വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയത്; പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിന് ഉണ്ടായ മുന്നേറ്റം സിപിഎമ്മിനും ബിജെപിക്കും എതിരായ ജനങ്ങളുടെ കാഴ്ചപ്പാട് ആണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ എത്തി നിയുക്ത എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ അഭിവാദ്യം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ഉജ്ജ്വലമായ മുന്നേറ്റമാണ് അവിടുത്തെ ജനത നൽകിയിരിക്കുന്നത്. സിപിഎം ആകെപ്പാട് ആശ്വാസം കണ്ടെത്തുന്നത് ചേലക്കരയിലെ വിജയം ഉയർത്തിക്കാട്ടിയാണ്.
എന്നാൽ അവിടെയും വർഷങ്ങളിലെ മേൽക്കോയ്മ നിലനിർത്തുവാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ തവണകളിലെ വോട്ടുകൾ എവിടെപ്പോയെന്ന് അവർ വ്യക്തമാക്കണം. അതുപോലെതന്നെ പാലക്കാട് മണ്ഡലത്തിൽ ബിജെപിയുടെ വോട്ടുകൾ എവിടേക്കാണ് പോയത്..?. സിപിഎമ്മിന്റെ വോട്ടുകൾ എവിടേക്കാണ് പോയത്...?. ജനങ്ങൾ സിപിഎമ്മിനെയും ബിജെപിയെയും എത്രത്തോളം വെറുക്കുന്നു എന്നതിന്റെ തെളിവാണ് പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം. ജനാധിപത്യ ശക്തികളുടെ കരുത്താണ് തെരഞ്ഞെടുപ്പിൽ പ്രകടമായത്. ജനാധിപത്യ സംരക്ഷണത്തിന് മുന്നോട്ടുവന്ന മുഴുവൻ പേരെയും കെപിസിസി അഭിവാദ്യം ചെയ്യുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ കേരള രാഷ്ട്രീയത്തിൽ തിളങ്ങുക തന്നെ ചെയ്യും.
ശോഭനമായ ഭാവി അദ്ദേഹത്തിനുണ്ട്. ജനങ്ങൾ ഏറ്റെടുത്ത രാഹുലിനെ ജനങ്ങൾ തന്നെ സംരക്ഷിക്കുകയും ചെയ്യും. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച മുന്നേറ്റമാണ് ഇവിടെ ലഭിച്ചത്. തെരഞ്ഞെടുപ്പ് വിധി മനസ്സിലാക്കുവാനും തിരുത്തലുകൾ വരുത്തുവാനും രാഷ്ട്രീയ എതിരാളികൾ തയ്യാറാകണം. പിണറായി വിജയന്റെ ഭരണത്തിനെതിരായ തിരിച്ചടി കൂടിയാണ് ഈ ജനവിധി. പിണറായി വിജയനോടുള്ള അമർഷം കൊണ്ടാണ് സിപിഎം പ്രവർത്തകർ പാർട്ടിയിൽ തുടരുന്നത്.
പ്രവർത്തകരുടെ അമർഷവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടുണ്ട്. പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം ബിജെപിയിൽ ഇനിയും കൊഴിഞ്ഞുപോക്കിന് വഴിയൊരുക്കും. കെ സുരേന്ദ്രനോടും കൃഷ്ണകുമാറിനോടും എതിർപ്പുള്ളവർ ഇനിയും ബിജെപിയിൽ ഉണ്ട്. അവരെല്ലാം നേതൃത്വത്തിനെതിരെ രംഗത്തുവരും. മുഴുവൻ യുഡിഎഫ് പ്രവർത്തകരെയും വോട്ടറുന്മാരെയും അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha