കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്
കരുവന്നൂര്‍ കേസില്‍ നേരത്തേ അറസ്റ്റിലായ പി. സതീഷ് കുമാറുമായുള്ള ബന്ധവും ഇടപാടുകളുമാണ് അരവിന്ദാക്ഷന്റെ അറസ്റ്റിലേക്ക് നയിച്ചത്. 50 ലക്ഷം രൂപ കരുവന്നൂര്‍ ബാങ്കില്‍ അരവിന്ദാക്ഷന്റെ പേരില്‍ സതീഷ്‌കുമാര്‍ നിക്ഷേപിച്ചതായാണ് ഇ.ഡി.കണ്ടെത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്നെ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. അരവിന്ദാക്ഷനു പിന്നാലെ എ.സി. മൊയ്തീന്‍, എം.കെ.കണ്ണന്‍ തുടങ്ങിയ സിപിഎമ്മിന്റെ വലിയ നേതാക്കളും ഇ.ഡി വലയില്‍ കുരുങ്ങുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. സിഎംപിയില്‍ ആയിരുന്ന എം.കെ.കണ്ണനെ പാര്‍ട്ടി ലയനത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നിലെ കാരണം സഹകാരി എന്ന നിലയിലെ കരുത്താണ്. നിലവില്‍ കേരള ബാങ്ക് വൈസ് പ്രസിഡണ്ടാണ് കണ്ണന്‍.
ഇ.ഡി അന്വേഷണത്തോട് സഹകരിച്ചുവന്ന അരവിന്ദാക്ഷന്‍ പെട്ടെന്ന് അവര്‍ക്കെതിരെ പരാതിപ്പെട്ടതും പൊലീസിനെ സമീപിച്ചതും പാര്‍ട്ടി അനുമതിയോടെയാണ്. എന്നാല്‍ ഈ വിഷയത്തില്‍ പൊലീസിന് കേസെടുക്കാന്‍ കഴിഞ്ഞില്ല. സാധാരണ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷമാണ് ഇ.ഡി. അറസ്റ്റു രേഖപ്പെടുത്താറുള്ളത്. എന്നാല്‍, അരവിന്ദാക്ഷനെ ചൊവ്വാഴ്ച വടക്കാഞ്ചേരിയിലെ വീട്ടിലെത്തി വിളിച്ചു വരുത്തയാണ് അറസ്റ്റുചെയ്തത്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിപിഎം. നേതാവാണ് പി.ആര്‍. അരവിന്ദാക്ഷന്‍. സതീഷ്‌കുമാറിന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചതില്‍നിന്നും അരവിന്ദാക്ഷനുമായുള്ള സംഭാഷണങ്ങളും ഇ.ഡി.ക്ക് ലഭിച്ചിരുന്നു. ഇതാണ് നിര്‍ണ്ണായകമായത്.
തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റും സിപിഎം സംസ്ഥാനസമിതി അംഗവുമായ എം.കെ.കണ്ണനോടു മറ്റന്നാള്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൊയ്തീനെ വീണ്ടും വിളിപ്പിക്കും. പല വായ്പകളും അനുവദിച്ചത് മൊയ്തീന്‍, കണ്ണന്‍, അരവിന്ദാക്ഷന്‍ തുടങ്ങിയവരുടെ ശുപാര്‍ശപ്രകാരമാണെന്നു കരുവന്നൂരിലെ ജീവനക്കാര്‍ മൊഴി നല്‍കിയിരുന്നു. സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഇ.ഡി ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നടത്തിയ നീക്കങ്ങളുടെ തുടര്‍ച്ചയെന്നാണ് കരുവന്നൂരിലെ അന്വേഷണത്തെയും സിപിഎം അവതരിപ്പിക്കുക. നിരോധനത്തെ എതിര്‍ത്തവരാണ് സിപിഎം. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കേന്ദ്രീകരിച്ചു നടന്ന കള്ളപ്പണം വെളുപ്പിക്കലില്‍ ഏറിയ പങ്കും നടന്നത് ആ സമയത്താണ്. നോട്ട് നിരോധനത്തിനെതിരെ പാര്‍ട്ടി സമരം ചെയ്യുമ്പോള്‍ പാര്‍ട്ടിക്കാര്‍ തന്നെ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നുവെന്ന ചര്‍ച്ചയാണ് ഇഡി നടപടികള്‍ ഉയര്‍ത്തുന്നത്.
അരവിന്ദാക്ഷനും ജില്‍സിനുമെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ ബോധപൂര്‍വം കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിക്കുകയോ സഹായിക്കുകയോ ചെയ്യുന്നവര്‍ക്കെതിരേ ചുമത്തുന്നതാണ് ഈ വകുപ്പുകള്‍. ഏഴുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ഇഡി അന്വേഷണത്തില്‍ അരവിന്ദാക്ഷന് പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവടങ്ങളില്‍ അക്കൗണ്ടുകള്‍ ഉണ്ടെന്ന് കണ്ടെത്തി. എന്നാല്‍, ഇത് അരവിന്ദാക്ഷന്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ അക്കൗണ്ടിലൂടെ 2015, 2016, 2017 വര്‍ഷങ്ങളില്‍ വലിയ പണമിടപാടുകള്‍ നടന്നതായി കണ്ടെത്തി. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലുള്‍പ്പെട്ട 50 ലക്ഷം രൂപയിലേറെ അരവിന്ദാക്ഷന്‍ അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയായിരുന്നെന്നാണ് ഇ.ഡി. ആരോപണം. അന്വേഷണവുമായി അരവിന്ദാക്ഷന്‍ സഹകരിച്ചില്ലെന്നും ആവശ്യപ്പെട്ടിട്ടും ആദായനികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കിയില്ലെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായ അക്കൗണ്ടന്റ് ജില്‍സ് കരുവന്നൂര്‍ ബാങ്കിലെ മൂന്ന് സി ക്ലാസ് അംഗത്വം ഒരേസമയം എടുത്തിരുന്നു. ഇതുവഴി ഒന്നരക്കോടി രൂപ വായ്പയായി എടുത്തു. ഇതിനുപുറമേ ജില്‍സിന്റെ അച്ഛന്‍, ഭാര്യ, മറ്റു നാലുപേര്‍ എന്നിവരുടെ പേരില്‍ 2.75 കോടിരൂപയും വായ്പയെടുത്തു. പലിശയടക്കം ഇത്തരത്തില്‍ 5.06 കോടി രൂപ ജില്‍സ് ബാങ്കിലേക്ക് തിരിച്ചടയ്ക്കാനുണ്ട്. ഇതെല്ലാം ബിനാമി പണമാണെന്നാണ് ഇ.ഡി. ആരോപണം. അതേസമയം, കരുവന്നൂര്‍ കേസില്‍ അറസ്റ്റിലാകുന്നവരെ കേരളത്തിന് പുറത്തുള്ള ജയിലുകളില്‍ പാര്‍പ്പിക്കണമെന്ന് പരാതിക്കാനായ കെ.വി.സുരേഷ് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാനും സര്‍ക്കാര്‍ പ്രതികള്‍ക്ക് സുഖവാസം ഉറപ്പാക്കാനും സാധ്യയുണ്ടെന്നാണ് പരാതിക്കാരന്‍ ചൂണ്ടികാണിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha