ആശമാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സെക്രട്ടറിയേറ്റ് ഇടിഞ്ഞുവീഴില്ല; സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍

സമരം ചെയ്യുന്ന ആശവര്‍ക്കര്‍മാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആശമാര്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ സെക്രട്ടറിയേറ്റ് ഇടിഞ്ഞുവീഴില്ല. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും വണ്ടി വാങ്ങാൻ കോടികള്‍ മാറ്റി വയ്ക്കുന്നവരാണ് ഹോണറേറിയവും ക്ഷേമപെൻഷനും നൽകാൻ ഇല്ലെന്ന് വിശദീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഉണ്ടുറങ്ങി കഴിയുന്ന കെ വി തോമസാണോ രാപ്പകൽ സമരം നടത്തുന്ന പാവപ്പെട്ട സ്ത്രീകളാണോ പ്രധാനമെന്ന് പിണറായി വ്യക്തമാക്കണം. ആശാവർക്കർമാരുടെ സമരപ്പന്തൽ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം .
ആരോഗ്യരംഗത്തു കേരളത്തെ നമ്പർ വൺ ആക്കിയത് ആശാവർക്കർമാരെന്നത് മുഖ്യമന്ത്രി മറക്കരുതെന്നും വി മുരളീധരൻ പറഞ്ഞു. ആശ വർക്കർമാരുടെ സമരത്തിലും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സർക്കാർ നീക്കം.
രാജ്യത്ത് ആശമാരുടെ ഹോണറേറിയം ഉയര്‍ത്തിയത് ഒന്നാം നരേന്ദ്രമോദി സര്‍ക്കാരാണ്. ആശ വര്‍ക്കര്‍മാരെ ആയുഷ്മാന്‍ഭാരത് ഇന്‍ഷുറന്‍സിന് കീഴില്‍ കൊണ്ടുവന്നതും എന്‍ഡിഎ സര്‍ക്കാരാണ്. ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ 2023–24 ല്‍ 189.15 കോടിയും 2024–25 ലെ 815.73 കോടിയും കേരളത്തിന് കേന്ദ്രം കൊടുത്തു കഴിഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha