ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല; അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്; അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍. ചവിട്ടി നില്‍ക്കുന്ന മണ്ണിനേയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കി കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഇ ടി വാസുദേവൻനായർക്ക് അനുശോചനമറിയിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;- . മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞു നിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു.
മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തത് കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളത് നേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല. അങ്ങനെയുള്ളവരാണ് കാലത്തെ അതിജീവിക്കുന്നത്.
ആ പേനയില്‍ നിന്ന് 'ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍' ഉതിര്‍ന്ന് ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എം.ടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടത് കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാകുന്നു എം.ടി.
'നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്ക് പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല' - എന്ന് എം.ടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ത്ഥവത്താണ്. അത് ജീവിതം കൊണ്ട് തെളിഞ്ഞതുമാണ്. മനുഷ്യനേയും മനുഷ്യനേയും ചേര്‍ത്ത് നിര്‍ത്തിയ സ്‌നേഹ സ്പര്‍ശമായിരുന്നു എം.ടി .
അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാള്‍ കണ്‍മുന്നില്‍ കാണുന്ന നിളാ നദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്‌ക്കരിച്ച, ആത്മസംഘര്‍ഷങ്ങളും സങ്കടചുഴികളും നഷ്ട്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളും കടന്ന് മൗനത്തിന്റെ തീവ്രതയെ അളവു കോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു.
'വടക്കന്‍ വീരഗാഥ'യിലെ ചന്തുവിനെ കണ്ട ശേഷമാണ് വില്ലന്‍മാരെന്ന് സമൂഹം മുദ്രകുത്തിയവരെ കുറിച്ച് ഞാന്‍ മാറി ചിന്തിച്ച് തുടങ്ങിയത്. 'നിര്‍മ്മാല്യ'ത്തിലെ വെളിച്ചപ്പാട് ഭയപ്പെടുത്തി. 'സദയ'ത്തിലെ സത്യനാഥന്‍ എന്നെ അസ്വസ്ഥനാക്കി. 'സുകൃത'ത്തിലെ രവിശങ്കര്‍ നോവായി മനസില്‍ നിന്നു. 'പരിണയ'ത്തിലെ ഉണ്ണിമായ അന്തര്‍ജനത്തിന്റെ നിസഹായാവസ്ഥ പിടിച്ചുലച്ചു എന്നും പ്രതിപക്ഷ നേതാവ് കുറിച്ചു .
https://www.facebook.com/Malayalivartha