ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം ; സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ നാവും ശബ്ദവുമാണ് എന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതില്‍ സി.പി.എമ്മിന് എന്തിനാണ് ഇത്ര സങ്കടം എന്നും അദ്ദേഹം ആരാഞ്ഞു . ഇ. ശ്രീധരന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിടിച്ച 50000 വോട്ട് ഇത്തവണ 39000 ആയി. ബി.ജെ.പി വോട്ട് ഗണ്യമായി കുറഞ്ഞു. അതില്‍ ബി.ജെ.പിക്കാരെക്കാള്‍ സങ്കടം സി.പി.എമ്മിനാണ്. അന്ന് ശ്രീധരന് കിട്ടിയ വോട്ടിന്റെ നല്ലൊരു ഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടി. അപ്പോള്‍ ഇ. ശ്രീധരന് കിട്ടിയത് എസ്.ഡി.പി.ഐയുടെയും ജമാഅത്ത് ഇസ്ലാമിയുടെയും വോട്ടായിരുന്നോ? ബി.ജെ.പിയുടെ വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.ശ്രീധരന് പിടിച്ചു. ആ വോട്ടില്‍ ഒരു നല്ല ഭാഗം ഇത്തവണ രാഹുല്‍ തിരിച്ചു പിടിച്ചു. അത് എങ്ങനെയാണ് എസ്.ഡി.പി.ഐയുടെ വോട്ടാകുന്നത് എന്നും അദ്ദേഹം ചോദിച്ചു .
സി.പി.എം വോട്ട് വര്‍ധിപ്പിച്ചു എന്നാണ് പറയുന്നത്. ആയിരം വോട്ട് പോലും കൂടിയിട്ടില്ല. 2021 ലെ വോട്ടര്‍ പട്ടികയെക്കാള്‍ 15000 വോട്ടാണ് ഈ വോട്ടര്‍പട്ടികയില്‍ പുതിയതായി ചേര്‍ത്തിരിക്കുന്നത്. അതില്‍ ഏഴായിരത്തോളം വോട്ട് ഞങ്ങള്‍ക്ക് കിട്ടി. മൂവായിരം വോട്ടെങ്കിലും സി.പി.എമ്മിന് ലഭിക്കേണ്ടേ? അതും കിട്ടിയില്ല. അതിന്റെ അര്‍ത്ഥം സി.പി.എം വോട്ട് 2021നേക്കാള്‍ താഴേയ്ക്ക് പോയി. 18874 വോട്ടിന് ജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയത് എസ്.ഡി.പി.ഐയുടെയും വെല്‍ഫയര്‍ പാര്‍ട്ടിയുടേയും വോട്ടാണെന്നു പറയുന്നത് ജനങ്ങളെ അപമാനിക്കലാണ് എന്നും അദ്ദേഹം പറഞ്ഞു . .
ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണയെ സ്വാഗതം ചെയ്തു കൊണ്ട് സി.പി.എം മുഖപത്രമായ ദേശാഭിമാനി 1996 ഏപ്രില്‍ 22 ന് എഡിറ്റോറിയല്‍ എഴുതിയിട്ടുണ്ട്. 30 വര്‍ഷമായി ജമാഅത്ത് ഇസ്ലാമി സി.പി.എമ്മിനൊപ്പമായിരുന്നു. പിണറായി വിജയന് ജമാഅത്ത് ഇസ്ലാമിയുടെ ആസ്ഥാനത്ത് വരെ പോയിട്ടുണ്ട്. എന്നിട്ടാണ് ജമാഅത്ത് ഇസ്ലാമി വര്‍ഗീയവാദികളാണെന്ന് ബി.ജെ.പിക്കൊപ്പം നിന്നു കൊണ്ട് സി.പി.എം പറയുന്നത്. ഈ പ്രചരണങ്ങളൊക്കെ പാലക്കാട് തകര്‍ന്നു പോയതാണ്. എന്നിട്ട് വീണ്ടും അതേ നറേറ്റീവുമായി മുന്നോട്ടു പോയാല്‍ 2026 ലും ഈ മഹാദുരന്തം സി.പി.എമ്മിനുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി
https://www.facebook.com/Malayalivartha