെയും പാർട്ടികളുടെയും അടുത്ത ചുവടുവയ്പ്.
അച്ചടക്കമുള്ള സംഘടനാ സംവിധാനവും സർവേകളിലെ സൂചനകളും അനുകൂലമാണെങ്കിലും കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കീഴ്‍മേൽ മറിയാമെന്ന ചിന്ത ഇടതുപക്ഷത്തിനുണ്ട്. അവസാന മണിക്കൂറിൽ തിരിച്ചടിക്കുമെന്ന ഭയം ‘ക്യാപ്റ്റനും’ ഉണ്ട്. അതിനാലാണ് ഏതു ബോംബ് വന്നാലും നേരിടാൻ തയാറാണെന്നു മുഖ്യമന്ത്രി മുൻകൂറായി പറഞ്ഞിട്ടുള്ളതും.
അദാനി ഗ്രൂപ്പിന് 1000 കോടി ലാഭം കിട്ടത്തക്കവിധം ഉയർന്ന വിലയ്ക്കു വൈദ്യുതി വാങ്ങാൻ പിണറായി സർക്കാർ കരാറുണ്ടാക്കിയെന്നാണ് ഒടുവിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിട്ടുള്ള ആരോപണം. ഇനി ജനങ്ങൾ എന്തു തീരുമാനിക്കും എന്നുള്ള കാര്യത്തിൽ അന്തിമ തീരുമാനം വരുന്നത്, പെട്ടി പൊട്ടിക്കുന്ന മെയ് മാസത്തിലാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
https://www.facebook.com/Malayalivartha