കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു; റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രം
രാജ്യസഭയിൽ അമിത് ഷാ നടത്തിയ പ്രസ്താവനയെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയിരുന്നു. എന്നാൽ പിന്നാലെ മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് വിമർശിച്ച് കേന്ദ്രസർക്കാർ വാർത്താക്കുറിപ്പിറക്കി. കേരളത്തിന് ഉരുൾപൊട്ടൽ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരുന്നു. റെഡ് അലർട്ട് നൽകിയെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാർ.
ജൂലൈ 23 മുതൽ ജൂലൈ 30 വരെ എല്ലാ ദിവസവും കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ 20 സെൻ്റിമീറ്ററിലധികം മഴ പെയ്യുമെന്നും പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ 12 സെൻ്റിമീറ്റർ മഴ പെയ്യുമെന്നും ജൂലൈ 30 ന് 20 സെൻ്റിമീറ്ററിലധികം മഴ പെയ്യുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. പ്രാദേശികമായി ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിന് പ്രളയ മുന്നറിയിപ്പ് ഉണ്ടായിരുന്നുവെന്ന് രാജ്യസഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ . കേന്ദ്രം നൽകിയത് കാലാവസ്ഥാ മുന്നറിയിപ്പാണ്. ആ കാലാവസ്ഥാ മുന്നറിയിപ്പ് എല്ലാകാലത്തും നമ്മുടെ നാട്ടില്‍ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ട് . പരസ്പരം പഴിചാരേണ്ട ഒരു സന്ദര്‍ഭമായി ഇതിനെ എടുക്കുന്നില്ല.
ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെൻ്റിൽ ചോദിച്ചിട്ടുള്ളത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. നിങ്ങള്‍ക്ക് പ്രത്യേകിച്ചും. നിങ്ങളുടെ കൈയ്യില്‍ തന്നെ അതിന്‍റെ റെക്കോഡുകള്‍ ഉണ്ടാവുമല്ലോ. അത് പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റാവുന്നതേ ഉള്ളു എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha