ഏകാധിപതികളായ ഭരണാധികാരികൾ ദുരുപയോഗം ചെയ്യും; ഒരു ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ
ഒരു ജനാധിപത്യവാദി എന്ന നിലയിൽ നിർമിതബുദ്ധിയെ ആകുലതയോടെയാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഏകാധിപതികളായ ഭരണാധികാരികൾ അത് ദുരുപയോഗം ചെയ്യാനിടയുണ്ട്. സൂപ്പർ ഇന്റലിജെന്റ് എന്ന നിലയിലേക്ക് നിർമിത ബുദ്ധി കുതിക്കുമ്പോൾ അതുണ്ടാക്കുന്ന അപകടവും വലുതായിരിക്കും.
ജനാധിപത്യവാദികൾ തടവിലാക്കപ്പെടുന്ന സാഹചര്യം വരാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം ദിനം ടോക് സെഷനിൽ ഒരു ജനാധിപത്യവാദിയുടെ ആകുലതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യവിരുദ്ധരുടെ കൈയിലെ ആയുധം വിദ്വേഷം ആണ്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും പരസ്പരം ആശ്രയിച്ചു നിൽക്കുകയാണ്. ഇന്ത്യൻ മതേതരത്വം മതത്തിന്റെ നിരാസമല്ല, എല്ലാ മതങ്ങളുടേയും ഉൾച്ചേർക്കലിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
ഏകാധിപതികയുടെ കാലത്ത് മാധ്യമങ്ങൾ രാജകൊട്ടാര വിദൂഷകരായി മാറുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമം എന്നത് സാധ്യമല്ലാത്ത അവസ്ഥ രാജ്യത്ത് നിലനിൽക്കുന്നു. ജനാധിപത്യം വെല്ലുവിളിക്കപ്പെടുമ്പോൾ നിലയ്ക്കാത്ത പോരാട്ടം ഏറ്റെടുക്കുന്ന പോരാളികളായി മാറുകയാണ് നമ്മുടെ കർത്തവ്യമെന്നും അദ്ദേഹം പറഞ്ഞു.
സമ്പത്തിന്റെ കേന്ദ്രീകരണം വ്യക്തികളിലേക്കും സ്ഥാപനങ്ങളിലേക്കുമായി മാറുന്നു. ഭരണകൂടത്തിന്റെ പിന്തുണയോടെ അധികാരകേന്ദ്രങ്ങൾ സമ്പത്ത് വാരിക്കൂട്ടുന്നു. തൊഴിൽ നിയമങ്ങൾ തൊഴിലാളികൾക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കിൽ നിലവിൽ അത് മുതലാളിമാർക്ക് അനുകൂലമായി ഭേദഗതി ചെയ്യുന്നു.
അവകാശങ്ങളില്ലാത്ത തൊഴിലാളികളെ സൃഷ്ടിക്കാനാണ് ശ്രമം. ഭരണഘടനാ മൂല്യങ്ങളുടെ തകർച്ചയാണ് സംഭവിക്കുന്നത്. തോറ്റുകൊടുക്കാൻ തയ്യാറല്ലാത്ത, ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന സമൂഹമാകുക എന്നതാണ് നമ്മുടെ കർത്തവ്യമെന്നും വി ഡി സതീശൻ പറഞ്ഞു.
https://www.facebook.com/Malayalivartha