വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടി; ദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും നിശബ്ദം; തന്തവൈബ് കളിച്ച് സിപിഎമ്മും കോണ്‍ഗ്രസും
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പിതൃത്വം തങ്ങളുടെയാണെന്ന് അവകാശപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലടിക്കുമ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നിശബ്ദമായി പ്രവര്‍ത്തിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കേരളത്തിലെ ബിജെപിക്കാര്‍ പോലും രണ്ട് വാക്ക് പറയുന്നില്ല. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന സമയത്ത് പദ്ധതി നടപ്പാക്കാതിരിക്കാനുള്ള എല്ലാ കളികളും കേരളത്തിലെ നേതാക്കള്‍ കളിച്ചു.
കോണ്‍ഗ്രസ് സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ ഡിഎംകെയുടെ സമ്മര്‍ദ്ദത്തിന് വഴി ഹൈക്കമാന്‍ഡ് പദ്ധതിക്ക് തുരങ്കം വെച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്തും എം.വി രാഘവന്‍ മന്ത്രിയായിരുന്നപ്പോഴും പദ്ധതിക്കെതിരെ സിപിഎം ശക്തമായ സമരങ്ങള്‍ നടത്തി. ഇതാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ചരിത്രം. ഇത് മറന്നുകൊണ്ടാണ് സിപിഎമ്മും കോണ്‍ഗ്രസും തന്തവൈബ് കളിക്കുന്നത്.
നിലവിലെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറഞ്ഞിരുന്നു. പൊതു, സ്വകാര്യ പദ്ധതികളിലെ നിര്‍മാണ, നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ കരാറില്‍ അത് 40 വര്‍ഷമാക്കി ഉയര്‍ത്തി.
അങ്ങനെ കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും. നടത്തിപ്പ് 10 വര്‍ഷത്തിനു പകരം 20 വര്‍ഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. അതുവഴി 61,095 കോടി രൂപയുടെ അധിക വരുമാനം അദാനിയുടെ കീശയിലേക്ക് പോകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ ചെലവു റിപ്പോര്‍ട്ട് തയാറാക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കാവൂ, പിപിപി കരാറുകളില്‍ സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സിഎജി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ പണംമുടക്കി വിഴിഞ്ഞത്ത് നിര്‍മിക്കുന്ന മല്‍സ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളില്‍ നിന്നു ഫീസ് പിരിക്കാനുള്ള അവകാശം അദാനിക്ക് നല്‍കിയത് കരാര്‍ നിബന്ധനയിലെ പാകപ്പിഴയാണ്.
കരാറുകാര്‍ക്ക് അര്‍ഹതയില്ലാത്ത സാമ്പത്തിക സഹായം നല്‍കുന്നതിനു തുല്യമാണ്. ഇതു പരിഹരിക്കാന്‍ കരാറില്‍ ഭേദഗതി വരുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ അദാനിയുടെ കുംഭനിറയ്ക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയാണ് ഉമ്മന്‍ചാണ്ടി കരാര്‍ ഒപ്പിട്ടത്.
ഉമ്മന്‍ചാണ്ടിയെ കുറ്റംപറയാനും പറ്റത്തില്ല, കാരണം അന്നങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ പദ്ധതി ഇന്നും യാഥാര്‍ത്ഥ്യമാകില്ലായിരുന്നു. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനികളൊന്നും അംഗീകരിക്കില്ല. ആത്യന്തികമായി അവരുടെ ലക്ഷ്യം ലാഭമാണല്ലോ. അതുകൊണ്ട് മാത്രമല്ല, ഉമ്മന്‍ചാണ്ടി അദാനി മാത്രം പങ്കെടുത്ത ടെണ്ടര്‍ നടപടികള്‍ റദ്ദാക്കാതെ അവര്‍ക്ക് തന്നെ കരാര്‍ നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധം ഉമ്മന്‍ചാണ്ടിക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് ബിജെപി ഭരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു തടസവും ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു.
ഇത് അറിയാവുന്ന കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡില്‍ ഇടപെട്ട് അദാനിക്ക് കരാര്‍ കൊടുക്കരുതെന്ന് പറയിച്ചു. അങ്ങനെ ഹൈക്കമാന്‍ഡും ഇടപെട്ടെങ്കിലും ഉമ്മന്‍ചാണ്ടി ആ മതിലും ചാടിക്കടന്നു. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാ ഗാന്ധിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. അങ്ങനെയാണ് പദ്ധതിക്ക് തുടക്കമാകുന്നത്. കോണ്‍ഗ്രസ് കേന്ദ്രംഭരിച്ചിരുന്ന കാലത്ത് സുരക്ഷയുടെ പേരില്‍ നിര്‍ണാണ ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല. എന്നാല്‍ അദാനി കരാര്‍ ഏറ്റെടുത്തതിന് പിന്നാലെ മോദി സര്‍ക്കാര്‍ എല്ലാ അനുമതികളും പെട്ടെന്ന് നല്‍കി. അതാണ് മോദാനി ബന്ധം.
നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ ഷിപ്പ് MSC കമ്പനിയുടെ IRINA ആണ്. 1,312 അടി നീളമുള്ള ഈ കപ്പലിന് ഏകദേശം 4 ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വലിപ്പം കാണും. നീളം ഈഫല്‍ ടവറിനേക്കാള്‍ കൂടുതല്‍. 24,346 കാര്‍ഗോ വഹിക്കാന്‍ പറ്റുന്ന ഈ കപ്പലിന് പോലും യാതൊരു വിധ ഡ്രജിംങ്ങും കൂടാതെ വിഴിഞ്ഞത്ത് വരാന്‍ സാധിക്കും. അതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പ്രത്യേകത. വിഴിഞ്ഞം പദ്ധതിയില്‍ ആദ്യമായി ഒരു കരാര്‍ ഒപ്പ് വെക്കുന്നത് 1999 ലെ നായനാര്‍ സര്‍ക്കാറാണ്.
നായനാര്‍ മാറി ആന്റണി / ഉമ്മന്‍ ചാണ്ടി സര്‍ക്കാരുകള്‍ വന്നിട്ട് ഒരു ചുക്കും നടന്നില്ല. പക്ഷേ നായനാര്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ധാക്കി സൂം ഡെവലപ്പേഴ്‌സിന് കരാര്‍ നല്‍കി. പിന്നീട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി. കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പദ്ധതിക്ക് ആപ്പ് വെച്ചു. കരാര്‍ കമ്പനിക്ക് ചൈനീസ് ഓഹരി ഉണ്ടെന്ന് പറഞ്ഞ് സുരക്ഷാ അനുമതി നല്‍യില്ല. വി എസ് സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു.
പദ്ധതി PPP മോഡലില്‍ റീ ടെന്റര്‍ ചെയ്യാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആഗോള മീറ്റ് സംഘടിപ്പിച്ചു. റീടെന്ററില്‍ ആദ്യമായി ഒരു കമ്പനി - ഇ- ടെന്റര്‍ വിളിക്കുന്നു. ആ കമ്പനി 115 കോടി സര്‍ക്കാരിന് ഇങ്ങോട്ട് തരാമെന്ന് അറിയിക്കുന്നു. അങ്ങനെ ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിയുടെ ടെന്ററുമായി സര്‍ക്കാര്‍ മുന്നോട്ട്‌പോയി. കോണ്‍ഗ്രസുകാര്‍ക്കത് സുഖിച്ചില്ല. ചില കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെ സൂം കണ്‍സോര്‍ഷ്യം കോടതിയില്‍ പോയി. നിയമക്കുരുക്കായതോടെ ലാന്‍കോ പദ്ധതിയില്‍ നിന്നും കൊണ്ടോടി.
അതോടെ വിഎസ് പദ്ധതി നടപ്പാക്കാന്‍ ഇന്റര്‍നാഷണല്‍ ഫൈനാന്‍സ് കോര്‍പറേഷനെ (ഐഎഫ്‌സി) തുറമുഖ പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി സര്‍ക്കാര്‍ നിയമിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഡ്യൂറി' എന്ന സ്ഥാപനത്തെ മാര്‍ക്കറ്റ് പഠനത്തിന് ചുമതലപ്പെടുത്തി. ഡ്യൂറി നടത്തിയ വിശദമായ പഠനത്തില്‍ വിഴിഞ്ഞം തുറമുഖം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടത്തുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തി.
തുറമുഖ നിര്‍മാണം ആരംഭിക്കുന്നതിനുള്ള പരിസ്ഥിതി ക്ലിയറന്‍സിനായി 2010 ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിക്കുന്നു. ഈ അപേക്ഷ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന് കീഴിലുള്ള പരിസ്ഥിതി മന്ത്രാലയം പരിശോധിക്കുകയും , വല്ലാര്‍പാടം, കുളച്ചല്‍ , മദ്രാസ്, തൂത്തുക്കുടി തുറമുഖങ്ങള്‍ക്ക് സമീപത്തായതിനാല്‍ പരിസ്ഥിതി പഠനത്തിന് അനുവാദം നല്‍കാനാകില്ലെന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് കേരളത്തിന്റെ ആവശ്യം നിരസിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ കളിയായിരുന്നു അതിന് പിന്നില്‍. 2011ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു , 2014 ല്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു. പിന്നെ നടന്നതാണ് ചരിത്രം.
https://www.facebook.com/Malayalivartha