പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കള്ളം മറയ്ക്കാൻ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് ദേവകുമാറിൻ്റെ മകൻ അഭിമുഖത്തിന് അഭ്യർത്ഥിച്ചപ്പോൾ താൻ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത്. അഭിമുഖം നടത്തുന്ന മാദ്ധ്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ റൂമിൽ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാൽ അത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല.
കൃത്യമായി പിആർ ഏജൻസി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കൂടെയാണ് പിആർ അംഗങ്ങൾ അഭിമുഖഹാളിലേക്ക് പോയതെന്നും മറ്റ് ദേശീയ മാദ്ധ്യമങ്ങളെയും ഇവർ ബന്ധപ്പെട്ടിരുന്നുവെന്നും വ്യക്തമാണ്. മുമ്പും വിദേശത്ത് വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം ഇതേ പിആർ ഏജൻസികൾ നടത്തിയിരുന്നു. പിആർ ഏജൻസികൾക്ക് ആരാണ് പണം നൽകുന്നതെന്നാണ് ഇനി അറിയേണ്ടത്.
നേരത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കരൻ പറഞ്ഞത് ആരെങ്കിലും ഒരു ടിഷ്യു പേപ്പർ കൊണ്ടുപോയി കൊടുത്താലും അതിൽ ഒപ്പിടുന്നയാളാണ് മുഖ്യമന്ത്രിയെന്നാണ്. അത് ശരിവെക്കും വിധത്തിലുള്ള പ്രതികരണമാണ് ഇപ്പോൾ മുഖ്യമന്ത്രി നടത്തുന്നത്. സ്വർണ്ണക്കടത്തും ദേശവിരുദ്ധപ്രവർത്തനവും പോലെയുള്ള ഗൗരവതരമായ വിഷയങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്.
മതമൗലിക ശക്തികളെ ഭയന്നാണ് മുഖ്യമന്ത്രിക്ക് നിലപാട് മാറ്റേണ്ടി വന്നത്. ഒരു ജില്ലയുടെ പേര് പറയാൻ പോലും നട്ടെല്ലില്ലാത്തയാളെയാണ് ഇരട്ട ചങ്കനെന്ന് വിളിക്കുന്നതെന്നാണ് വിരോധാഭാസം. മുഖ്യമന്ത്രി രാജിവെച്ച് ജനങ്ങളോട് നീതി പുലർത്തണമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha