അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് മാറ്റി; ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത്; കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
കേന്ദ്ര ബജറ്റിനെ കുറിച്ച് പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അധികാരം നിലനിർത്താനുള്ള ഉപകരണമാക്കി ഇന്നത്തെ കേന്ദ്ര ബഡ്ജറ്റ് മാറ്റിയിരിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിനും ആന്ധ്രാപ്രദേശിനും കൂടുതൽ കാര്യങ്ങൾ പ്രഖ്യാപിച്ചു കൊണ്ട് ഭരണം നിലനിർത്താനുള്ള ഒരു നീക്കമാണ് കേന്ദ്ര സർക്കാർ നടത്തിയിട്ടുള്ളത് എന്നും അദ്ദേഹം വിമർശിച്ചു.
ഈ ബഡ്ജറ്റ് വാസ്തവത്തിൽ അവതരിപ്പിക്കേണ്ടത് ബീഹാർ അസംബ്ലിയിലും ആന്ധ്രാപ്രദേശ് അസംബ്ലിയിലുമാണ്. കാരണം ഈ രണ്ടു സംസ്ഥാനങ്ങൾക്കേ പ്രയോജനമുള്ളൂ. മറ്റ് സംസ്ഥാനങ്ങൾക്ക് പരിഗണന പോലുമില്ല എന്നുള്ളതാണ് ഒറ്റ നോട്ടത്തിൽ മനസിലാക്കാനാകുന്നത് എന്നും അദ്ദേഹം തുറന്നടിച്ചു.
രാജ്യത്തെ വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ഇടപെടലുമില്ല. കർഷകർ ഉന്നയിച്ച ഒരാവശ്യത്തിനു പരിഗണനയില്ല. കർഷക സമരത്തിലൂടെ ഉന്നയിക്കപ്പെട്ട ഒരാവശ്യത്തിനും പരിഹാരം പറയുന്നില്ല. അതുപോലെ തന്നെ തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് പറഞ്ഞ് പ്രഖ്യാപിച്ചിട്ടുളള കാര്യങ്ങൾ പ്രായോഗികമായി നടക്കാൻ പോകുന്നവയല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദീർഘവീക്ഷണമില്ലാത്ത ബഡ്ജറ്റ് എന്ന് തന്നെ നമുക്ക്പറയാൻ കഴിയും. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പണം വർദ്ധിപ്പിച്ചിട്ടില്ല. ഈ ബഡ്ജറ്റ് രാജ്യത്തെ കോർപ്പറേറ്റുകളുടെ താൽപ്പര്യം ലാക്കാക്കി കൊണ്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യങ്ങൾ ഒന്നും ബഡ്ജറ്റിൽ പരിഗണിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha