മേയര്‍ ആര്യാ രാജേന്ദ്രന്റെ ധിക്കാരം പ്ലസ് ധാര്‍ഷ്യം സമം ഭരണത്തുടര്‍ച്ച സ്വാഹാ, എന്ന അവസ്ഥയാണ് തിരുവനന്തപുരം നഗരത്തിലുള്ളത്; നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുള്ള അഭ്യാസ പ്രകടനങ്ങളും ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി ജോയി വീണ് മരിച്ചതും നഗരവാസികളെയാകെ പ്രകോപിതരാക്കിയിരിക്കുകയാണ്
മേയര്‍ ആര്യാ രാജേന്ദ്രന്റെ ധിക്കാരം പ്ലസ് ധാര്‍ഷ്യം സമം ഭരണത്തുടര്‍ച്ച സ്വാഹാ, എന്ന അവസ്ഥയാണ് തിരുവനന്തപുരം നഗരത്തിലുള്ളത്. നടുറോഡില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുള്ള അഭ്യാസ പ്രകടനങ്ങളും ആമയിഴഞ്ചാന്‍ തോട്ടില്‍ ശുചീകരണത്തൊഴിലാളി ജോയി വീണ് മരിച്ചതും നഗരവാസികളെയാകെ പ്രകോപിതരാക്കിയിരിക്കുകയാണ്. അതില്‍ രാഷ്ട്രീയ ഭേദമില്ല. സിപിഎമ്മിനുള്ളില്‍ വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ അടക്കം മേയറുടെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. വിമര്‍ശനങ്ങളുടെ കുത്തൊഴുക്ക് മാലിന്യമല പോലെ വന്ന് അടിയുമ്പോഴും ആര്യയ്ക്ക് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഒരവസരം കൂടി നല്‍കിയിരിക്കുകയാണ്. ശുചീകരണത്തിനിറങ്ങിയ കരാര്‍ തൊഴിലാളി മരിക്കാനുള്ള കാരണം റെയില്‍വേയുടെ അനാസ്ഥ കൂടിയാണ്. കോര്‍പ്പറേഷനുമായി സഹകരിക്കാന്‍ റെയില്‍വേ തയ്യാറാകുന്നില്ല.
മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ റെയില്‍ വേ പ്ലാറ്റ്‌ഫോമിനടിയിലൂടെ പോകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ ഭാഗം ശുചിയാക്കുന്നതിനുള്ള ചുമതല റെയില്‍വേയ്ക്ക് നല്‍കിയെങ്കിലും അവരത് ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. അതിനെതിരെ എന്ത് നടപടി സ്വീകരിക്കും എന്നത് സംബന്ധിച്ച് നഗരസഭയ്ക്ക് യാതൊരു വ്യക്തതയുമില്ല. റെയില്‍വേയെ ഇപ്പോ മൂക്കില്‍ കയറ്റുമെന്ന് വീമ്പിളിക്കിയ തദ്ദേശമന്ത്രി എംബി രാജേഷിനെയും കാണാനില്ല. അങ്ങനെ എല്ലാം പൊട്ടിപൊളിഞ്ഞ് നില്‍ക്കുമ്പോഴാണ് മേയരുടെ ചെവിയില്‍ ആരോ ആ ഐഡിയ ഓതിക്കൊടുത്തത്. അങ്ങനെ രാമചന്ദ്രയിലും പോത്തീസ് സ്വര്‍ണമഹലിലും മേയറും സംഘവും ഇരച്ചുകയറി.
രണ്ട് സ്ഥാപനങ്ങളിലെയും കക്കൂസ് മാലിന്യം ഓടയിലേക്കാണ് തുറന്ന് വച്ചിരുന്നതെന്നും സ്വര്‍ണമഹലിന് ലൈസന്‍സ് ഇല്ലെന്നും കണ്ടെത്തി. ഇതെന്തോ വലിയ കാര്യമാണെന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. ഈ രണ്ട് സ്ഥാപനങ്ങള്‍ മാത്രമല്ല നഗരത്തിലെ ഏതാണ്ട് മിക്ക വന്‍കിട സ്ഥാപനങ്ങളും ഓടയിലേക്ക് മലിനജലവും കക്കൂസ് മാലിന്യവും ഒഴുക്കിവിടുന്നുണ്ട്. ഇത് വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണ്. നടപടിയെടുക്കേണ്ടത് അതത് നഗരസഭാ സര്‍ക്കിളുകളിലുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ്. അവര്‍ ഇത്രയും നാള്‍ എവിടെയായിരുന്നു. അവര്‍ക്ക് എന്താണ് ജോലി? അല്ലെങ്കില്‍ അവരുടെ മൂക്കിന് കയറിട്ടതാര്?
ഇനി പോത്തീസ് സ്വര്‍ണമഹലിലേക്ക് വരാം. ആ സ്ഥാപനം തുടങ്ങിയിട്ട് ഒരു കൊല്ലത്തോളം ആകാറായി. ഇതുവരെയായിട്ടും ലൈസന്‍സ് ഇല്ലെന്ന് നഗരസഭ ഇപ്പോഴാണോ അറിയുന്നത്? അത് വിശ്വസിക്കാന്‍ അത്രയ്ക്ക് മഠയന്‍മാരല്ല തലസ്ഥാന നഗരത്തില്‍ താമസിക്കുന്നത്. ആ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കിയത് നഗരസഭയാണെങ്കില്‍ ലൈസന്‍സ് ഉണ്ടോ ഇല്ലയോ എന്ന കാര്യവും നഗരസഭയ്ക്ക് അറിയാം. നഗര ഭരണാധികാരികളുടെ അറിവില്ലാതെ ഒരു സ്ഥാപനവും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കില്ല. കെ. ചന്ദ്രിക മേയറായിരുന്ന കാലത്താണ് പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റ് ആരംഭിച്ചത്. അതിനും ലൈസന്‍സും കെട്ടിട നമ്പറും ഇല്ലായിരുന്നു. ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് അതൊക്കെ ഉണ്ടായത്. നഗരത്തിലെ ചില സിപിഎം നേതാക്കള്‍ ഇത്തരം സ്ഥാപനങ്ങളില്‍ നിന്ന് പണം വാങ്ങി കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് നഗരസഭയ്ക്ക് വരുത്തിവയ്ക്കുന്നത്.
മേയര്‍ക്ക് അതില്‍ നേരിട്ട് പങ്കൊന്നുമില്ല. എന്നാല്‍ നഗര ഭരണത്തെ നിയന്ത്രിക്കുന്ന ചില മുതിര്‍ന്ന നേതാക്കളും കൗണ്‍സിലര്‍മാരുമുണ്ട്. അവരാണ് പിന്‍സീറ്റിലിരുന്ന് ഭരണം നിയന്ത്രിക്കുന്നത്. അവരുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം അരങ്ങേറുന്നത്. എല്ലാം കയ്യില്‍ നിന്ന് പോകുമെന്ന് ആയപ്പോള്‍, ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ പോത്തീസും രാമചന്ദ്രയും പൂട്ടിച്ചു എന്ന് വീമ്പിളക്കിയിട്ട് ഒരു കാര്യോമില്ല. ജനം ഇതിലൊന്നും വീഴില്ല. നിങ്ങള്‍ പൂട്ടിയെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ അവരത് തുറക്കും. അതിനുള്ള കിമ്പളം കാണേണ്ടവരെ കണ്ടവര്‍ കൊടുത്തിരിക്കും. ലൈസന്‍സൊക്കെ നഗരസഭയില്‍ നിന്ന് താലത്തില്‍ വെച്ച് പോത്തീസ് ഓഫീസില്‍ ഉദ്യോഗസ്ഥന്മാര്‍ കൊണ്ടുകൊടുക്കും. ഇതൊക്കെ എത്രയോ കാലമായി നഗരത്തില്‍ അരങ്ങേറുന്ന കാര്യമാണെന്ന് ഭരണപ്രതിപക്ഷമന്യേ എല്ലാ നേതാക്കളും സ്വകാര്യമായി സമ്മതിക്കും.
എംജി റോഡിലുള്ള ഒരു ഹോട്ടല്‍ തങ്ങളുടെ സ്ഥാപനത്തിന് മുന്നില്‍ കസ്റ്റമേഴ്‌സിന്റെ അല്ലാത്ത വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ലെന്ന് നിലപാടെടുത്തിരുന്നു. നഗരസഭയിലെ ചിലരുടെ അറിവോടെയായിരുന്നു അത്. സംഭവം വിവാദമായതോടെ എല്ലാം ചീറ്റിപ്പോയി. അതുപോലെ എംജി റോഡില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ നിന്ന് നഗരസഭ അഞ്ച് രൂപ ഫീസ് ഈടാക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ്. അവിടെ ഫീസ് പിരിക്കാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്ന് ജി.സുധാകരന്‍ മന്ത്രിയായിരുന്നപ്പോള്‍ ആഞ്ഞടിച്ചിരുന്നു. ഇത്തരത്തില്‍ ജനങ്ങളെ പിഴിയുന്ന പരിപാടിയും നഗരസഭ നടത്തുന്നുണ്ട്. മാലിന്യ സംസ്‌കരണത്തിന് ഒരു കൊല്ലം എത്രയോ കോടി രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. എന്നിട്ടും ഇതുവരെ സുസ്ഥിരമായ ഒരു പദ്ധതി നടപ്പാക്കാനായിട്ടില്ല. 2013ല്‍ ശശിതരൂര്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് നല്ലൊരു ഫണ്ട് മാലിന്യസംസ്‌കരണത്തിന് അനുവദിപ്പിച്ചു. അത് ചെലവാക്കാതെ പാഴാക്കുകയാണ് സിപിഎം ഭരണസമിതി ചെയ്തത്. നഗരം നന്നായില്ലെങ്കിലും തങ്ങളുടെ നാറിയ രാഷ്ട്രീയക്കളി വിജയിക്കണം എന്നാണ് ചിലരുടെ ആഗ്രഹം.
അതുകൊണ്ട് മാത്രമാണ് ഈ നഗരം ഇപ്പോഴും കുപ്പത്തൊട്ടിയായി കിടക്കുന്നത്. നഗരവാസികളും ഒട്ടുംമോസമല്ല, എല്ലാം സര്‍ക്കാരിന്റെയും നഗരസഭയുടെയും തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അവര്‍ നോക്കുന്നത്. നഗരത്തിലെവിടെയെങ്കിലും കുറച്ച് സ്ഥലം ഒഴിഞ്ഞ് കിടപ്പുണ്ടെങ്കില്‍ ദിവസങ്ങള്‍ക്കകം അവിടം മാലിന്യ കൂമ്പാരമായി മാറിയിരിക്കും. നടുറോഡില്‍ വരെ മാലിന്യം വലിച്ചെറിയാന്‍ നഗരവാസികള്‍ക്ക് യാതൊരു മടിയുമില്ല. അതില്‍ വിദ്യാസമ്പന്നരെന്നോ, അക്ഷരാഭ്യാസം ഇല്ലാത്തവനെന്നോ, പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഇല്ല. അങ്ങനെ സര്‍വത്ര മാലിന്യമയം ആയ നഗരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കി കാണിക്കേണ്ടതിന് പകരം രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചുള്ള പൊറാട്ട് നാടകങ്ങള്‍ മേയറും പരിവാരങ്ങളും അവസാനിപ്പിക്കണം, ആ കാലമൊക്കെ കഴിഞ്ഞു.
https://www.facebook.com/Malayalivartha