ഡി.പി.ആര്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്; തീരദേശ ഹൈവെ സംബന്ധിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; തുറന്നടിച്ച് പ്രതിപക്ഷ നേതാവ്
തീരദേശ ഹൈവെ സംബന്ധിച്ച് പഠിക്കാന്‍ യു.ഡി.എഫ് നിയോഗിച്ച സമതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിറ്റിംഗ് നടത്തി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും വിശാദാംശങ്ങള്‍ തേടിയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഷിബു ബേബിജോണ്‍ കണ്‍വീനറും ടി.എന്‍ പ്രതാപന്‍, എം. വിന്‍സെന്റ് എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, മോന്‍സ് ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, സലിം പി. തോമസ് എന്നിവര്‍ അംഗങ്ങളുമായ സമതിയാണ്.
ഡി.പി.ആര്‍ ഇല്ലാതെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത്. പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹിക ആഘാത പഠനമോ നടന്നിട്ടില്ല. നിലവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എന്‍.എച്ച് 66 പല സ്ഥലങ്ങളിലും തീരപ്രദേശത്ത് കൂടിയാണ് കടന്നു പോകുന്നത്. തീരപ്രദേശത്ത് നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് എന്‍.എച്ച് 66 കടന്നു പോകുന്നത്.
ഈ സാഹചര്യത്തില്‍ ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ എന്നത് അനിവാര്യമായ പദ്ധതിയല്ല. യു.ഡി.എഫ് വികസനത്തിന് എതിരല്ല. എന്നാല്‍ തീരദേശ പാതയുടെ പേരില്‍ ഇനിയൊരു കുടിയൊഴിപ്പിക്കല്‍ നടന്നാല്‍ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള ഭൂമി പോലും കേരളത്തില്‍ ലഭ്യമല്ല.
കേരളത്തിലെ 590 കിലോ മീറ്റര്‍ തീരദേശത്ത് 63 ശതമാനം പ്രദേശങ്ങളും ഹൈ റിസ്‌ക് ഏരിയയാണ്. 700 ഹെക്ടര്‍ സ്ഥലമാണ് തീരശോഷണത്തിലൂടെ നഷ്ടമായത്. കാറ്റെടുത്തും കടലെടുത്തും നിരവധി ജീവിതങ്ങള്‍ പോയ സ്ഥലത്താണ് തീരദേശ ഹൈവെ കൊണ്ടു വന്ന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല.
ഭാരമേറിയ വാഹനങ്ങള്‍ക്ക് സഞ്ചാരിക്കാന്‍ നിര്‍മ്മിക്കുന്ന ആഴമേറിയ സബ് സ്ട്രച്ചറുകള്‍ നിര്‍മ്മിക്കുന്നത് സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്തും. ഫറൂക്കില്‍ നിന്നും മലപ്പുറം ജില്ലയിലെ മത്സ്യതൊഴിലാളി ഗ്രാമങ്ങളായ പരപ്പനങ്ങാടി, തിരൂര്‍, താനൂര്‍, ചമ്രവട്ടം പാലം വഴി കുറ്റിപ്പുറത്തേക്ക് നിലവില്‍ റോഡുണ്ട്. താനൂരില്‍ ഈ റോഡും തീരവും തമ്മിലുള്ള അകലം 1.5 കിലോമീറ്റര്‍ മാത്രമാണ്. ഈ ദൂരത്തിനുള്ളില്‍ കനോലി കനാലുമുണ്ട് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
https://www.facebook.com/Malayalivartha