കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത്; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
മൂന്നു വര്‍ഷത്തിനു ശേഷമാണ് കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റിനും ആദായ നികുതി വകുപ്പിനും കത്തയച്ചിരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . 41 കോടി 40 ലക്ഷം രൂപ കുഴപ്പണമായി എത്തിയെന്നാണ് കത്തില്‍ പറയുന്നത്. തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ ഒന്‍പതര കോടി അതില്‍ ഒരു ഘടകം മാത്രമാണ്. 41 കോടി 40 ലക്ഷം വന്നത് ലഹര്‍ സിങ് സൊറായ എന്ന ആളില്‍ നിന്നാണ്.
എത്തിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ കയ്യിലേക്കും. രാജസ്ഥാനില്‍ വേരുകളുള്ള കര്‍ണാടകത്തിലെ എം.എല്‍.സിയും ഇപ്പോഴത്തെ രാജ്യസഭാ അംഗവുമായ ബി.ജെ.പിക്ക് പ്രിയപ്പെട്ട ബിസിനസുകാരനാണ് ലഹര്‍സിങ്. കുഴല്‍പ്പണത്തിന്റെ ഒരറ്റത്ത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റും മറ്റേ അറ്റത്ത് വ്യവസായിയും ബി.ജെ.പി നേതാവുമായ ആളും ആയതുകൊണ്ടാണ് ഒരു അന്വേഷണവും ഇല്ലാതെ ഇ.ഡിയും ആദായ നികുതി വകുപ്പും കേസ് പൂഴ്ത്തിയത് എന്നും വി ഡി സതീശൻ പറഞ്ഞു.
ഇത്തരം ഒരു സംഭവം ഉണ്ടായിട്ടും പോലും അതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ പോലും കേരളത്തിലെ സി.പി.എമ്മും പിണറായി വിജയനും തയാറായില്ലെന്നത് വിസ്മയിപ്പിക്കുന്നതാണ്. തെളിവുകളും മൊഴികളും ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന നിര്‍ബന്ധം പോലും സംസ്ഥാന സര്‍ക്കാരിനുണ്ടായില്ല. കേരളം മുഴുവന്‍ നടന്ന് ഡി.എന്‍.എ പരിശോധിക്കണമെന്ന് ഉള്‍പ്പെടെ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയെ അപമാനിച്ചു സംസാരിക്കുമ്പോഴും ബി.ജെ.പി നേതാക്കള്‍ക്കെതിരായ കുഴല്‍പ്പണ കേസ് പിണറായി വിജയന്‍ മൂടി വച്ചു. കേരളത്തിലെ സി.പി.എമ്മും കേരളത്തിലെ സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയാണ് കുഴല്‍പ്പണ കേസില്‍ ഒരു അന്വേഷണവും വേണ്ടെന്നു തീരുമാനിച്ചത് എന്നും വി ഡി സതീശൻ പറഞ്ഞു.
ഇപ്പോള്‍ ആരുടെ കണ്ണില്‍ പൊടിയിടാനാണ് പുനരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്? തിരൂര്‍ സതീഷ് വെളിപ്പെടുത്തിയ കാര്യങ്ങള്‍ കുറെക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ അന്ന് പൊലീസ് അന്വേഷിച്ച് കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും മൂന്നു വര്‍ഷം കഴിഞ്ഞ് പുനരന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് വേണ്ടിയാണ്. എല്ലാം അറിയാവുന്ന കാര്യത്തില്‍ മൂന്ന് വര്‍ഷത്തിനു ശേഷം എന്ത് പുനരന്വേഷണമാണ് നടത്തുന്നത്? പൂരം കലക്കി ആറു മാസത്തിനു ശേഷം ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് പോലെയാണ് ഇതും എന്നും വി ഡി സതീശൻ പറഞ്ഞു .
ആറു മാസം കഴിഞ്ഞാണോ ആംബുലന്‍സിലാണ് സുരേഷ് ഗോപി വന്നതെന്ന് ഇവരുടെ പൊലീസ് അറിയുന്നത്. മുന്നിലും പിന്നിലും പൊലീസുമായി, മന്ത്രിമാരോട് വരേണ്ടെന്നു പറഞ്ഞ സ്ഥലത്തേക്ക് സുരേഷ് ഗോപി ആംബുലന്‍സില്‍ സിനിമയില്‍ കാണുന്നതു പോലെ എത്തിയത് ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ കണ്ടതല്ലേ. എന്നിട്ട് ആറു മാസത്തിനു ശേഷം കേസെടുത്തത് ആരെ കബളിപ്പിക്കുന്നതിനു വേണ്ടിയാണ്? ആംബുലന്‍സില്‍ രോഗിയല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമാണെന്ന് അറിഞ്ഞിട്ടും എസ്‌കോര്‍ട്ടും പൈലറ്റും നല്‍കാന്‍ നിര്‍ദ്ദേശിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമോ എന്നും വി ഡി സതീശൻ ചോദിച്ചു
https://www.facebook.com/Malayalivartha