ഭയന്നാണ് പിണറായി ഭരിക്കുന്നത്; ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്; പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ബി.ജെ.പിയുടെ കേന്ദ്രമന്ത്രിയാണ് മുഖ്യമന്ത്രിയോട് ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് വെല്ലുവിളിച്ചത്. എന്നിട്ടും പ്രതിപക്ഷമല്ലാതെ സി.പി.എമ്മിലെ ആരെങ്കിലും അതിനെ ചോദ്യം ചെയ്‌തോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഭയന്നാണ് പിണറായി ഭരിക്കുന്നത്. വി.ഡി സതീശന്‍ കാപട്യക്കാരനാണെന്നും കുഴപ്പക്കാരനാണെന്നും നിയമസഭയില്‍ പറഞ്ഞ പിണറായി വിജയന്‍ അതില്‍ ഒരു വാക്കെങ്കിലും തന്തയ്ക്കു വിളിച്ച സുരേഷ് ഗോപിക്കെതിരെ പറഞ്ഞോ?
അതിനുള്ള ധൈര്യം പിണറായി വിജയനില്ല. ഒരു രാഷ്ട്രീയക്കാരനും ഒരാള്‍ക്കെതിരെയും അങ്ങനെ പറയാന്‍ പാടില്ല. അതുകൊണ്ടാണ് പൊലീസിന് പരാതി നല്‍കിയത്. ഞങ്ങള്‍ക്ക് വിഷമം ഉണ്ടായിട്ടും ഒരു സി.പി.എമ്മുകാരനും ഒരു വിഷമവും ഇല്ല. മരുമകന്‍ എന്തോ പറഞ്ഞെന്നു തോന്നുന്നു. അദ്ദേഹത്തിന് മാത്രമെ വിഷമമുള്ളൂ. എം.വി ഗോവിന്ദന്‍ എവിടെയായിരുന്നു. 24 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു സി.പി.എമ്മുകാരനും പരാതി ഇല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് പ്രതിപക്ഷം പ്രതികരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.
കുഴല്‍പ്പണ കേസിലും വി.ഡി സതീശനും സുധാകരനും ഇ.ഡി അന്വേഷണം ആവശ്യപ്പെട്ടില്ലെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞത് അദ്ദേഹം ടി.വി കാണുകയോ പത്രം വായിക്കുകയോ ചെയ്യാത്തതു കൊണ്ടാണ്. ആദ്യം പ്രതികരിച്ചത് ഞാനാണ്. സ്വന്തം പ്രസ്താവന മാത്രം വായിക്കാതെ ബാക്കിയുള്ളവര്‍ പറയുന്നത് കൂടി കേള്‍ക്കണം. ഗോവിന്ദനൊന്നും ഇതില്‍ ഒരു കാര്യവുമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോക്കസാണ് എല്ലാം നിയന്ത്രിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവിന്ദന് മറുപടി പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍ കുഴപ്പമെന്നാണ് മാധ്യമങ്ങള്‍ പറഞ്ഞത്. കോണ്‍ഗ്രസില്‍ ഒരു കുഴപ്പവുമില്ല. സി.പി.എമ്മിലും ബി.ജെ.പിയിലുമാണ് പ്രശ്‌നം. ബി.ജെ.പിയില്‍ ശോഭ സുരേന്ദ്രനെ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള കോക്കസിന് പിണറായി വിജയന്റെ പിന്തുണയുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ ആരോപണം. വനിതാ നേതാവിനെ പാര്‍ട്ടിയില്‍ നിര്‍ത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് അവര്‍ പറയുന്നത്. ശോഭ സുരേന്ദ്രനെ സ്വാഗതം ചെയ്ത് പാലക്കാട് സ്ഥാപിച്ച ബോര്‍ഡ് മറു വിഭാഗം കത്തിച്ചു കളഞ്ഞു. സി.പി.എം സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിന് എതിരെ കൊഴിഞ്ഞാമ്പാറയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ നൂറു പേര്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചു. ഇതൊക്കെ മാധ്യമങ്ങളും ശ്രദ്ധിക്കണം എന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha