രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്‍റെ രാഷ്ട്രീയ വേലയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ
രക്ഷാദൗത്യത്തിന് വ്യോമസേന പണം ചോദിക്കുന്നത് കേരളത്തോടുള്ള വിവേചനമെന്ന പ്രചാരണം സിപിഎമ്മിന്‍റെ രാഷ്ട്രീയ വേലയെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രതിരോധ വകുപ്പിന്‍റെ സാധാരണ നടപടി ക്രമത്തെ വക്രീകരിക്കുകയാണ് മാർക്സിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് മുരളീധരൻ കോട്ടയത്ത് പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമായ ചട്ടമാണിത്. വ്യോമസേനയുടെ ബില്‍ കേരളം അടയ്ക്കേണ്ടി വരില്ല. ഇത് നീക്കുപോക്കുകൾ മാത്രമാണ്. വർഷങ്ങളായി വകുപ്പുകൾ തമ്മിൽ സേവനത്തിന്‍റെ ബില്ലുകൾ കൈമാറാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1970ലെ ആംഡ് ഫോഴ്സ് ആക്ട് പ്രകാരവും 1990ലെ ഗവൺമെന്‍റ് അക്കൌണ്ടിംഗ് റൂൾ പ്രകാരവുമുള്ള നടപടി മാത്രമാണിത്. നരേന്ദ്രമോദി അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ നിന്ന് നല്‍കുന്ന പണമല്ല, പൊതുഖജനാവിലെ പണമാണ്. ഭാവിയില്‍ അഴിമതി ആരോപണമടക്കം ഉണ്ടാകാതിരിക്കാന്‍ ചട്ടം പാലിച്ചേ മുന്നോട്ടുപോകാനാവൂ എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സർക്കാരിന്‍റെ ഔദ്യോഗിക നടപടിക്രമത്തെ വക്രീകരിച്ച് രാഷ്ട്രീയ വിവാദമുണ്ടാക്കുന്നവർ 1970 മുതൽ കേന്ദ്രം കേരളത്തെ ഞെരുക്കുകയാണോ എന്ന് വ്യക്തമാക്കണം. കേരളത്തില്‍ ഉത്സവങ്ങള്‍ക്ക് പൊലീസിനെ നിയോഗിച്ചാല്‍ ആഭ്യന്തരവകുപ്പ് ദേവസ്വം വകുപ്പിന് ബിൽ നല്‍കും. അത്തരമൊരു നടപടി മാത്രമാണിതെന്ന് അറിഞ്ഞിട്ടും സ്വന്തം വീഴ്ചമറക്കാൻ സിപിഎം തെറ്റിദ്ധരിപ്പിക്കുകയാണ്. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് അവസാനിപ്പിച്ച്, ദുരന്തബാധിതർക്ക് സഹായമെത്തിക്കുയാണ് പിണറായി വിജയൻ ചെയ്യേണ്ടതെന്നും വി.മുരളീധരൻ പറഞ്ഞു.
https://www.facebook.com/Malayalivartha