രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള അന്താരാഷ്ട്ര സംഗമം; നിക്ഷേപകരെ സ്വാഗതം ചെയ്യുകയും സംരംഭത്തിന് സർവ്വ വിജയവും ആശംസിക്കുകയും ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ

രണ്ട് ദിവസത്തെ ഇൻവെസ്റ്റ് കേരള അന്താരാഷ്ട്ര സംഗമത്തിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്യുകയും സംരംഭത്തിന് സർവ്വ വിജയവും ആശംസിക്കുകയും ചെയ്യുന്നതായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. അതേസമയം കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിക്കുമ്പോൾ കേരള സർക്കാർ അതിനനുസരിച്ച് മാറേണ്ടതുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. കേരളം 2011 മുതൽ നിരവധി നിക്ഷേപക സംഗമങ്ങൾ സംഘടിപ്പിച്ചു വരുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ സി.പി.എം, കോൺഗ്രസ് സർക്കാരുകൾ ഇത്തരത്തിൽ 6 മീറ്റുകളും 4 ലോക കേരള സഭകളുമെങ്കിലും സംഘടിപ്പിച്ചിട്ടുണ്ട് . പക്ഷേ ഇത്ര കാലത്തിന് ശേഷവും മാളുകൾ പണിയുന്നതൊഴികെ പുതിയ നിക്ഷേപങ്ങൾ വെറും പൂജ്യമാണ്. പുതിയ തൊഴിലവസരങ്ങളും അതേ അവസ്ഥയിലാണ്. കേരളത്തിലെ യുവാക്കളുടെ ഭാവി പ്രധാനമായും കേരളത്തിന് പുറത്ത് എന്ന അവസ്ഥയിലായി മാറി.
സിപിഎം, കോൺഗ്രസ് സർക്കാരുകൾ കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും നമ്മുടെ യുവാക്കളുടെ ഭാവിയെയും ബിസിനസ് വിരുദ്ധ സംസ്‌കാരവും അക്രമവും അഴിമതിയും കൊണ്ട് ഒരു പോലെ നശിപ്പിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വർഷങ്ങളായി മാറി മാറി ഭരിക്കുന്ന കോൺഗ്രസ്, ഇടതുപക്ഷ സർക്കാരുകൾ സാമ്പത്തിക കെടുകാര്യസ്ഥതയിൽ രാജ്യത്തെ ഏറ്റവും മോശമായ സംസ്ഥാനമാക്കി കേരളത്തെ മാറ്റിക്കഴിഞ്ഞു.
2016 നും 2023 നും ഇടയിൽ കേരളത്തിന് കോടികളുടെ സാമ്പത്തിക ബാദ്ധ്യതയും നഷ്ടമുവുമുണ്ടായെന്ന് ഇടതു സർക്കാർ തന്നെ സുപ്രീം കോടതിയിലും സമ്മതിച്ചിട്ടുള്ളതാണ്. 'ഇൻഡി' സഖ്യ പങ്കാളിയായ കോൺഗ്രസ് ഹിമാചൽ പ്രദേശിൻ്റെയും കർണാടകയുടെയും സമ്പദ്‌വ്യവസ്ഥയെ വികസനമില്ലായ്മയിലൂടെ നശിപ്പിച്ചതെങ്ങനെയെന്ന് നമുക്കറിയാം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി, കേരളത്തിൻ്റെ ആഗോള നിക്ഷേപക സംഗമങ്ങൾ കോൺഗ്രസിൻ്റെയും സിപിഎമ്മിൻ്റെയും കീഴിലുള്ള ഒരു രാഷ്ട്രീയ പരിപാടി മാത്രമായി മാറിയിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഇവയിൽ നിന്ന് പുതിയ നിക്ഷേപങ്ങളൊന്നുമുണ്ടായിട്ടില്ല.
പുത്തൻ തൊഴിലവസരങ്ങളൊന്നും യാഥാർത്ഥ്യമായിട്ടുമില്ല. സർക്കാർ ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്ന മലയാളി യുവാക്കളുടെ നിരാശക്കു നേരെ സംസ്ഥാനം നിരുത്തരവാദപരമായ നിസ്സംഗതയോടെയാണ് പെരുമാറുന്നത്. അത് മാറണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിക്ഷേപകർ എൻ്റെ മനോഹരമായ കേരള സംസ്ഥാനത്തേക്ക് കടന്നു വരണമെന്നും അതു വഴി യുവാക്കൾക്ക് കൂടുതൽ തൊഴിലും അവസരങ്ങളും ലഭിക്കണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ അത് കോൺഗ്രസിനോ സിപിഎമ്മിനോ കീഴിലാകാൻ സാധ്യത കുറവാണ്. ഈ അവസ്ഥ മാറണം. കേരളത്തിന് വലിയ തോതിൽ നിക്ഷേപവും വികസനവും അവസരങ്ങളും ലഭിക്കാൻ ഏറെ സാദ്ധ്യതകളുണ്ട്. എന്നാലതിന് രാഷ്ട്രീയത്തിനതീതമായി സംസ്ഥാന സർക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദി അവലംബിക്കുന്ന കാര്യക്ഷമതയുടെ രാഷ്ട്രീയം കേരളത്തിലും യാഥാർത്ഥ്യമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha