സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ
സനാതന ധർമത്തിനെതിരായ വിവാദ പ്രസ്താവന പിൻവലിക്കാത്ത മുഖ്യമന്ത്രി ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യവ്യാപക പ്രതിഷേധം ഉയർന്നിട്ടും തിരുത്താൻ തയ്യാറാകാത്ത പിണറായിയുടെ നിലപാട് അംഗീകരിക്കാനാകില്ല.
കോടിക്കണക്കിനുപേർ പിന്തുടരുന്ന വിശ്വാസധാരയെ അശ്ലീലം എന്ന് വിശേഷിപ്പിക്കുക വഴി എംവി ഗോവിന്ദൻ ഹിന്ദുവിശ്വാസികളോടുള്ള അറപ്പും വെറുപ്പുമാണ് പ്രകടമാക്കിയിട്ടുള്ളത്. മതമൌലികവാദികളുടെ പിന്തുണയും വോട്ടും ലക്ഷ്യംവെച്ച് ദുഷ്ടലാക്കോടെ പ്രവർത്തിക്കുകയാണ് സിപിഎം നേതാക്കളെന്നും വി.മുരളീധരൻ പറഞ്ഞു.
ശബരിമലയിൽ ആചാരലംഘനത്തിന് പൊലീസ് കാവലേർപ്പെടുത്തിയ സിപിഎമ്മും സർക്കാരും അതേ മാനസികാവസ്ഥയിൽ തുടരുന്നുവെന്നതാണ് വ്യക്തമാകുന്നതെന്നും മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സനാതനധർമം രാജവാഴ്ചയെന്നും വർണ ജാതീയതയെന്നും ആക്ഷേപിക്കുന്നത് എന്ന് സിപിഎം വ്യക്തമാക്കണം. വിദ്യാഭ്യാസ സ്ഥാപനത്തിലടക്കം മുഖം മറച്ചുപോകുന്ന വിശ്വാസത്തെ ചോദ്യം ചെയ്യാൻ പിണറായിയും എംവി ഗോവിന്ദനും മുതിരാറില്ല. ഹൈന്ദവ സമൂഹത്തിന് നേരെ നിരന്തരമായി തുടരുന്ന അവഹേളനത്തിൽ നിന്ന് പിണറായി പിന്മാറണമെന്നും വി.മുരളീധരൻ കൊച്ചിയിൽ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha