ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് പാവപ്പെട്ട ഒരു മനുഷ്യന്‍ ഓടയില്‍ വീണ് കാണാതായത്; മാലിന്യ കൂമ്പാരമാണ് തലസ്ഥാന നഗരം; രാത്രി മുഴുവന്‍ മഴ പെയ്താല്‍ പിറ്റേ ദിവസം പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്; തിരുവനന്തപുരം രാജ്യത്തിന് മുന്നില്‍ വരെ അപമാനിതമായ ദിവസങ്ങളാണ് കടന്നു പോയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം രാജ്യത്തിന് മുന്നില്‍ വരെ അപമാനിതമായ ദിവസങ്ങളാണ് കടന്നു പോയത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ;- ഭരണസിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് പാവപ്പെട്ട ഒരു മനുഷ്യന്‍ ഓടയില്‍ വീണ് കാണാതായത്. മാലിന്യ കൂമ്പാരമാണ് തലസ്ഥാന നഗരം. രാത്രി മുഴുവന്‍ മഴ പെയ്താല്‍ പിറ്റേ ദിവസം പുറത്ത് ഇറങ്ങാനാകാത്ത അവസ്ഥയാണ്.
വെള്ളം ഒഴുകിപ്പോകേണ്ട ആമയിഴഞ്ചാനും പാര്‍വതിപുത്തനാറും ഉള്‍പ്പെടെയുള്ള തോടുകളില്‍ മാലിന്യക്കൂമ്പാരമാണ്. ജോയി മരിക്കുന്നതിനും ഒരാഴ്ച മുന്‍പാണ് ഈ വിഷയം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവന്നത്. സംസ്ഥാനത്ത് മഴക്കാല പൂര്‍വശുചീകരണം നടന്നിട്ടില്ല. മാര്‍ച്ച് മാസത്തില്‍ യോഗങ്ങളെല്ലാം പൂര്‍ത്തിയാക്കി എപ്രിലില്‍ ശുചീകരണം നടത്തേണ്ടതായിരുന്നു. എന്നാല്‍ സംസ്ഥാനത്ത് ഒരിടത്തും മഴക്കാലപൂര്‍വ ശുചീകരണം നടന്നില്ല എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു .
മലിനജലം കെട്ടിക്കിടന്ന് സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുകയാണ്. പലരുടെയും മരണകാരണം പോലും അറിയുന്നില്ല. ആരോഗ്യകാര്യത്തില്‍ യൂറോപ്പിനൊപ്പമാണെന്ന് ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീമ്പ് പറയുമ്പോഴും സംസ്ഥാനം ആരോഗ്യകാര്യത്തില്‍ പിന്നാക്കം പോയി. പകര്‍ച്ചവ്യാധികള്‍ തടയാനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിലും ഒരു ഏകോപനവുമില്ല. ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ജോയിയെ കാണാതയപ്പോള്‍ ടണ്‍ കണക്കിന് മാലിന്യമാണ് നീക്കം ചെയ്തത്. അത് എങ്ങനെ സംഭവിച്ചു?
എന്തുകൊണ്ടാണ് നേരത്തെ ഇത് ചെയ്യാതിരുന്നത്. ഇതാണ് നിരുത്തരവാദിത്തപരമായ പെരുമാറ്റം. എന്നിട്ടാണ് റെയില്‍വെയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പറയുന്നത്. തര്‍ക്കമുണ്ടെങ്കില്‍ അതു തീര്‍ക്കാനല്ലേ നിങ്ങളെയൊക്കെ മന്ത്രിമാരാക്കി വച്ചിരിക്കുന്നത്. എന്താണ് നിങ്ങളുടെയൊക്കെ ജോലി എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു
https://www.facebook.com/Malayalivartha