പി.പി.ദിവ്യക്ക് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവ് കുരുക്കാവുമെന്ന് നിയമവൃത്തങ്ങൾ; കേസിന്റെ അന്തിമ വിധിയെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് ഉത്തരവ്
പി.പി.ദിവ്യക്ക് തലശേരി സെഷൻസ് കോടതിയുടെ ഉത്തരവ് കുരുക്കാവുമെന്ന് നിയമവൃത്തങ്ങൾ. സി പി എമ്മുകാരെ കണ്ട് ഭയക്കാത്ത ജഡ്ജിമാരും കേരളത്തിലുണ്ടെന്നതിന് തെളിവാണ് സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ. കേസിന്റെ അന്തിമ വിധിയെ പോലും സ്വാധീനിക്കുന്ന തരത്തിലാണ് ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. തനിക്ക് തെറ്റ് പറ്റിയെന്ന് എ.ഡി.എം. നവീൻ ബാബു പറഞ്ഞതായി കലക്ടർ അരുൺ, കെ. വിജയൻ നൽകിയ മൊഴി സി.പി.എമ്മിന്റെ സമ്മർദ്ദ ഫലമായാണെന്ന വാദവും പുറത്തു വന്നിരിക്കുന്നു. ജാമ്യഹർജി തള്ളിയുള്ള വിധിന്യായത്തിലാണ് ഈപരാമർശമുള്ളത്.
എന്നാൽ കളക്ടറുടെ മൊഴി കോടതി തള്ളി.എന്നാൽ തെറ്റുപറ്റിയെന്ന് പറയുന്നത് കൈക്കൂലിയോ അഴിമതിയോ ആകില്ലെന്നും കോടതി പറഞ്ഞു. കലക്ടർ പോലീസിന് നൽകിയ മൊഴി ദിവ്യയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. യാത്രയയപ്പ് സമ്മേളനത്തിൽ നവീൻ ബാബുവിന്റെ കാര്യം പരാമർശിക്കുമെന്ന് ദിവ്യപറഞ്ഞപ്പോൾ തെളിവില്ലാത്ത കാര്യങ്ങൾ പറയരുതെന്ന് താൻ ആവശ്യപ്പെട്ടതായും കലക്ടർ മൊഴി നൽകിയിട്ടുണ്ട് ഇക്കാര്യം കലക്ടർ പിന്നീട് സമ്മതിക്കുകയും ചെയ്തു.
എന്നാൽ സ്.പി.എമ്മിന്റെ സമ്മർദ്ദഫലമായി പറഞ്ഞ മൊഴിക്ക് തെളിവ് ഹാജരാക്കാൻ കളക്ടർക്ക് കഴിയാത്തിടത്തോളം ഈ വാദം നിലനിൽക്കില്ല. മുൻകൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പിപി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻകൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ്പ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളയുകയായിരുന്നു.
പൊതുപ്രവർത്തകയായ താൻ അഴിമതിക്കെതിരെ കർശന നിലപാട് എടുക്കുന്നയാളാണ്. തീർത്തും സദുദ്ദേശപരമായിരുന്നു അന്നത്തെ പ്രസംഗം. സമൂഹത്തിനു മുന്നിൽ ആ സന്ദേശം എത്തിക്കാനായിരുന്നു വീഡിയോ പ്രചരിപ്പിച്ചത്. ദിവ്യയുടെ ഈ വാദങ്ങൾ ഓരോന്നും കോടതി തള്ളിക്കളയുന്നുണ്ട്. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിൽ വീഡിയോഗ്രാഫറുമായി എത്തുന്നതിന്റെ ലക്ഷ്യമെന്തെന്ന് മനസിലാവുന്നില്ലെന്ന് നിരീക്ഷിച്ച തലശ്ശേരി സെഷൻസ് കോടതി ജഡ്ജ് കെടി നിസാർ അഹമ്മദ് വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.
പെട്രോൾ പമ്പിനായി അപേക്ഷ നൽകിയ ടിവി പ്രശാന്ത് എഡിഎമ്മിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന് ഒരു തെളിവും ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഗംഗാധരൻ എന്ന മറ്റൊരു പരാതിക്കാരനെപ്പറ്റി ദിവ്യ പറയുന്നുണ്ട്. എന്നാൽ, ആ പരാതിയിൽ നവീൻ ബാബു അഴിമതി കാട്ടിയെന്ന ആരോപണമേ ഇല്ലെന്ന കുടുംബത്തിന്റെ വാദമാണ് കോടതി അംഗീകരിച്ചത്. പ്രശാന്തിന് ഈ നിരീക്ഷണം കുരുക്കാവുമെന്ന് ഉറപ്പാണ്. പ്രസംഗം ഒരാളെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉദ്ദേശിച്ചതല്ലെന്നും അതിനാൽ പ്രേരണാ കുറ്റം നിലനിൽക്കില്ലെന്നുമായിരുന്നു ദിവ്യയുടെ മറ്റൊരു വാദം.
എന്നാൽ പ്രസംഗവും അതേ തുടർന്നുണ്ടായ സംഭവങ്ങളുമാണ് മണിക്കൂറുകൾക്കുള്ളിൽ നവീന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന വസ്തുത ചൂണ്ടിക്കാട്ടി ആ വാദവും കോടതി തള്ളിക്കളഞ്ഞു. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്സസ് അരുൺ കുമാർ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് മുൻകൂർ ജാമ്യം നൽകുമ്പോള്‍ കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു.
വിചാരണ കോടതി വിധിയാണ് പിൽക്കാലത്ത് കേസിന്റെ മുന്നോട്ടുള്ള വഴിയിൽ നിർണായകമാകുന്നത് . ഇടമലയാർ കേസിൽ ആർ. ബാലകൃഷ്ണ പിള്ള ശിക്ഷിക്കപ്പെട്ടത് വിചാരണ കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചുകൊണ്ടാണ്. ഇതേ കേസ് ദിവ്യക്ക് ബാധകമാണ്. ദിവ്യയെ രക്ഷിക്കാനുള്ള ആയുധങ്ങളെല്ലാം സി.പി.എമ്മിന്റെ കൈയിൽ ഭദ്രമാണ്. അരുൺ കെ വിജയനെ ഉപയോഗിച്ച് രക്ഷപ്പെടാനാണ് സി.പി.എം. ശ്രമിക്കുന്നത്. പറ്റുമെങ്കിൽ ദിവ്യയെ കൂടി രക്ഷിക്കാൻ പാർട്ടി ശ്രമിക്കും. കാരണം നവീനിന്റെ മരണത്തിന് കാരണമായ പമ്പ് പ്രമുഖ സി പി എം നേതാക്കളുടെതാണ്. പമ്പ് ഉടമയായി അവതരിപ്പിച്ചയാൾ പമ്പരവിഡ്ഢിയാണെന്ന് ഇതിനകം തെളിഞ്ഞു കഴിഞ്ഞു.
സംഭവത്തെക്കുറിച്ച് പ്രശാന്തന്റെ വെളിപ്പെടുത്തലിങ്ങനെ. ''ഞാൻ 6 മാസമായിട്ട് എൻഒസിക്ക് വേണ്ടിയിട്ട് ഇവിടെ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം വെച്ച് എല്ലാ ആഴ്ചയും ഞാൻ എഡിഎമ്മിനെ കാണാൻ പോകുമായിരുന്നു. അപ്പോഴൊക്കെ ഫയൽ പഠിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടിരിക്കും. 3 മാസം കഴിഞ്ഞപ്പോൾ ഞാൻ പറഞ്ഞു, സാറിനത് തരാൻ പറ്റില്ലെങ്കിൽ സാറത് ക്യാൻസൽ ചെയ്തോളൂ. അല്ലെങ്കിൽ തരാൻ പറ്റില്ലെന്ന് എഴുതിക്കോളൂ. ബാക്കി ഞാൻ നോക്കിക്കൊള്ളാം എന്ന് പറഞ്ഞു. അപ്പോഴും പറഞ്ഞത് ഞാനിത് പഠിക്കട്ടെ, നോക്കട്ടെ എന്നാണ്. കഴിഞ്ഞ 5ാം തീയതി വൈകുന്നേരം ഞാനവിടെ പോയ സമയത്ത് എന്റെ ഫോൺ നമ്പർ ചോദിച്ചു. വാങ്ങി, ഞാൻ വിളിക്കാം എന്ന് പറഞ്ഞു.
ഞായറാഴ്ച രാവിലെ 11 മണിക്ക് എന്നെ വിളിച്ചിട്ട് പറഞ്ഞു. കണ്ണൂരേക്ക് വരണമെന്ന്. കൃഷ്ണമേനോൻ കോളേജിന്റെ അടുത്തേക്ക് വന്നാൽ മതിയെന്ന് പറഞ്ഞു. അവിടെയെത്തി ഞാൻ വീണ്ടും വിളിച്ചു. അപ്പോൾ റോഡിലേക്ക് വരാന്ന് പറഞ്ഞു. ഞങ്ങൾ രണ്ടുപേരും കൂടി വീട്ടിലേക്ക് പോയി. വീട്ടിൽവെച്ച് എന്നോട് ഒരു ലക്ഷം രൂപ തന്നാൽ മാത്രമേ ഇത് കിട്ടുകയുള്ളൂ എന്നും ഇല്ലെങ്കിൽ ഇത് എന്നെന്നേയ്ക്കുമായി ക്യാൻസലാകും എന്നും പറഞ്ഞു. അത് ചെയ്തിട്ടേ ഞാൻ പോകുകയുള്ളൂ എന്നും പറഞ്ഞു. എനിക്ക് വേറെ നിർവാഹമില്ലാത്തത് കൊണ്ട് ഞാൻ എവിടുന്നൊക്കെയോ പൈസ അഡ്ജസ്റ്റ് ചെയ്തു. ക്യാഷ് ആയിട്ടേ വാങ്ങുകയുള്ളൂ എന്നും പറഞ്ഞു. ജിപേയോ ബാങ്ക് ട്രാൻസ്ഫറോ പറ്റില്ലെന്നും പറഞ്ഞു. പൈസ അഡ്ജസ്റ്റ് ചെയ്ത് കുറച്ചു പൈസ കൊടുത്തു. അതിന് ശേഷം അദ്ദേഹം പറഞ്ഞു, ചൊവ്വാഴ്ച ഉച്ചക്ക് ശേഷം വന്നോളൂ, റെഡിയാക്കി വെക്കാം.
ചൊവ്വാഴ്ച തന്നെ എനിക്ക് എൻഒസി കിട്ടി. ഞാനിതിനെക്കുറിച്ച് പിപി ദിവ്യയോട് പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ദിവ്യയോട് പറഞ്ഞു, എൻഒസി തന്നു, പക്ഷേ അതിനൊപ്പം കാഷ് തന്നില്ലെങ്കിൽ നടക്കില്ലെന്ന് പറഞ്ഞു. കാശ് വാങ്ങിയെന്ന് പറഞ്ഞു. ദിവ്യ എന്നോട് മുഖ്യമന്ത്രിക്ക് കംപ്ലെയിന്റ് കൊടുക്കാൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി എഴുതി വാട്ട്സ്ആപ്പ് ചെയ്യുകയാണ് ചെയ്തത്.'' ടി വി പ്രശാന്തൻ പ്രതികരിച്ചു. പരാതിക്കാരനായ ടി വി പ്രശാന്തൻ സിപിഎം പാർട്ടി അംഗമാണ്. എകെജി സെന്റർ ഓഫീസ് സെക്രട്ടറിയുടെ ബന്ധുവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം പി വി ഗോപിനാഥനും ബന്ധുവാണ്. സി .പി.എം നേതാക്കൾക്ക് പെട്രോൾ പമ്പിന്റെ ഉടമസ്ഥതതയിൽ പങ്കാളിത്തമുണ്ടെന്ന വാർത്തകൾ ശരിവയ്ക്കുന്ന തരത്തിലാണ് സി.പി.എം. നേതാക്കൾ ദിവ്യക്ക് നൽകിയ പിന്തുണ.
നവീൻ ബാബുവിനെ ആരെങ്കിലും കൊന്ന് കെട്ടിതൂക്കിയതാവാം എന്ന സംശയത്തിലാണ് ഭാര്യയും മക്കളും ബന്ധുക്കളും ഉള്ളത്. നവീന് രാത്രി എന്തു എന്തു സംഭവിച്ചു എന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്താത്തതിൽ വീട്ടുകാർ സംശയാലുക്കളാണ്. അത്തരത്തിൽ അന്വേഷണം നടന്നാൽ അത് പാർട്ടിക്ക് കുരുക്കാവുമെന്ന് പോലീസ് കരുതുന്നുണ്ടാവാം. കണ്ണൂരിൽ പോലീസ് അനങ്ങണമെങ്കിൽ സി.പി എം ജില്ല സെക്രട്ടറി പറയണം ദിവ്യയെ അനുകൂലിച്ച് പി. ജയരാജനും ഇ.പി. ജയരാജനും രംഗത്ത് വരാത്തതും സംശയം ഉണർത്തുന്നു. കണ്ണൂരിലെ നേതാക്കളിൽ പലരും ദിവ്യക്കെതിരെ പരസ്യ പ്രതികരണം നടത്തിക്കഴിഞ്ഞു.ദിവ്യയുടെ പേരിൽ കണ്ണൂരിലെ സി.പി.എം രണ്ടായി തിരിഞ്ഞിരിക്കുകയാണ്.
നവീനിന്റേത് കൊലപാതകമാണെങ്കിൽ അക്കാര്യം പുറത്തു വരേണ്ടതാണ്. എന്നാൽ അക്കാര്യം പുറത്തുവരാത്ത തരത്തിൽ അടയ്ക്കുകയാണ് പോലീസ് ചെയ്യുന്നത്. നവീൻ ബാബുവിന്റെ വീട്ടുകാരെ പോലും ഇത്തരം ഒരു ആരോപണത്തിൽ നിന്നും പിൻവലിക്കാൻ ശ്രമം നടക്കുന്നുണ്ട്. നവീൻ ബാബുവിന് കാണിച്ചു തരാമെന്ന് പറഞ്ഞ ശേഷമാണ് ദിവ്യ മടങ്ങിയത്. ഇതെല്ലാം തെളിയണമെങ്കിൽ നവീനിന്റെ ഫോണും അദ്ദേഹം സഞ്ചരിച്ച വഴിയിലെ സി.സി. റ്റി.വി. ദ്യശ്യങ്ങളും കിട്ടണം. എന്നാൽ ഇതൊന്നും ഒരിക്കലും തെളിയില്ല. ഇനി ആത്മഹത്യയാണെങ്കിൽ തന്നെ അത് കൊലപാതകം പോലെയുള്ള ആത്മഹത്യയാണ്.
കണ്ണൂരിൽ മരിച്ചനിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റേത് സിപിഎം കുടുംബമാണ്. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസർമാരുടെ സംഘടനയിൽ അംഗങ്ങളാണ്. സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്ന് നവീൻ കാസർകോട്ടേക്ക് പോയി. അവിടെനിന്നാണ് മാസങ്ങൾക്കു മുൻപ് കണ്ണൂരിലെത്തിയത്.
ഇന്ത്യൻ ഭരണഘടനയുടെ 21-ാം വ്യവസ്ഥ അനുസരിച്ച് മാന്യമായും അന്തസോടെയും ജീവിക്കാനുള്ള അവകാശമാണ് നവീൻ ബാബുവിന് നിഷേധിക്കപ്പെട്ടത്.കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ചെങ്ങളായി ചേരൻമൂലയിലെ സ്ഥലത്ത് നിർദിഷ്ട പമ്പിന് എ.ഡി.എമ്മിന് അപേക്ഷ ലഭിച്ചത്. തുടർന്ന്, ഫയർഫോഴ്സ്, പൊലീസ്, തദ്ദേശസ്ഥാപനം, ടൗൺ പ്ലാനിങ് വിഭാഗം, തഹസിൽദാർ, സപ്ലൈ ഓഫിസർ എന്നിവരിൽ നിന്ന് എ.ഡി.എം റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, നിർദിഷ്ട സ്ഥലത്തെ വളവ് അപകടകരമാണെന്നും അനുമതി നൽകാൻ ആവില്ലെന്നുമായിരുന്നു പൊലീസ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.എം പെട്രോൾ പമ്പിന് അനുമതി വൈകിപ്പിച്ചത്.
എന്നാൽ, കടുത്ത രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് സ്ഥലം മാറി പോകുന്നതിന് ആറു ദിവസം മുമ്പ് എ.ഡി.എം പമ്പിന് അനുമതിപത്രം നൽകിയതെന്നാണ് സൂചന. ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ കോഴിക്കോട് ടെറിട്ടറി മാനേജരുടെ പേരിലാണ് അപേക്ഷയും അനുമതിപത്രവും നൽകിയത്.
പമ്പിന് അനുമതി നൽകരുതെന്ന പൊലീസ് റിപ്പോർട്ട് കൂടി പരാമർശിച്ചാണ് എ.ഡി.എം എൻ.ഒ.സി നൽകിയത്. എന്നാൽ, കൈക്കൂലിക്ക് വേണ്ടിയാണ് അനുമതി വൈകിപ്പിച്ചതെന്നായിരുന്നു പരാതിക്കാരനായ ടി.വി. പ്രശാന്തിന്റെ ആരോപണം. ഇത് പൂർണമായും തള്ളുന്നതാണ് എൻ.ഒ.സി റിപ്പോർട്ടിലെ പരാമർശം. അതിനിടെ, നവീൻ ബാബുവിനെതിരെ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ കൂടിയായ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്നവകാശപ്പെടുന്ന പരാതിയും വ്യാജമെന്നാണ് സൂചന. ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ അറിയിച്ചത്.
https://www.facebook.com/Malayalivartha