മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു; തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി
തെരഞ്ഞടുപ്പു ദിവസം സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പിണറായി വിജയന്‍ വേട്ടയാടിയത് ഉപതെരഞ്ഞെടുപ്പ് ദിവസങ്ങളിലായിരുന്നു. വേങ്ങര ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കുകയും പാലാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പ് ഉമ്മന്‍ ചാണ്ടിയെ ഉള്‍പ്പെടുത്തി ടൈറ്റാനിയം കേസ് സിബിഐക്കു വിടുകയും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് സോളാര്‍ കേസ് സിബിഐക്കു വിടുകയും ചെയ്തത് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമാണ്. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതിന് കാലം നല്കുന്ന തിരിച്ചടിയാണ് ഇപി ജയരാജന്റെ പുസ്തക വിവാദം.കൊടുത്തത് തിരിച്ചുകിട്ടുമെന്ന പഴമൊഴി പോലെ ഇവിടെ പഴയതിനൊക്കെ സിപിഎമ്മിന് തിരിച്ചുകിട്ടുകയാണ്.
ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യം ദിനം പ്രതി കൂടുകയാണ്. സിപിഎമ്മിലും എല്‍ഡിഎഫിലും അമര്‍ഷവും പ്രതിഷേധവും ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്നു. അതിന് തെളിവാണ് ഇപ്പോഴത്തെ സംഭവം. ഇപി ജയരാന്‍ സിപിഎമ്മിന് അകത്ത് നില്‍ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നതാണ് ആത്മകഥയെന്ന രീതിയില്‍ പുറത്തുവന്ന പുസ്തകത്തിലെ വരികള്‍. ഇപി ജയരാജന്റെ ചാട്ടം ബിജെപിയിലേക്ക് ആവാനാണ് സാധ്യതയെന്നും കെ.സുധാകരന്‍ പറഞ്ഞു.
തന്റെ പേരിലുള്ള പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് ഇപി ജയരാജന്‍ പറയുന്നത് ശുദ്ധ അസംബന്ധമാണ്. ഈ വിഷയത്തില്‍ സിപിഎമ്മിന്റെയും ഇപിയുടെയും വിശദീകരണം യുക്തിസഹമല്ല. നിയമനടപടിയെ കുറിച്ചൊക്കെ പറയുന്നത് ജനത്തെ പറ്റിക്കാനാണ്. സിപിഎം നേതാക്കളുടെ വാക്കിലും പ്രവര്‍ത്തിയിലും സത്യസന്ധതയില്ല. ബന്ധുനിയമനത്തിലും വൈദേകം റിസോര്‍ട്ട് ഇടപാടിലും ജാവദേക്കര്‍ കൂടിക്കാഴ്ച്ചയിലും വിമാനത്തിലെ കയ്യേറ്റ ശ്രമത്തിലും ഇപി പറഞ്ഞതും പിന്നീടുള്ള യാഥാര്‍ത്ഥ്യവും നാം കണ്ടതും കേട്ടതുമാണ്.
ഡിസി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ ഡിസി ബുക്‌സ് കാര്യങ്ങള്‍ വിശദീകരിക്കണം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇപിയ്ക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. അതിന് പരിഹാരം കാണാതെ ഇപി നിശബ്ദനും തൃപ്തനുമാകില്ല. ഇപിയുടെ പ്രസ്താവന തെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha