ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി മന്ത്രി വി ശിവൻകുട്ടി; തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി
ആമയിഴഞ്ചാൻ തോടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ മുങ്ങി മരിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാരിന്റെ ധനസഹായം കൈമാറി മന്ത്രി വി ശിവൻകുട്ടി . എം എൽ എ മാരായ വി ജോയി,സി കെ ഹരീന്ദ്രൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരം നഗരസഭ ജോയിയുടെ അമ്മയ്ക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി. എന്നാൽ അപകടത്തിന് ഉത്തരവാദിയായ റെയിൽവേ നിസംഗ മനോഭാവം കൈക്കൊള്ളുന്നത് അപലപനീയമാണ്.
ധനസഹായ വിതരണത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രി വി ശിവൻകുട്ടി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശശി തരൂർ എംപി യ്ക്കുമെതിരെ രൂക്ഷ വിമർശനം ആണ് ഉന്നയിച്ചത്. ജോയിയെ കണ്ടെത്താനുള്ള തിരച്ചിൽ നടക്കുമ്പോഴോ മരണമടഞ്ഞ ജോയിയെ കണ്ടെത്തിയപ്പോഴോ സംഭവസ്ഥലത്തോ വീട്ടിലോ എത്താത്ത പ്രതിപക്ഷ നേതാവ് പൊതുസമൂഹത്തിന്റെ വിമർശനം രൂക്ഷമായപ്പോഴാണ് ജോയിയുടെ വീട് സന്ദർശിക്കാൻ പോലും തയ്യാറായത്.
എന്നിട്ടാണ് വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത്. ജോയിയെ കാണാതായപ്പോഴും പിന്നീട് കണ്ടെത്തിയപ്പോഴും രണ്ട് പോസ്റ്റ് ഇട്ടു എന്നാണ് തിരുവനന്തപുരം എം പി ശശി തരൂർ പറയുന്നത്. ഒരു എം പിയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാനാകും എന്നും ശശി തരൂർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ജീവിക്കുന്നയാളാണ് ശശി തരൂർ.
തിരച്ചിലിന്റെ സമയത്ത് സ്ഥലം സന്ദർശിക്കാനോ കണ്ടുകിട്ടിയതിന് ശേഷം ജോയിയുടെ വീട് സന്ദർശിക്കാനോ സ്ഥലം എം പി തയ്യാറായില്ല. ഒരു എംപിയുടെ യാതൊരു ഉത്തരവാദിത്വവും ശശി തരൂർ നിർവഹിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha