മൈതാനിയില്‍ പതാക ഉയര്‍ന്നു; സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് പാമ്പാടിയില്‍ തുടക്കമായി
സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് പാമ്പാടിയില്‍ തുടക്കമായി. നാളെ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററും 5ാം തീയതി നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും. ജില്ലയിലെ സംഘടനാ വിഷയങ്ങളും മുന്നണിയിലെ ഘടകകക്ഷി ബന്ധങ്ങളും തെരഞ്ഞെടുപ്പ് ഫലങ്ങളും അടക്കം സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാകും.
സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിന് പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പതാക ഉയര്‍ന്നു. വിവിധ ഏരിയാ കമ്മറ്റികളില്‍ നിന്നും പതാക, കൊടിമര, ബാനര്‍, ജാഥകള്‍ സമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നതിനെ തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ കെ എം രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് നാലുനാളുകള്‍ നീളുന്ന സമ്മേളനത്തിന് തുടക്കമായത്. പാമ്പാടി കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നാളെ രാവിലെ 09.30ന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
5 കേന്ദ്ര കമ്മറ്റിയംഗങ്ങള്‍, 5 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍, അടക്കം 289 പ്രതിനിധികള്‍ പങ്കെടുക്കും. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷം ജില്ലയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളും മുന്നണിയിലെ ഘടകകക്ഷി ബന്ധങ്ങളും ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ജില്ലാ സമ്മേളനത്തിന് ശേഷവും വിവിധ മേഖലകളില്‍ ജില്ലയില്‍ പാര്‍ട്ടി മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ചിട്ടുള്ളതായാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളും ജില്ലയില്‍ മികച്ച പൊതുജനാഭിപ്രായം വളര്‍ത്തിയെടുക്കുന്നതിന് സഹായകരമായി എന്നും ജില്ലാ നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
അതേസമയം പുതുപ്പള്ളി ഉപതെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ ദയനീയ തോല്‍വിയും വിജയ പ്രതീക്ഷയുണ്ടായിരുന്ന കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ സിറ്റിംഗ് എംപിയായിരുന്ന തോമസ് ചാഴികാടന്റെ തോല്‍വിയും അടക്കം വിവിധ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയങ്ങളാകും. കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്‌നങ്ങളും മുന്നണി ബന്ധത്തിലെ വിള്ളലുകളും ഒക്കെ കല്ലുകടിയ്ക്ക് ഇടയാക്കിയേക്കും. അതേസമയം മത്സരങ്ങളോ കാര്യമായ തര്‍ക്കങ്ങളോ ഇല്ലാതെ ലോക്കല്‍, ഏരിയാ സമ്മേളനങ്ങള്‍ പൂര്‍ത്തീകരിച്ചതിന്റെ ആശ്വാസം ജില്ലാ നേതൃത്വത്തിനുണ്ട്. നിലവിലെ ജില്ലാ സെക്രട്ടറി എ വി റസ്സല്‍ അടുത്ത ടേമിലും തുടര്‍ന്നേക്കുമെന്നാണ് സൂചനകള്‍. പ്രതിനിധി സമ്മേളനം 5-ാം തീയതി വരെ തുടരും. 5ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
https://www.facebook.com/Malayalivartha