പരിമിതിയെ മറികടക്കാന്‍ 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനത്തിലൂടെ സാധിക്കും; കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍
കേരളത്തെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനും സമ്പത്ത് വ്യവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്താനും 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയിലൂടെ കഴിയുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍. വൈജ്ഞാനിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വീടിനടുത്ത് തൊഴിലെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിമായി സര്‍ക്കാര്‍ ആരംഭിക്കുന്ന 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയുടെ സംസ്ഥാനതല നിര്‍മാണോദ്ഘാടനം കൊട്ടാരക്കര ബി.എസ്.എന്‍.എല്‍ കെട്ടിടത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കോവിഡ് കാലത്ത് പ്രത്യേകിച്ച് ഐ.ടി മേഖലയില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സൗകര്യം (വര്‍ക്ക് ഫ്രം ഹോം) നല്‍കുന്ന രീതി കൂടിയത്. തുടര്‍ന്നും ഈ രീതി പിന്തുടരുന്ന പ്രവണതയാണ്. എന്നാല്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പരിമിതിയെ മറികടക്കാന്‍ 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനത്തിലൂടെ സാധിക്കും. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ അടക്കമുള്ള സംരംഭങ്ങള്‍ക്കും, വിദൂരമായി ഇരുന്ന് ജോലികള്‍ ഏറ്റെടുത്ത് ചെയ്യുന്നതിന് വര്‍ക്ക് സ്പേസ് ശൃംഗല സ്ഥാപിക്കുകയാണ് ലക്ഷ്യം.
കോ-വര്‍ക്കിങ് സംസ്‌കാരം വളര്‍ത്താനും പദ്ധതി സഹായിക്കും. നിലവില്‍ 220 പേര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്ന വര്‍ക്ക് സ്റ്റേഷനാണ് സ്ഥാപിക്കുക. ഇതിനകം കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ആര്‍ ആന്‍ഡ് ഡി കേന്ദ്രം ആരംഭിച്ചു. 50,000 സ്‌ക്വയര്‍ ഫീറ്റുള്ള ഐ.ടി പാര്‍ക്കിനുള്ള അനുവാദമായി. ഇത്തരത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചാല്‍ ചുറ്റുപാടുമുള്ള ആവാസ വ്യവസ്ഥയും ഐ.ടി അനുബന്ധ മേഖലയായി വളരാന്‍ സഹായിക്കും. ഒരു വര്‍ഷത്തില്‍ 500 പേര്‍ക്കും അഞ്ചുവര്‍ഷത്തില്‍ ചുരുങ്ങിയത് 5000 പേര്‍ക്ക് ജോലി ചെയ്യാവുന്ന കേന്ദ്രമായി കൊട്ടാരക്കര മാറും. രാമനാട്ടുകരയിലും കളമശ്ശേരിയിലും 'വര്‍ക്ക് നിയര്‍ ഹോം' സംവിധാനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇതിന് കൊട്ടാരക്കര മികച്ച മാതൃകയാകും. കൊല്ലത്ത് പ്രധാന ഐ.ടി പാര്‍ക്ക് അനുബന്ധ മേഖല ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha